വാഷിങ്ടണ്‍: ഇന്നലെ വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള വാക്പോര് നാല്‍പ്പത് മിനിട്ടോളമാണ് നീണ്ടു നിന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ കൊണ്ടാണ് സെലന്‍സ്‌കി പന്താടുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ നിന്ന ഉടന്‍ പിന്‍മാറണമെന്ന ട്രംപിന്റെ ആവശ്യം സെലന്‍സ്‌കി നിരസിച്ചതിനെ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ട്രംപ് ആക്രോശിച്ചു കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയതും. മൂന്നാം ലോകമഹായുദ്ധത്തിന് സെലന്‍സ്‌കി കോപ്പ് കൂട്ടുകയാണെന്നും ഇത്

രാജ്യത്തിന് തന്നെ അപമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി വേണമെന്നാവശ്യപ്പെട്ട ട്രംപ് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നിങ്ങളുടെ ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുകയാണെന്നും പറഞ്ഞു. നിങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ ആവശ്യമില്ലെങ്കില്‍ ഞങ്ങള്‍ക്കും അത് ആവശ്യമില്ലെന്ന് പറഞ്ഞു.

ഇതിന് തിരിച്ചടിയായി ഞങ്ങളുടെ രാജ്യത്ത് അതിക്രമച്ച് കയറിയ ഒരു കൊലയാളിയുമായി ഒരു തരത്തിലും ഉളള ഒത്തുതീര്‍പ്പിന്

തയ്യാറല്ലെന്ന് പറഞ്ഞു. റഷ്യയുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അമേരിക്ക സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുമെന്നും ട്രംപ് ഭീഷണി മുഴക്കി. ട്രംപിന് തൊട്ടടുത്തിരുന്ന അമേരിക്കയുടെ വൈസ് പ്രസിഡന്റായ ജെ.ഡി.വാന്‍സും സെലന്‍സ്‌കിയെ രൂക്ഷമായി വിമര്‍ശിച്ചു. സെലന്‍സ്‌കി ബഹുമാനമി്ല്ലാതെ പെരുമാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് മറുപടിയായി സെലന്‍സ്‌കി കഴിഞ്ഞ മൂന്ന് വര്‍ഷമായി റഷ്യ അതിക്രൂരമായിട്ടാണ് യുക്രൈന്‍ ജനതയോട് പെരുമാറുന്നതെന്നും കുട്ടികളെ പോലും തട്ടിക്കൊണ്ട് പോയതായും പറഞ്ഞു. ചര്‍ച്ചയുടെ അവസാനം തര്‍ക്കം മൂത്തപ്പോള്‍ ട്രംപ് ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. നേരത്തേ റഷ്യയുമായി വിവിധ കാര്യങ്ങളില്‍ ധാരണയുണ്ടായിരുന്ന കാര്യം സെലന്‍സ്‌കി ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊക്കെ വേരേ വ്യക്തികള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡനെയോ ഒബാമയേയോ പുട്ടിന്‍ ബഹുമാനിച്ചിരുന്നില്ലെന്നും എന്നാല്‍ തന്നെ ബഹുമാനം ആണെന്നും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസില്‍ കയറിയിരുന്ന് അഹങ്കാരം പറയുന്നോ ഞാന്‍ പറയുന്നിടത്ത് ഒപ്പടുക അല്ലെങ്കില്‍ നശിക്കാന്‍ തയ്യാറാകുക എന്ന രീതിയിലായിരുന്നു ചര്‍ച്ചയില്‍ ഉടനീളം ട്രംപ് നിലപാട് സ്വീകരിച്ചത്. ട്രംപും ജെ..ഡി. വാന്‍സും അങ്ങേയറ്റം മര്യാദകെട്ട രീതിയില്‍ തന്നെയാണ് യുക്രൈന്‍ പ്രസിഡന്റിനെ നിര്‍ത്തി പൊരിച്ചത്. എന്നാല്‍ ട്രംപിനെ വാക്കുകള്‍ കൊണ്ട അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞത് സെലന്‍സ്‌കിക്കും നേട്ടമായി മാറി.

അതേസമയം ട്രംപും സെലന്‍സ്‌കിയും നടത്തിയ കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരില്‍ കലാശിച്ചതിന് പിന്നാലെ സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തു വന്നതും ശ്രദ്ധേയമായി. എന്നാല്‍ സെലന്‍സ്‌കിക്ക് കിട്ടേണ്ടത് കിട്ടി എന്നായിരുന്നു റഷ്യയുടെ പ്രതികരണം.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ധാതുകരാറില്‍ ഒപ്പുവെക്കാതെ സെലന്‍സ്‌കി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്. സെലന്‍സ്‌കി മടങ്ങിയതിന് പിന്നാലെ അദ്ദേഹം അമേരിക്കയെ അനാദരിച്ചെന്ന ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.

നല്ല സമയത്തും പരീക്ഷണഘട്ടത്തിലും യുക്രൈനൊപ്പം നിലയുറപ്പിക്കുമെന്ന് നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എക്‌സിലൂടെ വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന ചാന്‍സ്ലര്‍ ഒലാഫ് ഷോള്‍സും യുക്രൈന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയേയും യൂറോപ്പിനെയും യുക്രൈന് എല്ലാ കാലത്തും ആശ്രയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും യുക്രൈനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരേയൊരു ആക്രമണകാരിയേ ഉള്ളൂ, അത് റഷ്യയാണ്. അക്രമിക്കപ്പെടുന്ന ഒരു ജനതയേ ഉള്ളൂ അത് യുക്രൈനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും സെലന്‍സ്‌കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈന്‍ ജനതയുടെ ധീരത പ്രകടമാക്കുന്നതാണ് താങ്കളുടെ കുലീനമായ പെരുമാറ്റമ. ശക്തനായി നിലകൊള്ളുക, ധീരനും ഭയരഹിതനും ആയിരിക്കുക - അവര്‍ എക്‌സില്‍കുറിച്ചു. യുക്രൈന്‍ ജനത എല്ലാലവും നിലനില്‍ക്കുന്ന സമാധാനം കൈവരിക്കുന്നതുവരെ ആ രാജ്യത്തിനൊപ്പം നിലകൊള്ളുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. യുക്രൈനിലെ പ്രധാനമന്ത്രിയും പാര്‍ലമെന്റ് സ്പീക്കറും അടക്കമുള്ളവരും സെലന്‍സ്‌കിയെ പിന്തുണച്ചിട്ടുണ്ട്.

പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലെന ബര്‍ബോക്ക്, അയര്‍ലാന്‍ഡ് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ടി.ഡി, സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഓഫീസ്, എസ്റ്റോണിയയുടെ വിദേശകാര്യമന്ത്രി, ഡച്ച് വിദേശകാര്യമന്ത്രി, നോര്‍വീജിയന്‍ പ്രധാനമന്ത്രി, ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് എന്നിവര്‍ യുക്രൈനെ പിന്തുണച്ച് എക്സില്‍ പോസ്റ്റുകളിട്ടു. യുക്രൈനിലെ നേതാക്കള്‍ സെലന്‍സ്‌കിയ പിന്തുണച്ച് രംഗത്തെത്തി.