കൊല്ലം: കൊല്ലം മെഡിട്രീന ആശുപത്രിക്കെതിരെ ചികിൽസാ പിഴവ് ആരോപിച്ച് അപകടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ. ഇരവിപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. 27 വയസ്സുള്ള ശ്രുതിയാണ് കൊല്ലപ്പെട്ടത്. അനസ്‌തേഷ്യാ പിഴവാണ് ശ്രുതിയുടെ ജീവനെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. താടിയെല്ലിന് ഏറ്റ പരിക്കിനാണ് ചികിൽസയ്‌ക്കെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ അത് മരണമായി. അയത്തിൽ എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം.

ശ്രൂതിയുടെ ഭർത്താവിന്റെ സഹോദരനാണ് പൊലീസിൽ ആശുപത്രിയിൽ ചികിൽസാ പിഴവുണ്ടായെന്ന് കാട്ടി പരാതി നൽകിയത്. എന്നാൽ പരാതിയിലുള്ള ആരോപണമൊന്നും പൊലീസ് എഫ് ഐ ആറിലില്ല. സാധാരണ മരണമുണ്ടാകുമ്പോൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് വേണ്ടിയുള്ള വകുപ്പുകൾ മാത്രമാണ് എഫ് ഐ ആറിലുള്ളത്. പരാതിക്കാരൻ ചികിൽസാ പിഴവ് ഉന്നയിച്ചുവെന്ന് പോലും എഫ് ഐ ആറിൽ പറയുന്നില്ല. അതുകൊണ്ട് തന്നെ യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും.

അയത്തിൽ മെഡിട്രീനാ ആശുപത്രിക്ക് സമീപമായിരുന്നു ഓട്ടോ ഇടിച്ച് ശ്രുതി വീണത്. അതിന് ശേഷം മെഡിട്രീനാ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം റൂമിലേക്ക് മാറ്റുകയും ചെയ്തു. കുഴപ്പമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആ സമയം മുഖത്ത് കുറച്ച് മുറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരോടും ശ്രുതി സംസാരിക്കുകയും നടക്കുകയും എല്ലാം ചെയ്തു. ഇതിനിടെ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചെന്നാണ് പൊലീസിന് ശ്രുതിയുടെ ഭർത്താവിന്റെ സഹോദരൻ നൽകിയ പരാതിയിലുള്ളത്.

ശസ്ത്രക്രിയയ്ക്ക് കൊണ്ടു പോയി മിനിട്ടുകൾക്ക ശേഷം ഹൃദയ സത്ംഭനമുണ്ടായി എന്ന് അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം മരിച്ചെന്നും പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായി എന്ന് സംശയമുണ്ട്. അതിനാൽ അന്വേഷണം നടത്തി വേണ്ട നടപടി എടുക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം. ഈ പരാതി പ്രകാരമാണ് എഫ് ഐ ആർ ഇട്ടതെന്ന് വ്യക്തമാണ്. എന്നാൽ പരാതിയിൽ പറയുന്ന ചികിൽസാ പിഴവിനെ കുറിച്ചൊന്നും എഫ് ഐ ആറിൽ ഇല്ലെന്നതാണ് വസ്തുത.

സോഷ്യൽ മീഡിയയിൽ ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കുറിപ്പ്

ഇത് ശ്രുതി (ലക്ഷ്മി ) 26 വയസ്സ്, 4 വയസ്സുള്ള കുഞ്ഞിന്റെ അമ്മ. ജനനം മുതൽ നാളിതുവരെ അടുത്തറിഞ്ഞവരിൽ ഒരാളാണ് ഞാൻ.

കുഞ്ഞിന്റെ അസുഖത്തിന് മരുന്ന് വാങ്ങാൻ വഴിയോരം ചേർന്ന് മെഡിട്രീന ആശുപത്രിയിലേക്ക് പോകും വഴി ഒരു ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുഖത്തായിരുന്നു പരിക്ക്. താടിയെല്ലുൾപ്പെടെ സാരമായ പരിക്ക്.. ജനുവരി 14 ന് നടന്ന അപകടം. അന്നു മുതൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ജനുവരി 18 ന് സർജറി തീരുമാനിച്ചു. അനസ്‌തേഷ്യ നൽകവേ പെട്ടെന്ന് ബിപി കുറഞ്ഞു. ഹൃദയാഘാതമുണ്ടായി. സർജറി ടേബിളിൽ നിന്നും വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 4. 55 ഓടേ ലക്ഷ്മിയുടെ ശ്വാസം നിലച്ചു.

എല്ലാവരോടും ചിരിച്ച മുഖത്തോടെ സർജറിക്കായി പോയ കുഞ്ഞിന്റെ മരണം ഏവർക്കും ഞെട്ടലുണ്ടാക്കി.

ഭർത്താവ് രഞ്ജിത്ത് വിദേശത്ത് ആണ്. ഭർതൃബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ജനുവരി 19ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി, വർക്കല ചെമ്മരുതിയിലെ ഭർതൃ വസതിയിൽ സംസ്‌കാരം നടന്നു..

പ്രിയ ലക്ഷ്മിക്ക് ഹൃദയാഞ്ജലി...

ഈ മരണം ഉയർത്തുന്ന സംശയങ്ങൾ പലതാണ്.

> ലഭ്യമായ ഡെത്ത് സമ്മറി റിപ്പോർട്ട് എത്രമാത്രം പരിശുദ്ധമാണ്
> സർജറിയുടെ റിസ്‌കിനെക്കുറിച്ച് ബന്ധുക്കളെ അറിയിച്ചിരുന്നുവോ
> ട്രീറ്റ്‌മെന്റ് പ്രോട്ടോകോൾ നടപ്പാക്കുന്നതിൽ പിശക് വന്നിട്ടുണ്ടോ
> സർജറി സമയത്ത് ഉണ്ടായിരിക്കേണ്ട വിഭഗ്ധരുടെ പാനൽ ലഭ്യമായിരുന്നുവോ
> എല്ലാ സർജറിക്കും ഹൈ റിസ് കൺസെന്റ് വാങ്ങാറുണ്ടോ
> രോഗികളുടെ അവകാശങ്ങൾ പൂർണമായും പാലിച്ചിട്ടുണ്ടോ
> സർജറി ഹൈറിസ്‌ക് എങ്കിൽ എന്തു കൊണ്ട് കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തില്ല
> രോഗിയുടെ ക്ഷേമത്തിനുപരി ആശുപത്രിയുടെ ക്ഷേമത്തിനാണോ മുൻഗണന

ആശുപത്രിയുടെ ഭാഗത്തെ നിസ്സാരമായൊരു അശ്രദ്ധയാണ് മരണകാരണമെങ്കിൽ അത് നഷ്ടമാക്കിയത് ഒരു കുഞ്ഞിന് അമ്മയെയാണ്, ഒരു യുവാവിന് അവന്റെ ജീവിത പങ്കാളിയെയാണ്.അതിന് പകരം വയ്ക്കാനെന്ത്?

ലക്ഷ്മിയുടെ അമ്മ ( ശാലിനി), ഭർത്താവ് രഞ്ജിത്, അപ്പുപ്പൻ (പീതാംബരൻ ) മാമൻ(ഷാജി ), മാമി (രാജി),, അനുജത്തി, ഭർതൃബന്ധുക്കൾ എന്നിവർക്ക് ഈ അവസ്ഥ അതിജീവിക്കാൻ കഴിയട്ടെ..