- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹവി സ്റ്റേഷനുകളുടെ ചുമതല ഇൻസ്‌പെക്ടർമാരിൽ തന്നെ നിലനിർത്തും; കേസുകൾ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തിൽ പഴയ രീതിയിലേക്ക്; സാമ്പത്തിക പ്രതിസന്ധി കാലത്ത് ഖജനാവിന് പ്രതിസന്ധിയാകുമോ പൊലീസ് സ്റ്റേഷനിലെ ഘടനാ മാറ്റം? വീണ്ടും എസ് ഐ പവർഫുള്ളാകും
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തന ഘടനയിൽ വീണ്ടും മാറ്റം വരും. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടർമാരിൽ നിന്നും എസ്ഐമാർക്ക് തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്‌ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുനർസംഘടന. ഇതോടെ വീണ്ടും എസ് ഐമാർ പവർഫുള്ളാകും. ധനവകുപ്പിന്റെ നിലപാട് ഈ നയം മാറ്റത്തിൽ നിർണ്ണായകമാകും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഘടനാ മാറ്റം ധനവകുപ്പ് എതിർക്കാനും സാധ്യതയുണ്ട്.
അഞ്ചുവർഷം മുമ്പുള്ള കേരളപിറവി ദിനത്തിലാണ് അന്നത്തെ പൊലീസ് മേധവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സേനയിൽ പരിഷ്‌ക്കരണം നടത്തിയത്. തുടർന്ന് സംസ്ഥാനത്ത 472 പൊലീസ് സ്റ്റേഷനുകളുടെ ഭരണം എസ്ഐമാരിൽ നിന്നും ഇൻസ്പെക്ടർമാർക്ക് കൈമാറി. ഇതിന്റെ ഭാഗമായി എസ്ഐമാരുടെ തസ്തിക ഇൻസ്പെക്ടർ റാങ്കിലേക്ക് ഉയർത്തുകയും 218 പേർക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നൽകുകയും ചെയ്തു. ഇതിന് ശേഷം എസ് ഐമാർക്ക് അധികാരക്കുറവുണ്ടായി. ഇത് മൂലം കൂടുതൽ ബാധ്യത സർക്കാരിനുണ്ടായിരുന്നു. പ്രെമോഷനും മറ്റും ചെലവ് കൂട്ടി.
ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർമാർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പരിഷ്‌ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ്‌പിമാരുടെയും എഡിജിപിമാരുടെയും യോഗത്തിൽ വിമർശനമുണ്ടായി. ഇക്കാര്യം പരിശോധിക്കാൻ വേണ്ടി ഡിജിപി ടി.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയുണ്ടാക്കി. പരിഷ്‌ക്കരണം നേട്ടത്തെക്കാൾ കൂടുതൽ കോട്ടമുണ്ടാക്കിയെന്നാണ് സമിതിയുടെ റിപ്പോർട്ട്. എസ് ഐമാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നുവെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സിഐമാരുടെ നിരീക്ഷണത്തിൽ എസ് ഐമാർ ഉത്തരവാദിത്തം നിറവേറ്റണമെന്നതാണ് നിർദ്ദേശം.
സംസ്ഥാനത്തെ ചില പ്രധനപ്പെട്ട സ്റ്റേഷനുകളിൽ ഒഴികെ മറ്റ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക് തിരികെ നൽകാനും മേൽനോട്ട ചുമതലകളിലേക്ക് ഇൻസ്പെക്ടർമാരെ മടക്കികൊണ്ടുവരാനുമാണ് സമിതിയുടെ ശുപാർശ. കേസുകൾ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തിൽ എസ്‌ഐമാർക്ക് നൽകും. എസ്‌ഐമാരുടെ റാങ്ക് പട്ടിക നിലനിൽക്കുന്നതിനാൽ കൂടുതൽ പേരെ ഇപ്പോൾ നിയോഗിക്കാനും കഴിയും. ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ഈ ശുപാർശ നടപ്പിലാക്കാനാണ് ആലോചന. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഇതിന് തടസ്സമാകുമെന്നും സൂചനയുണ്ട്.
എസ്‌ഐമാർ കഴിഞ്ഞാൽ സർക്കിൾ ഇൻസ്‌പെക്ടർ തലത്തിലുള്ള നിരീക്ഷണം നഷ്ടമായി. പൊലിസിൽ അന്വേഷണവും ക്രമസമാധാനവും ചടുലമായി കൊണ്ടുപോകുന്ന എസ്‌ഐമാർ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറാൻ തുടങ്ങി. എല്ലാ ഉത്തരവാദിത്തവും ഇൻസ്‌പെക്ടറിലേക്ക് വന്നു ചേർന്നതോടെ പലർക്കും മാനസിക സംഘർഷങ്ങളും ശാരീരിക പ്രശ്‌നങ്ങളുമുണ്ടായി. ഗ്രേഡ് എസ്‌ഐമാരുടെ പ്രമോഷനെയും പുതിയ സംവിധാനം തകിടം മറിച്ചു. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.
തിരുവനന്തപുരം കന്റോൺമെന്റ്, മ്യൂസിയം, കഴക്കൂട്ടം, എറണാകുളം സെൻട്രൽ സ്റ്റേഷൻ, കോഴിക്കോട് നടക്കാവ് തുടങ്ങിയ ഹെവി സ്റ്റേഷനുകളുടെ ചുമതല ഇൻസ്‌പെക്ടർമാരിൽ തന്നെ നിലനിർത്തും. സ്റ്റേഷനുകളിൽ നിന്നും പിൻവലിക്കുന്ന ഇൻസ്‌പെക്‌സർമാരെ പോക്‌സോ, സൈബർ, സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണങ്ങൾക്കായി വിനിയോഗിക്കും. സിഐമാർ കൂടുതൽ ഉണ്ടാകുന്ന സാഹചര്യമാകും നയ മാറ്റം ഉണ്ടാക്കുക. ഇതിനെ ധനവകുപ്പ് എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം.
മറുനാടന് മലയാളി ബ്യൂറോ