- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കഞ്ഞീടെ വില എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത് ബിനുച്ചായന്‍ ആശുപത്രീല്‍ കിടന്നപ്പോഴാണ്; അവസാന നിമിഷം വരെയും പൊരുതുകയായിരുന്നു; വിട്ടുകൊടുക്കുകേലാ, എന്നുപറഞ്ഞോണ്ടിരുന്ന ഇച്ചായനാ, അതാ പ്രസ്ഥാനവും മനസ്സിലാക്കി: അടൂരിലെ കോണ്‍ഗ്രസ് നേതാവ് എസ്. ബിനുവിന്റെ സംസ്‌കാര ശുശ്രൂഷയില്‍ ഭാര്യ ഷൈനിയുടെ ഉള്ളുലയ്ക്കുന്ന വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എസ്. ബിനുവിന്റെ സംസ്‌കാര ശുശ്രൂഷയില്‍ ഭാര്യ ഷൈനിയുടെ ഉള്ളുലയ്ക്കുന്ന വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അടൂര്‍: വന്നവരോടും കൂടിയവരോടും ഉള്ള വെറും നന്ദി വാക്കുകളായിരുന്നില്ല അത്. ഉള്ളില്‍ നിന്നും ആര്‍ദ്രതയോടെ ഒഴുകി വന്ന വാക്കുകളായിരുന്നു. തന്റെ പ്രിയപ്പെട്ടവന്‍ ജീവനറ്റ് കിടക്കുമ്പോള്‍ അദ്ദേഹവും താനും വിശ്വസിച്ച് നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറിന്റെ ഉള്ളൊഴുക്കായിരുന്നു. കോണ്‍ഗ്രസിന്റെ സൈബറിടങ്ങളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലാകെ പരക്കുകയാണ് ഏഴുദിവസം മുമ്പ് അന്തരിച്ച അടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.ബിനുവിന്റെ(49) ഭാര്യ ഷൈനി ജേക്കബ് സംസ്‌കാര ശുശ്രൂഷയില്‍ നന്ദിസൂചകമായി പറഞ്ഞ വാക്കുകള്‍.
അടൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറായിരുന്ന ബിനു അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. കാന്‍സറിനോട് അവസാന നിമിഷം വരെയും പൊരുതിയ ബിനുവിന്റെ ഓര്‍മകളില്‍ ഷൈനിയുടെ വാക്കുകള്‍ ഇടറി. എങ്കിലും ആ പോരാട്ടം മനസ്സിലാക്കിയ പ്രസ്ഥാനത്തോടുള്ള നന്ദിയും വാക്കുകളില്‍ നിറഞ്ഞു. രോഗത്തോട് മല്ലിടുമ്പോള്‍, സഹായത്തിനായി എത്തിയ ഊരും പേരും അറിയാത്തവരെയും ഷൈനി ഓര്‍മ്മിച്ചു.
നെടുമണ്‍ ഗവ.ഹൈസ്‌കൂളില്‍ അദ്ധ്യാപികയാണ് ഷൈനി.
ഷൈനിയുടെ വാക്കുകള്‍ ഇങ്ങനെ
'ആദ്യമായി എന്റെ ബിനുച്ചായന്‍ നെഞ്ചോട് ചേര്‍ത്തുവച്ച പ്രസ്ഥാനം..അവസാന സമയത്ത് വച്ചായാലും അംഗീകാരമായി കൊടുത്ത പേര്. ധീരനായ പോരാളി. അവസാന നിമിഷം വരെയും പൊരുതുകയായിരുന്നു. വിട്ടുകൊടുക്കുകേല. പിടിച്ചുനില്‍ക്കും എന്നുപറഞ്ഞോണ്ടിരുന്ന ഇച്ചായനാ. അതാ പ്രസ്ഥാനവും മനസ്സിലാക്കി എന്നുള്ളത് ഒരുപാട് നന്ദി.
പല സമയത്തും പതറി പോയിട്ടുണ്ട്. എന്തുചെയ്യണം, ആരെ വിളിക്കണം എന്നൊന്നും എനിക്ക് അറിയത്തില്ല. രാഷ്ട്രീയപരമായി ഒന്നും അല്ലാതെ, ഒരുവിവരവും ഇല്ലാത്തയാളാണ് ഞാന്‍. ഇച്ചായന്‍ രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞപ്പോള്‍ പോലും എനിക്ക് വിശ്വസിക്കാന്‍ പറ്റത്തില്ല, അംഗീകരിക്കാനും പാടായിരുന്നു. ബിനുച്ചായന്‍ എന്നെ മാറ്റിയതാണോ, ഞാന്‍ മാറിയതാണോ എനിക്കറിയില്ല. എന്റെ നെഞ്ചോട് ചേര്‍ന്നിരിക്കുന്നത് ഈ പ്രസ്ഥാനമാണ്. കാരണം ഒരുപാടുണ്ട്.
