ന്യൂഡൽഹി: ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ എഴുപതുകാരിയായ സഹയാത്രികക്ക് നേരെ യാത്രക്കാരന്റെ ഭാഗത്ത് നിന്നുമുണ്ടായ അതിക്രമത്തിൽ കൂടുതൽ നടപടികളിലേക്ക് എയർ ഇന്ത്യ. ജീവനക്കാരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്നും ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചതെന്നുമുള്ള പരാതിക്കാരിയുടെ ആരോപണത്തിൽ നാല് കാബിൻ ക്രൂ അംഗങ്ങൾക്കും പൈലറ്റിനും കാരണം കാണിക്കൽ നോട്ടീസ് നൽകി.

ബംഗ്ലൂരുവിൽ അറസ്റ്റിലായ ശങ്കർ മിശ്ര(34) അതിക്രമം നടന്ന ദിവസം വിമാനത്തിനുള്ളിൽ വെച്ച് മദ്യപിച്ചിരുന്നു. ഇയാൾക്ക് മദ്യം നൽകിയതിൽ അടക്കം വീഴ്‌ച്ച സംഭവിച്ചോയെന്ന് പരിശോധിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ വെച്ച് സഹയാത്രിക്ക് നേരെ മൂത്രമൊഴിച്ചെന്നാണ് ശങ്കർ മിശ്രക്കെതിരായ പരാതി.

കേസുമായി ബന്ധപ്പെട്ട് പൊലീസ് നാല് വിമാനക്കമ്പനി ജീവനക്കാരുടെ മൊഴിയെടുത്തു. വിമാനക്കമ്പനിയും അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. വീഴ്‌ച്ചകൾ ആവർത്തിക്കാൻ പാടില്ലെന്ന് കാട്ടി എയർ ഇന്ത്യ സിഇജ ജീവനക്കാർക്ക് കത്ത് അയച്ചിട്ടുണ്ട്. വീഴ്‌ച്ചകൾ ആവർത്തിക്കരുതെന്നും പ്രശ്മങ്ങളുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

എയർ ഇന്ത്യ നൽകിയ പരാതിയിൽ ഈ മാസം നാലിന് ഡൽഹി പൊലീസ് കേസ് എടുത്തത്. അതിക്രമം നടന്ന ശേഷം മറ്റൊരു സീറ്റ് കിട്ടാൻ അര മണിക്കൂർ വിമാനത്തിൽ നിൽക്കേണ്ടി വന്നെന്നും എയർപോർട്ടിൽ എത്തിയ ശേഷം ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ പരിഗണിച്ചില്ലെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. ശങ്കർ മിശ്ര തനിക്ക് മുന്നിൽ കരഞ്ഞ് മാപ്പ് അപേക്ഷിച്ചെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം അറസ്റ്റിലായ ശങ്കർ മിശ്രയെ ഡൽഹിയിൽ എത്തിച്ചു. ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ഡൽഹി കോടതിയിൽ ഹാജരാക്കും. സഞ്ജയ് നഗറിലെ ഗസ്റ്റ് ഹൗസിൽ തനിച്ച് താമസിക്കവെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

ശങ്കർ മിശ്രയും പരാതിക്കാരിയും യാത്രചെയ്ത വിമാനത്തിന്റെ പൈലറ്റിനോടും കോ- പൈലറ്റിനോടും ശനിയാഴ്ച ഹാജരാകാൻ എയർപോർട്ട് പൊലീസ് ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ തയ്യാറായിരുന്നില്ല.

നവംബർ 28, 30, ഡിസംബർ 4 തീയതികളിൽ പരാതിക്കാരിക്ക് ശങ്കർ മിശ്ര വാട്‌സാപ് സന്ദേശം അയച്ചിരുന്നു. 15,000 രൂപ നഷ്ടപരിഹാരം നൽകിയെങ്കിലും പരാതിക്കാരിയുടെ മകൾ അത് തിരിച്ച് നൽകി. വിമാന ടിക്കറ്റിന്റെ പണം തിരികെ നൽകാൻ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും കുറച്ചു പണം മാത്രമാണ് എയർ ഇന്ത്യ നൽകിയത്.

ശങ്കർ മിശ്ര അമിത മദ്യലഹരിയിലായിരുന്നു. 'ആകെ കുഴഞ്ഞ മട്ടിലായിരുന്നു' പെരുമാറിയിരുന്നത്. ഉച്ചഭക്ഷണ സമയത്ത് 4 തവണ വിസ്‌കി കഴിച്ചു. എന്നാൽ അതിന് മുൻപും മദ്യപിച്ചിരുന്നിരിക്കണമെന്ന് സഹയാത്രികാർ ചൂണ്ടിക്കാട്ടുന്നു.

കുശലാന്വേഷണത്തിന്റെ പേരിൽ ഒരേ ചോദ്യങ്ങൾ തന്നെ പലരോടും ആവർത്തിച്ചുകൊണ്ടിരുന്നു. വിമാനത്തിലെ ലൈറ്റുകൾ അണച്ചപ്പോഴാണ് ശങ്കർ മിശ്ര യാത്രക്കാരിയുടെ അടുത്ത് എത്തുകയും മൂത്രം ഒഴിക്കുകയും നഗ്‌നതാപ്രദർശനം നടത്തുകയും ചെയ്തത്. രംഗം വഷളായതോടെ ശങ്കർ മിശ്ര സഹയാത്രികനോട് പറഞ്ഞു, 'ബ്രോ, ഞാൻ പെട്ടുവെന്നാണ് തോന്നുന്നത്..' സഹയാത്രികൻ മറുപടി നൽകി,'അതേ താൻ പെട്ടു'.

സംഭവം പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ മിശ്രയ്ക്കായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. മിശ്രയുടെയും ഭാര്യയുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ട് നിരീക്ഷണത്തിലായിരുന്നു. ക്രെഡിറ്റ് കാർഡ് ഒരിടത്ത് ഉപയോഗിച്ചത് പൊലീസിന് തുമ്പായി. മിശ്രയുടെ പിതാവ് ശ്യാം, സഹപ്രവർത്തകർ എന്നിവരെ ചോദ്യം ചെയ്തു. എയർ ഇന്ത്യയുടെ നാല് ജീവനക്കാരുടെ മൊഴിയെടുത്തു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനത്തിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. കഴിഞ്ഞ ദിവസം ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

നവംബർ 26നാണ് 35കാരനായ ശങ്കർ മിശ്ര മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയതാകട്ടെ ജനുവരി നാലിന്. എന്നാൽ എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അടക്കം എണ്ണിപ്പറഞ്ഞ് പരാതിക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരന് കത്തു നൽകിയിരുന്നു. ഈ കത്ത് എഫ്െഎആറിൽ ഉൾപ്പെടുത്തി.