ഷിരൂര്‍: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിവസവും തുടരുന്നതിനിടെ സ്ഥലത്ത് നിന്നുള്ള റഡാറിന്റെ സിഗ്‌നല്‍ മാപ് പുറത്തുവന്നു. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്‌നല്‍ കിട്ടിയത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവികസേന പരിശോധന നടത്തുന്നത്.

ഷിരൂരെ മലയിടിഞ്ഞ് വീണ സ്ഥലത്തെ സിഗ്‌നല്‍ കിട്ടിയ പ്രദേശത്തെ സിഗ്‌നല്‍ മാപ് ചെയ്തതാണ് ഇത്. എന്‍ ഐ ടി സൂറത് കലിലെ വിദഗ്ധര്‍ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്. മണ്ണ് ഇടിഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാല്‍ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.

20 ടണ്‍ ഭാരമുള്ള ലോറിയാണ് അര്‍ജുന്റേത്. മല മുകളില്‍ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇടിഞ്ഞിറങ്ങിയിട്ടുണ്ട്. അതിന്റെ ആഘാതം പരിശോധിച്ചാല്‍ ഇത്ര ഭാരമുള്ള ലോറി ഇപ്പോഴുള്ള കരയില്‍ നിന്ന് 40 മീറ്ററോളം അകലത്തില്‍ ആകാം. അവിടെ നിന്നാണ് സിഗ്‌നലുകളും ലഭിച്ചിരിക്കുന്നത്. സിഗ്‌നല്‍, മണ്ണിടിഞ്ഞിറങ്ങിയതിന്റെ ആഘാതം -ഇത് രണ്ടും പരിശോധിച്ച് ഉണ്ടാക്കിയ ഏകദേശ സിഗ്‌നല്‍ മാപ് ആണിത്. സിഗ്‌നല്‍ ലഭിച്ച ഇടം അര്‍ജുന്റെ ലോറി തന്നെയാണെങ്കില്‍, ഏതാണ്ട് ലോറി കിടക്കാനുള്ള സാധ്യതയാണ് കടും ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഗംഗാവലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടികിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബോറിങ് യന്ത്രം ഉപയോഗിച്ച് ആഴത്തില്‍ തുരന്നുള്ള പരിശോധനയും പുരോഗമിക്കുകയാണ്.

കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നലത്തെ തെരച്ചിലിന്റെ അവസാനമാണ് സൈന്യം സ്ഥിരീകരിച്ചത്. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. തെരച്ചില്‍ ഏഴു ദിവസം പിന്നിട്ടിട്ടും അര്‍ജുനെ കാണാത്തതില്‍ വലിയ നിരാശയിലാണ് കുടുംബം.

അതേസമയം പ്രതീക്ഷ പകര്‍ന്ന് സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപ്പെടല്‍. വിഷയം ഗാരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. നിലവിലെ സ്ഥിതി അറിയിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച തന്നെ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹര്‍ജി പരിഗണിച്ചത്. കോടതി ഇടപ്പെടല്‍ തിരച്ചിലിന് ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.