ഇച്ചായന് തോന്നിയപ്പോള്‍ പലരെയും വിളിക്കാന്‍ പറഞ്ഞു. പിന്നെ പിന്നെ ഞാന്‍ ഓരോരുത്തരെ വിളിക്കുകയായിരുന്നു. എനിക്കറിയില്ല, അവസാന സമയത്ത്, മധുസാറ് ...പറഞ്ഞില്ലെങ്കില്‍, എന്റെ ബിനുച്ചായന്‍ എന്നോട് പൊറുക്കുകില്ല, ബിനുച്ചായന്‍ അറിഞ്ഞിട്ടില്ല.എന്റെ കൂടെപ്പിറപ്പാണെന്ന് ബിനുച്ചായന്‍ പറഞ്ഞു.എന്റെ സഹോദരന്‍ ആണെന്ന് മധുസാര്‍ പറഞ്ഞു. പക്ഷേ എനിക്ക് എന്റെ അപ്പനെ പോലെ തോന്നി. അവസാന നിമിഷം ഞാന്‍ പിടിച്ചു നിന്നത്, സാര്‍ എന്റെ കൂടെ വന്ന് നിന്നത് കൊണ്ടാണ്.
എനിക്കറിയില്ല, ഇത് പറഞ്ഞ് മുഴുമിപ്പിക്കാനാകുമോന്ന്..അറിയുന്നവരും അറിയാത്തവരും ഒരുപാട് സഹായിച്ചു. കഞ്ഞീടെ വില എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത് ബിനുച്ചായന്‍ ആശുപത്രീല്‍ കിടന്നപ്പോഴാണ്. വീട്ടില്‍ നിന്നുണ്ടാക്കിയ വേവിച്ച കഞ്ഞി കുടിക്കണം രണ്ടുനേരോം. അതിന് ഞാന്‍ ആരെയൊക്കെ വിളിച്ചു. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് എനിക്ക് ആള്‍ക്കാര് കൊണ്ടുതന്നിട്ടുണ്ട്. ചില സമയത്ത് എന്തു ചെയ്യണമെന്ന് അറിയാത്തപ്പോ..എനിക്ക് പേരുപോലും അറിയത്തില്ല..വിളിച്ചിട്ടുണ്ട്..ബ്ലഡ് ആയിരുന്നു ഏറ്റവും വലിയ വിഷയം. ഒരുപാടുപേരെ രാത്രി മുഴുവന്‍ കുത്തിയിരുന്ന് വിളിക്കും. മുപ്പതും നാപ്പതും പേരെയാ ഒരുദിവസം വിളിക്കുന്നെ. വരുന്നത് എത്ര പേരാ...ആരാ വന്നതെന്ന് പോലും എനിക്കറിയില്ല. കഴിഞ്ഞ ദിവസം കൂടി എനിക്കൊരുപാട് സന്തോഷമായി ബ്ലഡ് കൊടുക്കാന്‍ പറ്റിയതെന്ന് പറഞ്ഞ് വിളിച്ച പയ്യന്മാരുണ്ട്. ആരാണന്ന് പോലും എനിക്കറിയില്ല.'
പറക്കോട് തേവലപ്പുറത്ത് വീട്ടില്‍ എസ്. ബിനു ഡിസിസി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കെഎസ്യു ജില്ലാ സെക്രട്ടറി, അടൂര്‍ താലൂക്ക് പ്രസിഡന്റ്, എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സേവാദള്‍ അടൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍, പറക്കോട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്നുപ്രാവശ്യം അടൂര്‍ നഗര സഭ കൗണ്‍സിലറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി.
23വയസില്‍ ലോ അക്കാദമിയില്‍ പഠിക്കുമ്പോള്‍ അടൂര്‍ നഗര സഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി. പറക്കോട് സര്‍വീസ് സഹഹരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മെമ്പര്‍, യാക്കോബാ സഭയുടെ യുവജന വിഭാഗം നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പല സമരങ്ങളിലും സിപിഎം ന്റെ മര്‍ദ്ദനം ഏറ്റുവാങ്ങി ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. പി സി വിഷ്ണു നാഥ്, മാത്യു കുഴല്‍ നാടന്‍, എം .ലിജു ,എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് ഒപ്പം ലോ കോളേജില്‍ പഠിച്ചിട്ടുണ്ട്.