കോഴിക്കോട്: ഓപ്പറേഷൻ തിയേറ്ററിൽ മതം ആനുശാസിക്കുന്നതരത്തിൽ, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികളുടെ ആവശ്യം സൈബറിടത്തിൽ ചർച്ചയായി കഴിഞ്ഞു. ഈ ആവശ്യത്തെ എതിർത്ത് ഐ.എം.എ. സംസ്ഥാന ഘടകം രംഗത്തുവരികയും ചെയ്തു. ഇതോടെ ഇക്കാര്യത്തിൽ ഇനി സർക്കാരെടുക്കുന്ന തീരുമാനം നിർണ്ണായകമാണ്. രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം വരും.

അതിനിടെ ആ ആവശ്യത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനവും ഉയരുന്നുണ്ട്. മുസ്ലിമിനെ അപരവൽക്കിരിക്കുന്നതിനു രാജ്യം ഭരിക്കുന്നവർ തന്നെ മുൻകൈ എടുത്ത്, ഏക സിവിൽ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 മുസ്ലിം വിദ്യാർത്ഥിനികൾ മതാടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയേറ്ററിൽ വസ്ത്രം ധരിക്കുവാൻ അനുവാദം നൽകണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയിരിക്കുന്നതെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ പഞ്ഞു.

മെഡിക്കൽ വിദ്യാർത്ഥികൾ ഓപ്പറേഷൻ തീയറ്ററിൽ കയറുമ്പോൾ അവരുടെ മതവും വിശ്വാസവും പ്രത്യക്ഷമാകുന്ന വേഷങ്ങൾ ധരിക്കണമെന്ന വാദം വർത്തമാന ഇന്ത്യയിൽ ആർക്കാണ് ഗുണം ചെയ്യുകയെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു.

കുറിപ്പു വായിക്കാം:

1951 ൽ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തിന് സമർപ്പിച്ചതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. 1951 മുതൽ 2023 വരെ ആയിരകണക്കിനു മുസ്ലിം പെൺകുട്ടികൾ അവിടെ നിന്നും മെഡിക്കൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങൾ ഡോക്ടർമാരായി സേവനം ചെയ്യുന്നുണ്ട്.

അവരിൽ മഹാ ഭൂരിപക്ഷവും മത വിശ്വാസികൾ ആയിരിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ ഓപ്പറേഷൻ തീയേറ്ററിൽ കയറുമ്പോൾ അവരുടെ മതവും വിശ്വാസവും പ്രത്യക്ഷമാകുന്ന വേഷങ്ങൾ ധരിക്കണമെന്ന വാദം വർത്തമാന ഇന്ത്യയിൽ ആർക്കാണ് ഗുണം ചെയ്യുക?

മതം തിരിച്ചു എന്നെ ചികിത്സിച്ചാൽ മതിയെന്നും എന്റെ മതക്കാരല്ലാത്തവർ എന്നെ പരിശോധിക്കേണ്ട എന്നും രോഗിയോ കൂട്ടിരിപ്പു കാരോ കട്ടായം പറഞ്ഞാൽ വിദ്യാർത്ഥികൾക്ക് എങ്ങിനെ പഠനം സാധ്യമാകും? മുസ്ലിമിനെ അപരവൽക്കിരിക്കുന്നതിനു രാജ്യം ഭരിക്കുന്നവർ തന്നെ മുൻകൈ എടുത്തു ,ഏക സിവിൽ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 മുസ്ലിം വിദ്യാർത്ഥിനികൾ മതാടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയേറ്ററിൽ വസ്ത്രം ധരിക്കുവാൻ അനുവാദം നൽകണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയിരിക്കുന്നത്!

പ്രിയപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനികളെ, ഇനിയും ഈ സമുദായത്തെ അന്യവൽക്കരിക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങൾക്ക് പെട്രോൾ ഒഴിച്ചു കൊടുക്കുന്ന പണിയിൽ നിന്നും ദയവു ചെയ്തു പിൻന്തിരിയണം. നിങ്ങൾ ആധുനിക വൈദ്യശാസ്ത്രമാണ് പഠിക്കുന്നത്, അതാണ് പ്രാക്ടീസ് ചെയ്യാൻ പോകുന്നതു എന്നെങ്കിലും ഓർത്താൽ നന്ന്.
എല്ലാവർക്കും ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണയിൽ ബലി പെരുന്നാൾ ആശംസകൾ.

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും ഓരോഘട്ടത്തിലും പാലിക്കേണ്ട രീതികളെക്കുറിച്ചും അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഓപ്പറേഷൻ തിയേറ്റർ നിയന്ത്രിത മേഖലയാണ്. തിയേറ്ററിനുള്ളിൽ കയറുന്നതിനുമുമ്പ് കൈമുട്ടിന് താഴേക്ക് വിരൽത്തുമ്പുവരെ ഒഴുകുന്ന വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കേണ്ടതുണ്ട്. പിന്നീട് ആഭരണത്തിൽപ്പോലും തൊടാൻ പാടില്ലെന്നതാണ് ചട്ടം. തിയേറ്ററിൽ ഉപയോഗിക്കുന്ന വസ്തുക്കളും അണുവിമുക്തമാക്കിയിട്ടുള്ളതാകും. ഇതെല്ലാം രോഗിക്ക് അണുബാധയുണ്ടാകാതിരിക്കാനാണെന്നതാണ് വസ്തുത. ഇതെല്ലാം പരിഗണിച്ചാകും അന്തിമ തീരുമാനം കത്തിൽ എടുക്കുക. ജൂൺ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികളുടെ ഒപ്പുകൾ അടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല. മതവിശ്വാസമനുസരിച്ച് മുസ്ലിം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ട് കൈകൾ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാർത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും ഡോ. ലിനറ്റ് ജെ.മോറിസ് പറഞ്ഞു. അത് അവർക്ക് മനസിലായിട്ടുമുണ്ട്.