പത്തനംതിട്ട: സിപിഎം നേതാക്കളും പെരുനാട് പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് ആത്മഹത്യയിലേക്ക് നയിച്ച റാന്നി പെരുനാട് മേലേതിൽ ബാബുവിന്റെ കുടുംബത്തിന് താൽക്കാലിക ആശ്വാസം. സിപിഎമ്മും ജില്ലാ കമ്മറ്റിയംഗം പ്രസിഡന്റായിരിക്കുന്ന പഞ്ചായത്ത കമ്മറ്റിയും ചേർന്ന് ബാബുവിന്റെ ഭൂമി കൈയേറുന്നത് തടഞ്ഞു കൊണ്ട് കോടതി ഉത്തരവ്. ഭൂമിക്ക് സംരക്ഷണം നൽകാൻ റാന്നി മുൻസിഫ് കോടതി ഉത്തരവിട്ടു. ബാബു ആത്മഹത്യ ചെയ്യുന്നതിന് മുൻപ് തന്നെ ഭാര്യ ടി.ജി.കുസുമകുമാരി നൽകിയ ഹർജിയിലാണ് കോടതി കഴിഞ്ഞ ഏഴിന് ഉത്തരവിട്ടത്.

സെപ്റ്റംബർ 25 നാണ് വീടിന് സമീപമുള്ള പള്ളിയുടെ വക സ്ഥലത്തെ മരത്തിൽ ബാബു തൂങ്ങി മരിച്ചത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, വാർഡ് അംഗം എം.എസ്. ശ്യാം, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ് എന്നിവർ കാരണമാണ് താൻ ജീവനൊടുക്കുന്നതെന്ന് കുറിപ്പെഴുതി വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മൂന്നു പേർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടിയിരുന്നു. എന്നാൽ, പൊലീസ് ചെറുവിരൽ പോലും അനക്കിയിട്ടില്ല. റാന്നി ഡിവൈ.എസ്‌പി ജി. സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല.

ആത്മഹത്യ വിവാദമായപ്പോൾ ആ സ്ഥലം പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ ഒക്ടോബർ മാസം ആദ്യം നടന്ന പഞ്ചായത്ത് കമ്മറ്റിയിൽ തർക്കസ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിനും അവിടെ ടോയ്ലറ്റ് സമുച്ചയവും വെയിറ്റിങ് ഷെഡും നിർമ്മിക്കുന്നതിനുമായുള്ള അജണ്ട അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഇതേ തുടർന്ന് ബാബുവിന്റെ ഭാര്യ കുസുമകുമാരി കോടതിയെ സമീപിച്ചു. പെരുനാട്ടിലെ സിപിഎം എൽ.സി.സെക്രട്ടറി റോബിൻ കെ. തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, വാർഡ് മെമ്പർ ശ്യാം എം എസ് എന്നിവർ അടക്കം ആ പ്രദേശത്ത് പ്രവേശിക്കുന്നതിനും ഏതെങ്കിലും വിധത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകരായ അനിൽ വർഗീസ്, ടി. ജയൻ എന്നിവരാണ് കോടതിയിൽ കുസുമകുമാരിക്ക് വേണ്ടി ഹാജരായി.