തിരുവനന്തപുരം: മഗ്‌സെസെ അവാർഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാർഡിന് പരിഗണിച്ചത്. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ശൈലജ ഒരാഴ്ച മുൻപ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

മഗ്സസെ അവാർഡിനായി മുൻ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നിൽ സിപിഎമ്മിന്റെ ഇടപെടലാണെന്നും വാർത്ത വന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് സിപിഎം ഇപ്പോൾ. കോവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. വ്യക്തിയല്ല കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയത്. ഇത് സർക്കാരായിരുന്നുവെന്നും സിപിഎം വിശദീകരിക്കുന്നു.

ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെ കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേതൃത്വ നൽകിയതിന്റെ പേരിലാണ് രമൺ മഗ്സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്സസെ അവാർഡിന് തെരഞ്ഞെടുത്തത്. എന്നാൽ, കോവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനമാണ് എന്ന വിലയിരുത്തലിൽ പാർട്ടി ഇടപെട്ട് അവാർഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരിൽ ഒരാളാണ് രമൺ മഗ്‌സെസെ എന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് നല്കുന്ന അവാർഡല്ല ഇതെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു. പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി മാഗ്സസെ അവാർഡ് കമ്മറ്റി അറിയിച്ചിരുന്നതായി കെ.കെ.ശൈലജ വിശദീകരിച്ചിട്ടുണ്ട്. പരിശോധിച്ചപ്പോൾ രാഷ്ട്രീയ നേതാക്കൾക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയിൽ സിപിഎം. കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്. അവാർഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാൻ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.

എന്നാൽ, ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. പാർട്ടി എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കൂട്ടായി ചർച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവൺമെന്റ് എന്നനിലയിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തിൽ കോവിഡ്, നിപ പ്രതിരോധങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങൾകൂടി പരിഗണിച്ചതായാണ് അവാർഡ് കമ്മറ്റി അറിയിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.

കെ.കെ.ശൈലജയ്ക്ക് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടും സ്വീകരിക്കുന്നത് സിപിഎം പാർട്ടി കേന്ദ്ര നേതൃത്വം വിലക്കിയിരുന്നു. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. എന്നാൽ അവാർഡ് സ്വീകരിക്കാൻ സാധിക്കില്ലെന്ന് ശൈലജ മാഗ്‌സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു. ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിച്ചതെന്നാണ് സിപിഎം വിലയിരുത്തിയത്.

നിപയ്ക്കും കോവിഡ് മഹാമാരിക്കും എതിരായ പ്രതിരോധങ്ങൾ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാൽ വ്യക്തിഗത ശേഷിയുടെ പേരിൽ അവാർഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാർട്ടി കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരേ പ്രവർത്തിച്ചയാളുടെ പേരിലുള്ള പുരസ്‌കാരം വാങ്ങുന്നത് അനുചിതമാണെന്നും പാർട്ടി വിലയിരുത്തി.