പത്തനംതിട്ട: വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയുമായി നടുറോഡിൽ വാക്കേറ്റം. വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ എസ്ഐ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ലോക്കൽ സെക്രട്ടറി രംഗത്തു വന്നത്. എസ്ഐയും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ നടുറോഡിൽ വാക്കേറ്റം രൂക്ഷമായി. കാണാൻ നാട്ടുകാരും തടിച്ചു കൂടി. ഒടുവിൽ ഡിവൈഎസ്‌പി നേരിട്ട് സ്ഥലത്ത് വന്ന് ഇരുകൂട്ടരെയും അനുനയിപ്പിച്ച് മാറ്റി. വാക്കേറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ ആയതിന് പിന്നാലെ എസ്ഐക്കെതിരേ നാട്ടുകാരൻ മുഖ്യമന്ത്രിക്ക് പരാതിയും നൽകി.

കോന്നി എസ്ഐ സജു ഏബ്രഹാമും സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലനുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അരുവാപ്പുലം തേക്കുതോട്ടം ജങ്ഷനിൽ കൊരുത്തത്. ഇന്റർസെപ്റ്റർ വാഹനവുമായി വാഹന പരിശോധന നടത്തുകയായിരുന്നു എസ്ഐയും സംഘവും. ഈ സമയം സ്ഥലത്ത് വന്ന ലോക്കൽ സെക്രട്ടറി എസ്ഐയ്ക്ക് നേരെ തിരിയുകയായിരുന്നു. ഇരുവരും തമ്മിൽ നടുറോഡിൽ വാക്കേറ്റം നടത്തി. നിരവധി പേർ നോക്കി നിൽക്കേയാണ് എസ്ഐയെ ലോക്കൽ സെക്രട്ടറി വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചത്. എസ്ഐയും തിരിച്ച് മറുപടി കൊടുത്തു. ഇവർ തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. വിവരം അറിഞ്ഞ് കോന്നി ഡിവൈഎസ്‌പി ടി. രാജപ്പൻ റാവുത്തർ സ്ഥലത്തു വന്ന് ഇരുകൂട്ടരെയും അനുനയിപ്പിച്ച് വിട്ടു.

കഴിഞ്ഞ 25 ന് വകയാറിൽ എസ്ഐ സജു വാഹനം പരിശോധിക്കുമ്പോൾ ദീദു ബാലനുമായി തർക്കം ഉണ്ടായിരുന്നു. പാറമടയിൽ നിന്ന് അമിത ലോഡ് കയറ്റി വന്ന വാഹനങ്ങൾ വേബ്രിഡ്ജിൽ വച്ച് തൂക്കി നോക്കി എസ്ഐ ജിയോളജി വകുപ്പിന് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ലോറിക്ക് 30,000 രൂപ വരെ പിഴയിനത്തിൽ ഈടാക്കി. അന്നും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കു തർക്കം നടന്നു. തന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയിട്ടും ദീദുവിനെതിരേ പരാതി നൽകാൻ എസ്ഐ തയാറായിട്ടില്ല.

അതേ സമയം ആളെ നോക്കിയാണ് എസ്ഐ പിഴ ഈടാക്കുന്നത് എന്നാണ് ലോക്കൽ സെക്രട്ടറി പറയുന്നത്. മുൻപ് മൂന്നു വാഹനം ഒന്നിച്ച് പിടിക്കുകയും അതിൽ രണ്ടെണ്ണം കുറഞ്ഞ പിഴ ചുമത്തി വിട്ടയയ്ക്കുകയും ഒരെണ്ണത്തിന് വൻ തുക പിഴ ഈടാക്കുകയും ചെയ്തുവെന്ന് ഇവർ പറയുന്നു. വാഹന പരിശോധന നടക്കുന്ന സ്ഥലത്ത് വച്ച് ഇതാണ് ചോദ്യം ചെയ്തതെന്നാണ് ഇവർ പറയുന്നത്.

അതേ സമയം, വാഹന പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ എസ്ഐ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് അരുവാപ്പുലം പാറയ്ക്കൽ പി.വി. ബിജു മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നൽകി. എസ്ഐ സജു വാഹന പരിശോധനയ്ക്കിടെ ഗ്യാലക്സി പാറമടയിൽ നിന്ന് പാറ കയറ്റി വന്ന ചില ലോറികൾക്ക് മാത്രം 250 രൂപയും സാധാരണക്കാരന്റെ ലോറികൾക്ക് അരലക്ഷം രൂപയും പിഴ ഈടാക്കുന്നത് കണ്ടു. അമിത പിഴ ഈടാക്കുന്നതിന്റെ ചിത്രം പകർത്തിയ തന്റെ മൊബൈൽ എസ്ഐ തട്ടിത്തെറിപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. ഒപ്പമുണ്ടായിരുന്നയാളെയും എസ്ഐ മർദിച്ചുവെന്ന് പറയുന്നു.

എസ്ഐ സജുവിനെ കഴിഞ്ഞയാഴ്ച പത്തനംതിട്ടയിലേക്ക് മാറ്റി ഉത്തരവിറങ്ങിയിരുന്നു. ഇതു വരെ ഇത് നടപ്പായില്ല. നിലവിൽ സിപിഎം ലോക്കൽ സെക്രട്ടറിയുമായി കൊരുത്തതിന്റെ പേരിലാണ് എസ്ഐയെ മാറ്റിയത് എന്ന പ്രചാരണം ശരിയല്ലെന്നും ഉന്നത പൊലീസുദ്യോഗസ്ഥർ പ്രതികരിച്ചു.