ഷിരൂര്‍: ദീര്‍ഘദുരയാത്ര വാഹനങ്ങളിലെ ജോലിക്കാരുടെ വിശപ്പകറ്റാന്‍ ലക്ഷ്മണ നായ്ക്കും കുടുംബവും ഇനിയില്ല.നിരവധി പേരുടെ വിശപ്പകറ്റിയ ആ കുടുംബത്തയാകെ കലിതുള്ളിയെത്തിയ പ്രകൃതി കവര്‍ന്നെടുത്തു.ഇന്ന് ആ കുടുംബം നിന്നിരുന്ന സ്ഥലത്ത് ഉള്ളതാകട്ടെ ഒരു കല്ല് മാത്രം.പന്‍വേല്‍- കന്യാകുമാരി ദേശീയ പാതയിലെ ദീര്‍ഘദുര ലോറിയുള്‍പ്പടെയുള്ള വാഹനങ്ങളിലെ ജോലിക്കാരുടെ ആശ്വസമായിരുന്നു ഷിരൂര്‍ ഗംഗവാലി പുഴയ്ക്കരികിലെ ലക്ഷ്മണ നായ്ക്കിന്റെ ചായക്കട.അടുത്ത് തന്നെ പുഴയുള്ളതിനാല്‍ കുളിക്കാനുള്ള സൗകര്യം ഉള്‍പ്പടെ കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഈ സ്ഥലം.

മലയാളി ഡ്രൈവര്‍മാരുടെ പ്രിയപ്പെട്ട ലക്ഷ്മണേട്ടനായിരുന്നു ലക്ഷ്മണ നായ്ക്ക്.കെ. ലക്ഷ്മണ നായ്ക (47), ഭാര്യ ശാന്തി നായ്ക (36), ഇവരുടെ മക്കളായ റോഷന്‍ (11), അവന്തിക (ആറ്) എന്നിവര്‍ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെടുകയായിരുന്നു.ദേശീയപാതയില്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരില്‍ പലരും ഈ ഹോട്ടലില്‍ കയറുമായിരുന്നു. പാതയോരത്ത് ലോറികള്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാരായിരുന്നു ഇതില്‍ ഏറെ.മലയാളികളുമായി സ്ഥിരമായി ഇടപഴകിയിരുന്നതിനാല്‍ ലക്ഷ്മണ മലയാളം നന്നായി സംസാരിക്കും. അങ്ങിനെയാണ് ഇദ്ദേഹം പ്രിയപ്പെട്ടവരുടെ ലക്ഷ്മണേട്ടനായത്.

അപ്രതീക്ഷിതമായി മണ്ണ് ഇരച്ചെത്തിയപ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനെ ഇവര്‍ക്ക് കഴിഞ്ഞുള്ളു.കുടുംബത്തിനൊപ്പം കടയും മണ്ണിനടിയിലായി.രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യം കണ്ടെത്തിയ മൃതദേഹവും ഇവരുടെതായിരുന്നു.കട നിന്നിരുന്ന സ്ഥലത്ത് ഇന്ന് ഒരു കല്ല് മാത്രമാണ് ഉള്ളത്.അപകടത്തിന് മുമ്പുള്ള ഹോട്ടലിന്റെ ചിത്രവും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നൊമ്പരമാവുകയാണ്.അര്‍ജ്ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ടാണ് ഇ കുടുംബത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങളും പുറത്തുവരുന്നത്.

ലോറി ഡ്രൈവര്‍ അര്‍ജുന്‍ അവസാനമായി സംസാരിച്ച സുഹൃത്ത് സമീറുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ പരാമര്‍ശിച്ച 'ലക്ഷ്മണേട്ടന്‍' ഇദ്ദേഹമാണ്.താന്‍ ഗോകര്‍ണത്തെ ലക്ഷ്മണേട്ടന്റെ കടയുടെ അടുത്ത് ലോറി നിര്‍ത്തി ഉറങ്ങാന്‍ പോവുകയാണെന്ന് അര്‍ജുന്‍ അറിയിച്ചതായാണ് സമീര്‍ പറഞ്ഞത്.യാത്രക്കിടെ പലതവണ വീട്ടിലേക്ക് വിളിക്കുന്നതിനാല്‍ സ്ഥലത്തെക്കുറിച്ച് മുന്‍പെ പറഞ്ഞിട്ടുള്ളതിനാല്‍ ഇ ചായക്കട അവര്‍ക്കും സുപരിചിതമായിരുന്നു.ബല്‍ഗാമില്‍ നിന്ന് അക്വേഷ മരവുമായി നാട്ടിലേക്ക് വരുന്നതിനിടെ പതിവ് പോലെ വിശ്രമത്തിനായാണ് അര്‍ജ്ജുന്‍ കടയ്ക്ക് സമീപം ലോറി നിര്‍ത്തിയത്.

ഇ സമയത്താണ് അപ്രതീക്ഷിതമായ ദാരുണസംഭവം അരങ്ങേറിയത്.കുന്നിടിഞ്ഞു നദിയിലേക്കു വീണപ്പോള്‍ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചുകയറി.ഈ സമയത്ത് ഉഗ്രസ്ഫോടനവും ഉണ്ടായെന്നാണു നാട്ടുകാര്‍ പറയുന്നത്.പുഴയിലെ വെള്ളത്തിനു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടെന്നു ദൃക്സാക്ഷിയായ തമ്മു വെങ്കട പറഞ്ഞു.എന്നാല്‍ തീ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമമാണ്.മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്.

6 വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. 9 പേരെ കാണാതായി. ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. പരുക്കേറ്റ 7 പേര്‍ ആശുപത്രിയിലാണ്. വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും തകര്‍ന്നു.ദേശീയപാതയില്‍നിന്നു പുഴയിലേക്കുവീണ 2 പാചകവാതക ടാങ്കര്‍ലോറികളില്‍ ഒന്നു മാത്രമാണ് 7 കിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തിയത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം കിട്ടിയെങ്കിലും ലോറിയെക്കുറിച്ചു വിവരമില്ല. ലോറിയിലെ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചതാകും സ്ഫോടനത്തിനും വെള്ളം ഉയരാനും കാരണമെന്നാണു കരുതുന്നത്.