- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം മക്കൾ നേരിടേണ്ടി വരുന്നു; ശരീഅത്ത് പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല; അനന്തര സ്വത്ത് പെൺമക്കൾക്ക് ലഭ്യമാക്കാൻ രണ്ടാമത്തെ വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ; ഷീന ഷുക്കൂറുമായുള്ള വിവാഹം വനിതാ ദിനത്തിൽ
കോഴിക്കോട്: അഭിഭാഷകനും സിനിമാ നടനുമായ ഷുക്കൂർ വക്കീലും ഭാര്യ ഷീന ഷുക്കൂറും വീണ്ടും വിവാഹിതകാരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇവർ വീണ്ടും വിവാഹിതാകുന്നത്. 1994 ൽ മുസ്ലിം ആചാര പ്രകാരം വിവാഹം കഴിച്ച ഇവർക്ക് മൂന്ന് പെൺമക്കളാണുള്ളത്. സ്വത്തിന്റെ പിന്തുടർച്ചാവകാശം പൂർണമായും പെൺമക്കൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ വിവാഹം.
ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കൾ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ലെന്ന് ഷുക്കൂർ വക്കീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 1950 ൽ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നൽകുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കൾക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണെന്നും അഭിഭാഷകനും നടനുമായ ഷുക്കൂർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഷുക്കൂർ വക്കീലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങൾ അങ്ങിനെയാണ്. നമ്മൾ വിധേയരാകും. പറഞ്ഞുവന്നത്, ഈ വരുന്ന മാർച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്...
വിശദമായി പറയാം, 1994 ഒക്ടോബർ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം. ഇസ്ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടിൽ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകൾ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂർ കാടങ്കോട് നസീമ മൻസിലിൽ വച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.
ഒക്ടോബർ ഒമ്പതു മുതൽ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെൺമക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെൺമക്കളുടെ പിതാവായി സ്വർഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാൻ! മരണം കൺമുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദർഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികൾ ഉള്ളിൽ ഉടലെടുത്തത്. ഇന്നും ഓർക്കാൻ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തിൽ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാൻ ബാക്കിയായി. മൂന്ന് വർഷങ്ങൾക്ക് ശേഷം, 2020 ലും മറ്റൊരപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെൽറ്റായിരുന്നു.
ഞാൻ മരണപ്പെട്ടാൽ, പലർക്കും സങ്കടം വരും! FB യിൽ സുഹൃത്തുക്കളുടെ പോസ്റ്റുകൾ വന്നേക്കാം. ഖബറടക്കവും പ്രാർത്ഥനയും കഴിഞ്ഞ് ബന്ധുക്കൾ പിരിയും, അവസാനം വീട്ടുകാർ മാത്രം ബാക്കിയാവും.
എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്?
കടം വല്ലതും തീർക്കാനുണ്ടോ?
സമ്പാദ്യങ്ങൾ മക്കൾക്കുള്ളതല്ലേ?
തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.
എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങൾ മൂന്നു മക്കൾക്ക് കിട്ടേണ്ടതല്ലേ?
സംശയമെന്തിരിക്കുന്നു.
അവർക്കു തന്നെ കിട്ടണം.
എന്നാൽ, അവർക്ക് കിട്ടുമോ?
അതെന്തേ അങ്ങിനെ ഒരു ചോദ്യം!
കിട്ടില്ല, അതു തന്നെ.
1937 ലെ The Muslim Perosnal Law (Shariat)Application Act ആണ് കാരണം. ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമം, മുസ്ലിം പേഴ്സണൽ ലോ അഥവാ ശരീഅ പ്രാകാരം ആണ്. എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തിൽ ഒന്നും പറയുന്നില്ല.
എന്നാൽ 1906ൽ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികൾ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കൾക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.
അഥവാ താഹിസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതു മാത്രമാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ മുഴുവൻ സ്വത്തും മക്കൾക്ക് തന്നെ കിട്ടിയേനെ.
ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കൾ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. 1950 ൽ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നൽകുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കൾക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്.
തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കൾക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെൺമക്കൾ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകൾക്കെന്താണ് പോംവഴി?
അനന്തര സ്വത്ത് പെൺമക്കൾക്ക് തന്നെ ലഭിക്കാൻ എന്താണ് മാർഗ്ഗം?
നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങൾക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ൽ നമ്മുടെ പാർലമെന്റ് അംഗീകരിച്ച സ്‌പെഷ്യൽ മാര്യേജ് ആക്ട് മാത്രമാണ്. അതിൽ ആശ്രയം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്. 1994 ഒക്ടോബർ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തർദേശീയ വനിതാ ദിനമായ 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രജിസ്റ്ററിൽ ഒപ്പു വെക്കും ഇൻശാ അല്ലാഹ്.
ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയിൽ അഭയം പ്രാപിക്കുക മാത്രമാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളുടെ മക്കൾക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.
നമ്മുടെ പെൺമക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സർവ്വ ശക്തനായ അല്ലാഹു ഉയർത്തി നൽകട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്. സമത്വം സകല മേഖലകളിലും പരക്കട്ടെ. എല്ലാവർക്കും നന്മയും സ്നേഹവും നേരുന്നു. എല്ലാവർക്കും മുൻകൂർ വനിതാ ദിന ആശംസകൾ.
മറുനാടന് ഡെസ്ക്