- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും ഓട്ടോറിക്ഷ വിറ്റില്ല; മകന്‍ ശ്രീഹരിയുടെ പേരുള്ള ഓട്ടോറിക്ഷ ഇന്നും വീട്ടുമുറ്റത്തുണ്ട്; കെ എസ് ആര്‍ ടിയില്‍ പണിയെടുത്തതും കുടുംബം നോക്കാന്‍; മകന്‍ മരിച്ചെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത അമ്മ; നല്ലൊരു വീടെന്ന സ്വപ്നം അവശേഷിച്ച് മടങ്ങിയ പോലീസുകാരന്‍; കണ്ണീര്‍ തോരാതെ കൊല്ലപ്പെട്ട ശ്യാം പ്രസാദിന്റെ കുടുംബം
കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ഗുണ്ടയുടെ ചവിട്ടേറ്റ് പോലീസുകാരന്‍ മരണപ്പെട്ടിട്ട് ഒരാഴ്ച്ച കഴിയുമ്പോഴും കണ്ണീര്‍ തോരാതെ കുടുംബം. കടുത്തുരുത്തി മാഞ്ഞൂര്‍ ശ്യാം പ്രസാദ്(44) ആണ് കൊല്ലപ്പെട്ടത്. മകന്‍ മരിച്ചത് ഇതുവരെ അമ്മ തിരിച്ചറിഞ്ഞിട്ടില്ല. പ്രായാധിക്യത്തെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടമായ ആളാണ് ശ്യാമിന്റെ അമ്മ. കുട്ടന്‍ വന്നോയെന്ന് ചോദിച്ച് മകനെ ഇപ്പോഴും അമ്മ അന്വേഷിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.
മൂന്ന് മക്കളാണ് ശ്യാമിന്. പതിവ് പോലെ മക്കള്‍ക്ക് ഭക്ഷണവും വാങ്ങി വരാമെന്ന് ശ്യാം വിളിച്ചു വന്നിരുന്നു. ഭക്ഷണപൊതിയും കാത്തിരുന്ന മക്കള്‍ക്കരികിലേയ്ക്ക് ശ്യാമിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. ഭാര്യയായ അമ്പിളിയുടെ പിതാവ് വീടിന് മുകളില്‍ നിന്ന് വീണ് കിടപ്പിലാണ്. ഇദേഹത്തെയും ഭാര്യാമാതാവിനെയും നോക്കുന്നതും ശ്യാമായിരുന്നു. ഇവര്‍ക്കെല്ലാം മനകരുത്തേകാന്‍ ഇനി അമ്പിളിയാണുള്ളത്. ശ്യാമിന്റെ വരുമാനത്തിന് ഒപ്പം തന്നെ വീടിന് സമീപത്തു തന്നെ ഹോട്ടല്‍ ജോലിക്കായി പോയിരുന്ന അമ്പിളിയുടെ വരുമാനമൊക്കെയായി കുടുംബം കഴിഞ്ഞു വരുന്നതിനിടയിലാണ് ആകസ്മികമായി ശ്യാമിന്റെ വേര്‍പാട്. ഇത് കുടുംബത്തെ തളര്‍ത്തി. ആശ്വാസവാക്കുമായി മന്ത്രി വി. എന്‍, വാസവന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ തുടങ്ങി ഒട്ടേറെ പേര്‍ എത്തി.
ശ്യാമിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നീറുകയാണ് കുടുംബാംഗങ്ങളെല്ലാവരും. ഞായറാഴ്ച്ചയാണ് സഞ്ചയനം കഴിഞ്ഞത്. കുട്ടികള്‍ തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളില്‍ പോയി തുടങ്ങി. മൂത്ത മകള്‍ ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയ മകന്‍ ആറിലും മകള്‍ അഞ്ചിലും പഠിക്കുന്നു. തികച്ചും സാധാരണ കുടുംബത്തില്‍ നിന്നുമാണ് ശ്യാം സര്‍ക്കാര്‍ ജോലി സമ്പാദിക്കുന്നത്. ആദ്യം കെ. എസ്. ആര്‍. ടി. സി. ഡ്രൈവറായിരുന്നു. പിന്നീട് 2018 ല്‍ പോലീസില്‍ കയറി. ജോലി കിട്ടും മുന്‍പ് നാട്ടില്‍ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു വരുമാനം കണ്ടെത്തിയത്. സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും ഓട്ടോറിക്ഷ വിറ്റില്ല. മകന്‍ ശ്രീഹരിയുടെ പേരുള്ള ഓട്ടോറിക്ഷ ഇന്നും വീട്ടുമുറ്റത്തുണ്ട്.
പ്രാരാബദ്ങ്ങള്‍ ഏറെയുണ്ടായിരുന്ന ശ്യാം ക്ഷേത്രങ്ങളില്‍ കരകാട്ടത്തിന് പോയിരുന്നു. വീടിന് സമീപത്തുള്ള മാഞ്ഞൂര്‍ മഹാദേവ ക്ഷേത്രത്തെ കുറിച്ച് സ്വന്തമായി കീര്‍ത്തനം എഴുതി റിക്കോര്‍ഡ് ചെയ്ത് കാസറ്റാക്കി സമര്‍പ്പിച്ചിരുന്നു. ആ പാട്ട് എന്നും പ്ലേ ചെയ്യാറുണ്ട്. ചെറിയൊരു വരുമാനം എന്ന നിലയ്ക്ക് പോത്തിനെ വാങ്ങി വളര്‍ത്തുകയും ചെയ്തു. പൊതുവെ ശാന്ത സ്വഭാവക്കാരനാണ് ശ്യാമെന്ന് ഒപ്പം ജോലി ചെയ്തിരുന്ന പോലീസുകാരും പറഞ്ഞു. നാടിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഏറെ കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നുങ്കെിലും യാതൊരു തടസവുമില്ലാതെ മുന്‍പോട്ട് കൊണ്ടു പോകുമ്പോഴാണ് ആ ചെറുപ്പുക്കാരനെ മരണം കവര്‍ന്നെടുക്കുന്നത്.
പഴയ ഒരു ചെറിയ വീട് മാത്രമാണുള്ളത്. പുതിയൊരു വീട് വയ്ക്കണമെന്നായിരുന്നു ശ്യാമിന്റെ ആഗ്രഹം. ആ ആഗ്രഹം സാധ്യമാക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മുന്‍കൈയെടുക്കുമെന്ന് അറിയിച്ചു. മന്ത്രി വി. എന്‍. വാസവന്‍ ഭാര്യയുടെ സര്‍ക്കാര്‍ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുള്ളതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പോലീസുകാരന്റെ കുടുംബത്തെ തളരാതെ പിടിച്ചു നിര്‍ത്തേണ്ടതുണ്ട്. ശ്യാം ബാക്കി വച്ച സ്വപ്നങ്ങള്‍ സഫലമാകണം.