- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ബോംബ് പൊട്ടിക്കാൻ ഒരുങ്ങി ഹിൻഡൻബർഗ് റിസർച്ച്; മറ്റൊരു വൻ വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട് ഉടനെന്ന് ട്വീറ്റ്; റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് സൂചനകളില്ല; വിപണിയിൽ ആശങ്ക; അദാനി ഗ്രൂപ്പിനെ അടിമുടി ഉലച്ച യുഎസ് ഷോർട്ട്‌സെല്ലറിന്റെ വെളിപ്പെടുത്തലിന് കാതോർത്ത് വ്യവസായ ലോകം
ന്യൂയോർക്ക്: അടുത്തൊരു ബോംബ് കൂടി പൊട്ടിക്കാൻ ഒരുങ്ങി യുഎസ് ഷോർട്ട്‌സെല്ലറായ ഹിൻഡൻബർഗ് റിസർച്ച്. അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിന് പിന്നാലെ മറ്റൊരു 'വലിയ റിപ്പോർട്ട്' പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് ഹിൻഡൻബർഗ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഹിൻഡൻബർഗിന്റെ പ്രഖ്യാപനം. എന്നാൽ പുതിയ റിപ്പോർട്ട് എപ്പോൾ പുറത്തുവിടുമെന്നോ ഏത് സ്ഥാപനത്തെക്കുറിച്ച് ആണെന്നോ ഷോർട്ട് സെല്ലർ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. മറ്റൊരു റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നായിരിക്കുമെന്നും ട്വിറ്ററിൽ ഹിൻഡൻബർഗ് റിസർച്ച് സൂചിപ്പിച്ചു. 'പുതിയ റിപ്പോർട്ട് ഉടൻ-മറ്റൊരു വലിയ റിപ്പോർട്ട്,' ഹിൻഡൻബർഗ് റിസർച്ച് ട്വീറ്റ് ചെയ്തു. നിമിഷങ്ങൾക്കുള്ളിലാണ് ട്വീറ്റ് വൈറലായത്.
അതേസമയം ഹിൻഡൻബർഗ് റിസർച്ചിനെ തുടർന്ന് വിപണിയിലും ആശങ്ക ശക്തമാണ്. നാളിതുവരെ ഹിൻഡൻബർഗ് 'ഓപ്പറേഷനിൽ' ഒരുപിടി വമ്പന്മാർ വീണിട്ടുണ്ട്. ഇവർ ആരൊക്കെയെന്ന് ചുവടെ കാണാം. 2017 -ലാണ് ഹിൻഡൻബർഗ് കമ്പനി സ്ഥാപിതമായത്. അദാനി വിഷയത്തിൽ ഹിൻഡൻബർഗ് വൻതോതിൽ ലാഭം കൊയ്തെന്നാണ് സൂചന. അദാനി ഗ്രൂപ്പിന് എതിരായ റിപ്പോർട്ട് പുറത്തുവിടും മുൻപുതന്നെ വിദേശ എക്സ്ചേഞ്ചുകളിൽ വ്യാപാരം നടക്കുന്ന അദാനി ബോണ്ടുകൾ ഹിൻഡൻബർഗ് ഷോർട്ട് സെൽ ചെയ്തിരുന്നു. അതായത്, കയ്യിൽ ഇല്ലാത്ത ഓഹരികൾ ആദ്യംതന്നെ വിൽക്കുന്ന രീതി.
അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവരേണ്ട താമസം അദാനി ഓഹരികളിൽ വൻത്തകർച്ച ദൃശ്യമായി. ഈ അവസരത്തിൽ കുറഞ്ഞ വിലയ്ക്ക് ഷോർട്ട് പൊസിഷൻ കവർ ചെയ്ത് കമ്പനി ഭീമമായ ലാഭമുണ്ടാക്കി. അദാനി ഓഹരികൾ ഷോർട്ട് സെൽ ചെയ്ത കാര്യം കഴിഞ്ഞ റിപ്പോർട്ടിൽ ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളർന്നത് വൻ തട്ടിപ്പ് വഴിയാണെന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നടത്തിയ പഠനത്തിലാണ് അദാനി ഗ്രൂപ്പ് ചെയ്തുവെന്ന പറയുന്ന തട്ടിപ്പുകൾ കണ്ടെത്തിയതെന്നും ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ ലോകസമ്പന്നരുടെ പട്ടികയിൽ നിന്നും അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ സ്റ്റോക്ക് മാർക്കറ്റ് കൃത്രിമം, കള്ളപ്പണം വെളുപ്പിക്കൽ, അക്കൗണ്ടിങ് വഞ്ചന എന്നീ കാരണങ്ങളിൽ കമ്പനിയുടെ മേൽ ആരോപണമുയർത്തിയതോടെയാണ് അദാനി ഗ്രൂപ്പ് പ്രതിസന്ധി നേരിട്ടത്.
