തിരുവനന്തപുരം: കാക്കിക്കുള്ളിൽ ആരും അധികം അറിയാതെ ഒളിപ്പിച്ച പ്രണയം പറഞ്ഞ് അവർ ഒന്നായി. വിവാഹ കാര്യത്തെ കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം അമ്പരന്ന സഹപ്രവർത്തകർ പിന്നീട് ഇരുവർക്കും ആശംസകൾ നേർന്നു. വലിയ തുറിലെ പൊലീസ് സ്‌റ്റേഷനിലാണ് ഒരു പ്രണയസാഫല്യം ഉണ്ടായിരിക്കുന്നത്. പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ജീവിതത്തിൽ ഒരുമിച്ചത് വലിയതുറ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ. അഭിലാഷ് മോഹനനും ക്രൈം എസ്‌ഐ. അലീനാ സൈറസുമായിരുന്നു. ഇനി ജീവിതയാത്ര ഒരുമിച്ചു മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

സഹപ്രവർത്തകർ എന്ന നിലയിലുള്ള അടുപ്പമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നത്. ഇത് പ്രണയത്തിന് വഴിമാറുകയായിരുന്നു. ജോലിയുടെ ഭാഗമായിട്ടായിരുന്നു അവർ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകൾ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലർത്തിയിരുന്ന സമാനതകൾ ഇരുവരെയും കൂടുതൽ അടുപ്പിച്ചു.

അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിച്ചതെന്ന് എസ്‌ഐ. അഭിലാഷ് പറഞ്ഞു. 2019 ലാണ് ജോലിയിൽ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനിൽ ഗവൺമെന്റ് പ്രസിൽ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്.

വെട്ടുതുറ അലീന ഹൗസിൽ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അൽഫോൻസിയയുടെയും മകളാണ് അലീന. 2018-ലാണ് അലീന ജോലിയിൽ പ്രവേശിച്ചത്. പത്തനംതിട്ട സ്റ്റേഷനിൽ നിന്നായിരുന്നു വലിയതുറ സ്റ്റേഷനിലെത്തിയത്. ജോലിയോടുള്ള അഭിലാഷിന്റെ ആത്മാർഥതയും പോസിറ്റീവ് നിലപാടുകളും തന്നെ ആകർഷിച്ചുവെന്ന് അലീന.

ജൂലായ് 14-ന് മലയിൻകീഴ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. ''രാവിലെ 11-ന് ഞങ്ങൾ വിവാഹിതരായി. രജിസ്ട്രാഫീസിൽ കൊടുക്കേണ്ട അപേക്ഷയിലെ ഫോട്ടോ മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജാണ് സാക്ഷ്യപ്പെടുത്തിയത്. വിവാഹക്കാര്യം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹവും ഞെട്ടി. ആശംസകൾ അറിയിച്ചശേഷം സന്തോഷത്തോടെ ഒപ്പിട്ടുതന്നു''- അലീന പറഞ്ഞു.