പത്തനംതിട്ട: ക്ഷേത്ര ഉൽസവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ് റോഡിലൂടെ ഒരു വരിയായി പോകണമെന്ന് എസ്ഐ. പറ്റില്ലെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ. അവരുടെ ആവശ്യം അംഗീകരിക്കണമെന്ന് പറയാൻ ചെന്ന സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ എസ്ഐ അടിച്ചു നടുറോഡിൽ ഇട്ടുവെന്ന് ആരോപണം. എസ്ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ പ്രതിഷേധം.

ഇരവിപേരൂർ ഏരിയാ കമ്മറ്റിയംഗം എ.കെ സന്തോഷ് കുമാറിനെയാണ് പുല്ലാട് ജങ്ഷനിൽ വച്ച് കോയിപ്രം എസ്ഐ ഗ്ലാഡ്വിൻ എഡ്വേർഡ് മർദ്ദിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് സംഭവം. അടി കൊണ്ട് സന്തോഷ് റോഡിൽ വീണു. പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു. പ്രപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള എഴുന്നള്ളത്ത് പുല്ലാട് ജങ്ഷനിൽ എത്തിയപ്പോൾ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡിൽ ഒരു വരിയാക്കണമെന്ന് എസ്‌ഐ നിർദേശിച്ചു. ക്ഷേത്രഭാരവാഹികൾ ഇതിനെ എതിർത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങൾ കടന്നു പോകാൻ പൊലീസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടതാണ് എസ്ഐ പ്രകോപിപ്പിച്ചത്.

മർദ്ദനമേറ്റ സന്തോഷ് തലയടിച്ചാണ് റോഡിൽ വീണതെന്ന് പറയുന്നു. തുടറന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അഡ്വ. പിലിപ്പോസ് തോമസ് എന്നിവരുടെ നേതത്വത്തിൽ പ്രകടനം നടത്തി. എസ് ഐ യുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് പിലിപ്പോസ് തോമസ് ആവശ്യപ്പെട്ടു.