- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസ്സം; ബുള്ളറ്റ് ടാങ്കറുകളെ പോലെ അര്‍ജുന്റെ ലോറി ഒഴുകി നടക്കാന്‍ സാധ്യത വിരളം
ബംഗ്ലൂരു: ഷിരൂരില്‍ ദുരന്തത്തിന്റെ സ്ഥിതിഗതി വ്യക്തമായി വിലയിരുത്തുന്നതില്‍ സംഭവിച്ച ഗുരുതരവീഴ്ച പുഴയിലേക്കുള്ള അന്വേഷണം വൈകിപ്പിച്ചു. കുന്നിനു താഴ്വരയില് തന്നെയാണ് ലോറി നിര്ത്തിയിട്ടിരിക്കുകയെങ്കിലും കുന്നിടിഞ്ഞു താഴേക്കു വീണപ്പോള്‍ അതോടൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത ഏറെയായിരുന്നു. കുന്നും പുഴയും ചേര്‍ന്നു കിടക്കുന്ന ഷിരൂര്‍ കുന്ന് ഗംഗാവലി നദീ ഭൂപ്രകൃതി കാണുമ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ പുഴയിലേക്കു വീണു മണ്ണിനടിയിലാവാനുള്ള സാധ്യത പരിശോധിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
കാണാതായ ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കിട്ടിയപ്പോള്‍ ലോറിയെ ആ രീതിയില്‍ കണ്ടെത്തിയില്ല. ബുള്ളറ്റ് ടാങ്കറുകളെ പോലെ അര്‍ജുന്റെ ലോറി ഒഴുകി നടക്കാന്‍ സാധ്യത വിരളമായിരുന്നു. ഉരുളന്‍ തടികള്‍ കുറുകെ കയറ്റി കെട്ടി മുറുക്കിയതാണ് ഈ വാഹനത്തിലെ ലോഡ്. 200 മീറ്റര്‍ ഉയരത്തില്‍നിന്ന് ടണ്‍ കണക്കിനു മണ്ണ് ഇടിഞ്ഞു വീണപ്പോള്‍ അതിനൊപ്പം ലോറിയും പുഴയില്‍ അകപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇവിടെ നിര്‍ത്തിയിട്ടിരുന്ന 2 ടാങ്കറുകളും നേരെ പുഴയിലേക്കാണ് വീണത്. ഇതിലൊന്ന് 7 കിലോ മീറ്റര്‍ അകലെ ഒഴുകി നടക്കുന്ന രീതിയിലാണ് കിട്ടിയത്.
നിറയെ മരത്തടി കയറ്റിയ അര്ജുന് ഓടിച്ച ലോറിക്ക് ഭാരക്കൂടുതലുള്ളതിനാല്‍ പുഴയില്‍ ഒഴുകി നീങ്ങാനുള്ള സാഹചര്യമില്ല. അതിനാല്‍ നേരേ മണ്ണിനടിയിലേക്കു താഴ്ന്നിരിക്കാനാണു സാധ്യത. കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോള്‍ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചു കയറിയിരുന്നു. ഇത്രയേറെ നദിയെ പ്രകമ്പനം കൊള്ളിച്ച മണ്ണിടിച്ചിലിനാണ് ഷിരൂര്‍ സാക്ഷ്യം വഹിച്ചത്. അതിനാല്‍ പുഴയില്‍ ഒന്നിലേറെ വാഹനങ്ങള്‍ അകപ്പെട്ടിരിക്കാനുള്ള സാധ്യതയും ഉണ്ട്.
കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാര്‍ സിഗ്നലും ലഭിച്ചതും നിര്‍ണായകമാണ്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്നല്‍ കിട്ടിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍.
കണ്ടെത്തിയ രണ്ടു സിഗ്നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചില്‍. സൈന്യം റഡാറുകളും സെന്‍സറുകളും ഉപയോഗിച്ച് ഗംഗാവലിപ്പുഴയില്‍ തിരച്ചില്‍ തുടരുന്നുണ്ട്. 16ന് രാവിലെ 8.30ന് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്.
റഡാര്‍ പരിശോധനയില്‍ പുഴയില്‍നിന്ന് ചില സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഇന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.