ഷിരൂരില്‍ കാണാതായ ഒരാളുടെ മൃതദേഹം പൊങ്ങിയത് ഗോകര്‍ണ്ണത്ത്; ഷിരൂര്‍ സ്ഥിര അപകട മേഖല; മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ നിര്‍മ്മാണം
- Share
- Tweet
- Telegram
- LinkedIniiiii
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ സ്ത്രീയുടെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയിലാണ് മൃതദേഹം കണ്ടത്. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്ന് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഡിഎന്‍എ പരിശോധനയിലൂടെ ആരുടേതാണ് മൃതദേഹമെന്ന് ഉറപ്പിക്കും. കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി.
പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ സ്ത്രീകളില്‍ ഒരാളാണ് സന്ന ഹനുമന്തപ്പ. മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരില്‍ ഒരാളാണ് ഇവര്‍. ഉത്തര കന്നഡയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള അന്വേഷണം രാവിലെ തുടങ്ങി.
അങ്കോളയും കേരളവും തമ്മില്‍ 700 കിലോമീറ്റര്‍ അകലമുണ്ട്. എന്‍ എച്ച് 66 ദേശീയ പാതയാണ് രണ്ട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നത്. ഇവിടെ വെച്ചാണ് അര്‍ജുനെ കാണാതാവുന്നതും. ഈ പ്രദേശത്ത് ആദ്യമായല്ല മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍വാറില്‍ സമാന രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2009 ഓക്ടോബറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 19 പേര് മരിക്കുകയും 5 വീട് തകരുകയും ചെയ്തു. മഴക്കാലമായാല്‍ ഈ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് പതിവാണ്.
2024 ജൂലായ് 26നുണ്ടായ മണ്ണിടിച്ചിലില്‍ 7 പേരാണ് മരിച്ചത്. ദേശീയപാത 66-ലെ അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. ഈ മണ്‍സൂണ്‍ കാലത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് 10 പേര് ഇതിനോടകം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സ്ഥിരീകരണം വന്നിരുന്നു. കനത്ത മഴയില്‍ മല ഇടിഞ്ഞ് വെളളവും മണ്ണും കുത്തിയൊലിച്ച് റോഡില്‍ വീണത് ഏതാണ്ട് പൂര്‍ണമായും നീക്കി.
ഇതോടെയാണ് കരയില്‍ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ തെരച്ചില്‍ ഗംഗാവാലി പുഴയിലോട്ട് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. കരസേനയുടെയും നാവിക സേനയുടെയും സംഘങ്ങള്‍ പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. വലിയ നദിയായ ഗംഗാവാലി പുഴയ്ക്ക് മലയിടിഞ്ഞ ഭാഗങ്ങളില്‍ 250 മീറ്റര്‍ വരെ വീതിയുണ്ട്. ആഴം 25 മീറ്ററുമുണ്ട്. മലയിടിഞ്ഞ് റോഡും കടന്ന് പുഴയിലേക്ക് മണ്ണിടിഞ്ഞ് ചില മണ്‍തിട്ടകള്‍ പുഴയില്‍ രൂപപ്പെട്ടിട്ടുണ്ട്. മീറ്റര്‍ കണക്കിന് ഉയരമുളള മണകൂനകളാണ് രൂപപ്പെട്ടിട്ടുളളത്. ഇവിടെയാണ് ഡിങ്കി ബോട്ടുകളിലെത്തി സൈന്യം തെരച്ചില്‍ പ്രവര്‍ത്തനം നടത്തുന്നത്.
പുഴ കുത്തിയൊഴുകുന്നത് തെരച്ചിലിന് വെല്ലുവിളിയാണ്. അതിനിടെ അപകടസ്ഥലത്ത് നിന്ന് ഒലിച്ച് പോയ ടാങ്കര്‍ ലോറി ഏഴ് കിലോമീറ്റര്‍ അകലെ പുഴയില്‍ നിന്നും വലിച്ചു കയറ്റുന്ന രണ്ട് ദിവസം മുമ്പുളള ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.