കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 യില്‍നിന്നുള്ള ഇന്ധനനീക്കം മന്ദഗതിയില്‍ തുടരുന്നത് പ്രതിസന്ധിയാകുന്നു. സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഒഴിഞ്ഞ ടാങ്കിലേക്ക് പൈപ്പ് ഉപയോഗിച്ചാണു ഇന്ധനം നീക്കുന്നത്. ഇതിന് വേഗത കുറവാണ്. കപ്പല്‍ മുങ്ങിയിട്ട് മൂന്നു മാസമായതിനാല്‍ ഇന്ധനം തണുത്തുറഞ്ഞു. കൊച്ചിയില്‍നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) അകലെ അറബിക്കടലില്‍ മേയ് 24നാണ് ചരക്കുകപ്പല്‍ ചെരിഞ്ഞത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു വരുന്നതിനിടെയായിരുന്നു അപകടം. 640 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിനുപിന്നാലെ 60ഓളം കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി. ഇതു ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു.

കപ്പലപകടവും ഇതിനു തൊട്ടുപിന്നാലെ ട്രോളിംഗ് നിരോധനവും എത്തിയത് മത്സ്യമേഖലയ്ക്കു തിരിച്ചടിയായി. ട്രോളിംഗ് നിരോധനശേഷം വിവിധ ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ക്ക് പുറംകടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകള്‍ വെല്ലുവിളിയായി. ആഴക്കടലില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെയ്നറുകളും അവശിഷ്ടങ്ങളും ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ വല ഉപയോഗിച്ചു മീന്‍ പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കടലില്‍. ഇത് മത്സ്യ തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വേണ്ട ഇടപെടല്‍ പ്രശ്‌ന പരിഹാരത്തിന് കപ്പല്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇത് വ്യാപക പരാതിയായി മാറുന്നു. ഇന്ധന നീക്കം അതിവേഗമാക്കാന്‍ സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍ അനിവാര്യതയാണ്.

ചെറിയ അളവില്‍ ദ്രാവകാവസ്ഥയില്‍ അവശേഷിച്ചിരുന്ന ഇന്ധനമാണു നീക്കം ചെയ്യാനായിട്ടുള്ളത്. തണുത്തുറഞ്ഞ ഇന്ധനം ദ്രാവകാവസ്ഥയിലാക്കാന്‍ ഇന്ധന ടാങ്കിന്റെ പുറംഭാഗം ചെറുതായി ചൂടാക്കാനുള്ള ശ്രമവും നടക്കുന്നു. ഇന്ധനം പൂര്‍ണമായും വീണ്ടെടുത്തശേഷമാകും കപ്പലിലെ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുക. കപ്പല്‍ ഉയര്‍ത്താനും പദ്ധതിയുണ്ട്. എന്നാല്‍ ഇതിനെല്ലാം മാസങ്ങള്‍ എടുത്തേക്കും. അപകടത്തില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കപ്പല്‍ ക്യാപ്റ്റനടക്കമുളള ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ടു കോസ്റ്റല്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പു കളില്‍നിന്നുള്ള റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭിക്കുന്ന മുറയ്ക്കാകും തുടരന്വേഷണം.

എംഎസ്സി എല്‍സ 3 കപ്പല്‍ കേരളതീരത്ത് മുങ്ങിയതിനെത്തുടര്‍ന്ന് 9531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അഡ്മിറാലിറ്റി സ്യൂട്ട് (കപ്പലപകടങ്ങള്‍ ഉണ്ടാകുന്‌പോള്‍ പരിസ്ഥിതി, മത്സ്യബന്ധനം, വാണിജ്യ മേഖലകളിലുണ്ടാകുന്ന നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ടു നല്‍കുന്നത്) ഹൈക്കോടതി വിശദവാദത്തിനു മാറ്റിയിട്ടുണ്ട്. പരിസ്ഥിതി, സാമ്പത്തിക മേഖലകളില്‍ ഉള്‍പ്പെടെയുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടിയാണു സംസ്ഥാനസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ഹര്‍ജിയെത്തുടര്‍ന്ന് സെക്യൂരിറ്റിയായി എംഎസ്സി അകിറ്റേറ്റ 2 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞിട്ടു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവും അതുവരെ നീട്ടി.

സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തുക യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്ന വാദമുന്നയിച്ചാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബാധകമായ നിയമങ്ങള്‍ പ്രകാരം 12.27 കോടിയുടെ നഷ്ടപരിഹാരം മാത്രമേ നല്‍കേണ്ടതുള്ളൂവെന്നാണു കമ്പനിയുടെ നിലപാട്. കപ്പല്‍ കമ്പനി നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ച ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹക്കീം ഹര്‍ജി സെപ്റ്റംബര്‍ 16 ലേക്കു മാറ്റി.