തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി. ആന്റോ ആഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിനെ കുറിച്ച് അറിഞ്ഞ് ഞാന്‍ അവിടെ പോയി. ആരുമില്ലാത്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നത് കൊണ്ടാണ് അതു ചെയ്തത്. അന്ന് മുതല്‍ ചില മുതലാളിമാര്‍ തനിക്ക് എതിരായെന്നും ശോഭ പറഞ്ഞു. റിപ്പോര്‍ട്ട ടിവി ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തിന് ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ മറുപടി പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതയായ ശോഭാ സുരേന്ദ്രന്‍ കടന്നാക്രമണമാണ് നടത്തിയത്. ദുര്‍ഗ്ഗയെ പോലെ ഇരിക്കാന്‍ മാത്രമല്ല കാളിയെ പോലെ ആകാനും തനിക്ക് കഴിയുമെന്ന മുന്നറിയിപ്പും ശോഭാ സുരേന്ദ്രന്‍ നല്‍കി. ആരോപണങ്ങളോട് റിപ്പോര്‍ട്ടര്‍ ടിവി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം.

കൊടകര ആരോപണത്തിന് കാരണക്കാരനായ തിരൂര്‍ സതീഷിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് കൊടുക്കും. ബിജെപി മുന്‍ നേതാവ് ശ്രീശന്‍ അടിയാട്ടിനും തനിക്കെതിരായ ആരോപണത്തില്‍ പങ്കുണ്ട്. താന്‍ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ പോയതിന് തെളിവുണ്ടെങ്കില്‍ അതയാള്‍ പുറത്തുവിടട്ടേയെന്നും ശോഭ പറഞ്ഞു. ആന്റോ പറഞ്ഞത് 500 തവണ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി എന്നാണ്. 500 പോയിട്ട് അഞ്ച് തവണയെങ്കിലും പോയതിന്റെ തെളിവുകള്‍ കാണിക്കാനാവുമോ എന്തുകൊണ്ട് പ്രമോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിനെ ഞാന്‍ വിളിച്ചു എന്ന് പറഞ്ഞു. ഏത് നമ്പറില്‍ നിന്നാണെന്നും ആ ഫോണ്‍ കാണിക്കാന്‍ തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു. ഇതിനൊപ്പം ആന്റോയ്‌ക്കെതിരെ ഗുരുതര ആരോപണവും ശോഭ ഉയര്‍ത്തി. റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും 24 ന്യൂസിനും വാര്‍ത്താ സമ്മേളനം കവര്‍ ചെയ്യാന്‍ ശോഭ അനുമതിയും നല്‍കിയിരുന്നില്ല.

ഏതെങ്കിലും ഒരു ഹോട്ടലില്‍ എനിക്ക് മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ ആന്റോ അഗസ്റ്റിന്‍ തയ്യാറാകണം. മലപ്പുറത്ത് വ്യാജ ബലാല്‍സംഗം കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ കൊടുത്ത് പൊലീസിനെതിരെ മൊഴി കൊടുപ്പിച്ചു. താന്‍ ആന്റോയ്ക്ക് ഇട്ടിട്ടുള്ള പേര് മരംകൊത്തി എന്നാണ്. മാംഗോ ഫോണിന്റെ പേരിലും കോടിക്കണക്കിന് രൂപ ആന്റോ തട്ടി. മലപ്പുറത്ത് നിരവധി കേസുകള്‍ ഉണ്ട്. ആന്റോ തന്നെ കാണാന്‍ വന്നത് ബിജെപിയിലേക്ക് ഒരു പാസ് വേണം എന്ന് പറഞ്ഞാണ് . തന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരു മാധ്യമം കയ്യിലുണ്ടെന്ന് കരുതി തന്തക്ക് പിറക്കാത്ത സ്വഭാവവുമായി തന്റെ നേര്‍ക്കു വരരുത്. 24 ലും റിപ്പോര്‍ട്ടര്‍ ചാനലിലും തന്റെ മുഖം കാണിക്കാന്‍ പാടില്ലെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്റോ അഗസ്റ്റിനെ മരംകൊത്തിയെന്ന് വിളിക്കുകയും ചെയ്തു ശോഭ സുരേന്ദ്രന്‍.