ഹിൻഡൻബർഗിന് ശേഷം അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ മിക്ക നിക്ഷേപകർക്കുമുണ്ട്. എന്നാൽ റോഡ്‌ഷോകൾ നടത്തിയും കമ്പനി ഓഹരികൾ പണയം വെച്ചെടുത്ത വായ്പകൾ മുൻകൂറായി അടച്ചും ഒക്കെ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് കമ്പനി. എന്നാൽ ഗുജറാത്തിലെ മുന്ദ്രയിൽ 34,900 കോടി രൂപയുടെ പെട്രോകെമിക്കൽ പദ്ധതി അദാനി ഗ്രൂപ്പ് താൽക്കാലികമായി നിർത്തിവെച്ച വാർത്ത അദാനി ഓഹരികളെ ബാധിച്ചു.
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രോജക്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എത്രയുംപെട്ടെന്ന് താൽക്കാലികമായി നിർത്തിവയ്ക്കാൻ അറിയിച്ചുകൊണ്ടാണ് ഗ്രൂപ്പ് വിതരണക്കാർക്കുൾപ്പെടെ കഴിഞ്ഞദിവസം ഇമെയിലുകൾ അയച്ചത്. വാർത്ത വന്നതിന് തൊട്ടുപിന്നാലെ അദാനി ഓഹരികൾ കൂപ്പുകുത്തി . മൂന്ന് ശതമാനമാണ് അദാനി എന്റർപ്രൈസസ് ഓഹരി വില ഇടിഞ്ഞത്. 1,804 രൂപയിലാണ് ഇപ്പോൾ ഓഹരി വ്യാപാരം. പ്രധാന അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇടിഞ്ഞു.
വലിയ മുതൽ മുടക്കിലെ പദ്ധതികൾ ഗ്രൂപ്പ് താൽക്കാലികമായി നിർത്തി വക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അടുത്തിടെ ഗ്രൂപ്പ് 7,000 കോടി രൂപയുടെ കൽക്കരി പ്ലാന്റ് വാങ്ങുന്നത് സംബന്ധിച്ച പ്രോജക്ടും നിർത്തിവെച്ചിരുന്നു. പവർ ട്രേഡറായ പി.ടി.സി.യുടെ ഓഹരികൾ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്തു. കടം തീർക്കുന്നതിനായി ഗ്രൂപ്പ് അംബുജ സിമന്റ്‌സിന്റെയും എസിസിയുടെയും 4.5 ശതമാനം ഓഹരികൾ വിൽക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ അക്കൗണ്ടിങ് തട്ടിപ്പും ഓഹരി കൃത്രിമത്വവും ആരോപിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ടു മാസം കഴിയുമ്പോഴും ഹിൻഡൻബർഗ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തി നേടാൻ അദാനി ഗ്രൂപ്പിനായിട്ടില്ല ആരോപണങ്ങൾ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നിഷേധിച്ചിട്ട് പോലും അദാനി ഓഹരികളിലും ഇതിന്റെ അനുരണനങ്ങൾ ഉണ്ട്. 2021-ൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ്അദാനി തുറമുഖങ്ങളിലും കച്ച് ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലും ഗ്രീൻഫീൽഡ് കൽക്കരി-പിവിസി പ്ലാന്റ് സ്ഥാപിക്കുന്നതിനായി മുന്ദ്ര പെട്രോകെം ലിമിറ്റഡ് സ്ഥാപനം ഏറ്റെടുത്തിരുന്നു.
മറുനാടന്‍ ഡെസ്‌ക്