- Home
- /
- News
- /
- SPECIAL REPORT
കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവച്ചത് ക്രിമിനല്‍ കുറ്റം; അന്‍വറിനെതിരെ കേസെടുക്കണമെന്ന് ഷോണ്‍ ജോര്‍ജ്ജും; ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ച് പി.സിയുടെ മകന്റെ തന്ത്രപരമായ നീക്കം
ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ച് പി.സിയുടെ മകന്റെ തന്ത്രപരമായ നീക്കം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇമെയില്‍ വഴി ഡിജിപിക്കാണ് പരാതി നല്‍കിയത്. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കുറ്റകൃത്യങ്ങളേപ്പറ്റി അറിവുണ്ടായിട്ടും കോടതിയെയോ പോലീസിനെയോ സമീപിക്കാത്ത എംഎല്‍എയുടെ നടപടി കുറ്റകൃത്യമാണെന്നാണ് ഷോണ്‍ വിശദീകരിക്കുന്നത്.
ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പോലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആരോപിക്കുന്നു. ബിഎന്‍എസ് 239 പ്രകാരം അന്‍വറിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഈ ആവശ്യം പോലീസ് തെള്ളിയാല്‍ ഷോണ്‍ കോടതിയെ സമീപിച്ചേക്കും. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ ഈ നീക്കം ഇടതു കേന്ദ്രങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചതാണ് ഇതിന് കാരണം.
എം.ആര്‍.അജിത് കുമാറിനെതിരെ ആദ്യഘട്ടത്തില്‍ രഹസ്യാന്വേഷണം നടത്താന്‍ ഡിജിപിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ തീരുമാനിച്ചിരുന്നു. മാധ്യമങ്ങളിലൂടെ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളും അന്വേഷിക്കും. അന്‍വറില്‍ നിന്നും മൊഴിയെടുക്കുന്നത് ആദ്യഘട്ട അന്വേഷണത്തിനു ശേഷം മാത്രം മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. എഡിജിപി ക്കെതിരായ അന്വേഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി ഡിജിപി അന്വേഷണ സംഘാംഗങ്ങളുടെ ആദ്യ യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ഷോണ്‍ ജോര്‍ജിന്റെ നിര്‍ണ്ണായക നീക്കം.
അന്‍വറിന്റെ വെളിപ്പെടുത്തലില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം മ്രുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട് എന്നതാണ് ഒരു ആരോപണം. ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്) പ്രവര്‍ത്തിക്കുന്നത് സ്വര്‍ണ്ണക്കടത്ത് ലോബിയുമായി ചേര്‍ന്നാണെന്നും അന്‍വര്‍ ആരോപിക്കുന്നു. മറുനാടന്‍ മലയാളിയില്‍ നിന്നും അജിത് കുമാര്‍ രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണവും അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് കാണാതായ മാമി എന്ന ആട്ടൂര്‍ മുഹമ്മദിനെ കൊന്നു കളഞ്ഞു എന്നാണ് കരുതുന്നതെന്നും അത് ചെയ്യിച്ചത് അജിത് കുമാറാണെന്നും പിവി അന്‍വര്‍ പറഞ്ഞു. കൊല്ലുകയും കൊല്ലിക്കുകയും ആത്മഹത്യ ചെയ്യിക്കുകയും ചെയ്തയാളാണ് അജിത്കുമാര്‍. തിരുവനന്തപുരം കവടിയാറില്‍ അജിത് കുമാര്‍ കോടികള്‍ ചെലവിട്ട് കൊട്ടാരസമാനമായ വീട് പണിയുന്നു എന്നതാണ് പിവി അന്‍വര്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. കവടിയാര്‍ കൊട്ടരത്തിനടുത്ത് 10 സെന്റ് സ്ഥലം അജിത് കുമാര്‍ സ്വന്തം പേരിലും 12 സെന്റ് സ്ഥലം അളിയന്റെ പേരിലുമായി സ്വന്തമാക്കിയിരിക്കുകയാണ്. കവടിയാര്‍ കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷം മുതല്‍ 75 ലക്ഷം വരെ വില വരുമെന്നും ആരോപിച്ചിരുന്നു.
സോളാര്‍ കേസ് അജിത് കുമാര്‍ അട്ടിമറിച്ചെന്ന ആരോപണവും അന്‍വര്‍ ഉന്നയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ സംഭാഷണവും അന്‍വര്‍ പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നെന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്. അജിത് കുമാര്‍ തൃശ്ശൂര്‍ പൂരം കലക്കിയെന്നതാണ് പിവി അന്‍വര്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. സമാന്തര ഇന്റലിജന്‍സ് സംവിധാനം സൃഷ്ടിച്ചെടുത്താണ് അജിത് കുമാര്‍ പോലീസിനെ ഭരിക്കുന്നതെന്നും പറഞ്ഞു.
ഡിജിപിയെ നോക്കുകുത്തിയാക്കിയാണ് അജിത് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്‍വര്‍ ആരോപിക്കുന്നു. സമാന്തര ഇന്റലിജന്‍സ് സംവിധാനം സൃഷ്ടിച്ചിരിക്കുകയാണെന്ന ആരോപണം പോലീസ് അസോസിയേഷനിലും ഉയര്‍ന്നിട്ടുണ്ട്. പോലീസുകാരെ നിരീക്ഷിക്കാന്‍ ഈ ഇന്റലിജന്‍സ് സംവിധാനം അജിത് കുമാര്‍ ഉപയോഗിക്കുന്നു. പത്തനംതിട്ട എസ്പി സുജിത് ദാസ് കരിപ്പൂര്‍ വഴിയെത്തുന്ന സ്വര്‍ണം തട്ടിയെടുത്തെന്ന ആരോപണവും അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം വളരെ നേരത്തെ തനിക്ക് അറിയാമെന്നാണ് അന്‍വര്‍ പറയുന്നത്.