സതീഷിന്റെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തുവിട്ട ഫോട്ടോ തന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണെന്നും സതീഷിന്റെ വീടിന്റെ ഉള്‍ഭാഗമല്ലെന്നും ശോഭ വ്യക്തമാക്കി. സഹോദരിയുടെ വീട്ടിലെ അതേ കര്‍ട്ടന്‍ അതേ സോഫ സതീഷ് അയാളുടെ വീട്ടില്‍ ഉണ്ടാക്കിയെടുത്തതാണ്. ഫോട്ടോയില്‍ സ്വിച്ച് ബോര്‍ഡ് എഡിറ്റ് ചെയ്തു കയറ്റിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലിലെ മുറി ശോഭാസുരേന്ദ്രനുവേണ്ടി ആന്റോ അഗസ്റ്റിന്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍ണമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രസ്തുത ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ തന്നെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ച് താന്‍ ചാനല്‍ മേധാവിയെ വിളിച്ചെന്ന ആരോപണവും ശോഭ നിഷേധിച്ചു. വിളിച്ച നമ്പര്‍, സമയം, ദിവസം എന്നിവ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്റോ തന്നെ സമീപിച്ചെന്നും ശോഭ ആരോപണം ഉന്നയിച്ചു.

പരാതി പറയാനെത്തിയ വീട്ടമ്മയെ മലപ്പുറത്തെ പോലീസുദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ശോഭ പറഞ്ഞു. ആന്റോ അഗസ്റ്റിന്‍ അതിജീവിതയ്ക്ക് 10 ലക്ഷം കൊടുത്താണ് അവരില്‍നിന്ന് പരാതി വാങ്ങിയത്. വയനാട് പുനരധിവാസത്തിന്റെ മറവില്‍ ആന്റോ വന്‍ തട്ടിപ്പ് നടത്തി. ആദിവാസികളില്‍നിന്ന് 500 ഏക്കര്‍ തട്ടിയെടുത്തു. അതില്‍നിന്നാണ് 150 ഏക്കര്‍ പുനരധിവാസത്തിന് നല്‍കാന്‍ തയാറായത്. അത് സ്വീകരിച്ചാല്‍ ബാക്കിയുള്ള 350 ഏക്കറിന് കരം അടച്ചുകിട്ടും. ഈ കുബുദ്ധിയാണ് ഭൂമി വിട്ടുനല്‍കാനുള്ള നീക്കത്തിന് പിന്നിലെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

മാംഗോ ഫോണിന്റെ പേരിലും ആന്റോ കോടികളുടെ തട്ടിപ്പ് നടത്തി. സച്ചിനെയും അമിതാഭ് ബച്ചനെയും അവരറിയാതെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഹോട്ടല്‍ വസ്തു ഇടപാടുകളും ദുരൂഹമാണ്. ഇതില്‍ ഗോഗുലം ഗോപാലന്റെ പങ്കും അന്വേഷിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. തിരൂര്‍ സതീഷ് പുറത്തുവിട്ടത് തന്റെ സഹോദരിയുടെ വീട്ടില്‍വച്ച് എടുത്ത ഫോട്ടോയാണെന്നും ശോഭ അവകാശപ്പെട്ടു. അസുഖബാധിതയായ തന്റെ അമ്മയെ കാണാന്‍ എത്തിയപ്പോഴുള്ള ഫോട്ടോയാണ്. ആ ഫോട്ടോയ്ക്ക് ഒന്നരവര്‍ഷത്തെ പഴക്കമുണ്ടെന്നും ശോഭ പറഞ്ഞു.