കൊച്ചി: വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനേത്തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പുതിയ ചിത്രം 'ഭാരത സർക്കസി'ന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം.
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. ദുബായ് എമിഗ്രേഷൻ അധികൃതർ ഷൈനിനെ തടഞ്ഞു വയ്ക്കുകയും ചെയ്തു.

എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈൻ കയറാൻ ശ്രമിച്ചത്. തൊട്ടുപിന്നാലെ സംഭവത്തിൽ ക്യാബിൻ ക്രൂ ഇടപെട്ട് ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, നടൻ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടർന്ന് നടനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.

ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടനെ തടഞ്ഞുവെച്ചു. കുഴപ്പമുണ്ടാക്കാനായിരുന്നില്ല, തമാശയ്ക്കായിരുന്നു താൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതെന്ന് ഷൈൻ ടോം ചാക്കോ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന് നടന്ന പരിശോധനയിൽ ഷൈൻ വിജയിച്ചു. അയാൾ ലഹരി ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഇതേതുടർന്ന് സഹോദരിക്ക് ഒപ്പം പിറ്റേന്നാണ് അയാൾ നാട്ടിലേക്ക് തിരിച്ചത്. തലേന്ന് ഉറങ്ങാത്തിനാൽ വിമാനത്തിൽ കിടന്ന് ഉറങ്ങിയതും, കാബിൻ ക്രൂ അത് അനുവദിക്കാത്തിനാൽ, വാതിൽ തുറന്നപ്പോൾ കോക്ക്പിറ്റ് ആയിപ്പോയതാണെന്നുമൊക്കെ ചിത്രത്തിന്റെ അണിയറ ശിൽപ്പികളും പറഞ്ഞിരുന്നു.

വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് കോക്പിറ്റിൽ കയറിയതെന്നാണ് സംഭവത്തെ പറ്റി ഷൈന്റെ വിശദീകരണം കൗമുദി മൂവീസിന് നൽകിയ ഇന്റർവ്യൂവിലായിരുന്നു വിവാദത്തെ കുറിച്ച് താരത്തിന്റെ പ്രതികരണം.'ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാൻ പോയത്. ഒരു കുഴലിൽ കൂടി കയറ്റി സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, എനിക്ക് വല്യ ഉറപ്പൊന്നുമില്ല. ഇത്രേം കനമുള്ള സാധനമാണോ പൊന്തിക്കുന്നത്. കാർ തന്നെ ഓടിക്കാൻ മടിയല്ലേ, പിന്നെയല്ലേ ഫ്‌ളൈറ്റ്. ഇതൊക്കെ ഇവർ ഓടിക്കുന്നുണ്ടോ എന്ന് നമ്മൾ ചെക്ക് ചെയ്യണ്ടേ.'

പിന്നീട് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം നൽകിയതോടെയാണ് താരത്തിനെതിരെ എയർ ഇന്ത്യ നിയമനടപടി സ്വീകരിക്കാതിരുന്നത്. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ താരത്തെ ബന്ധുക്കൾക്കൊപ്പം മടക്കി അയക്കുകയായിരുന്നു.