പോത്തൻകോട്: കേരളാ പൊലീസിൽ നീതിയോടെ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം പലപ്പോഴും കരിയറിലെ ബ്ലാക്കമാർക്കാണ്. രാഷ്ട്രീയക്കാരുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നവർക്കാണ് പലപ്പോഴും സർവീസിൽ കയറ്റങ്ങൾ ഉണ്ടാകുക. അടുത്തിടെ സഖാക്കളുടെ കാലുതിരുമ്മാത്ത ഉദ്യോഗസ്ഥർക്ക് പലപ്പോഴും തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. അത്തരത്തിൽ സത്യത്തിന് വേണ്ടി നിലകൊണ്ട് മറ്റൊരു ഉദ്യോഗസ്ഥനെതിരെ കൂടി പകപോക്കി സഖാക്കൾ.

അപകടമുണ്ടാക്കിയ മദ്യപസംഘത്തിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത മംഗലപുരം എസ്‌ഐ.യെയാണ് സ്ഥലം മാറ്റിയത്. വാഹനത്തിൽ സഞ്ചരിച്ചിരുന്നത് സഖാക്കളായിരുന്നു. ഭരണകക്ഷിയിലുള്ള ഉന്നത നേതാക്കൾ ഇടപെട്ടിട്ടും കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകൊടുക്കാത്തതിനാലാണ് എസ്‌ഐ.യെ സ്ഥലംമാറ്റിയത്. മംഗലപുരം എസ്‌ഐ. അമർസിങ് നായകത്തിനെ ആറ്റിങ്ങൽ ട്രാഫിക്കിലേക്കാണ് മാറ്റിയത്.

പുതുവർഷത്തലേന്ന് രാത്രി ആഘോഷം കഴിഞ്ഞ് പോയ സ്ത്രീയടക്കം അഞ്ച് ആരോഗ്യവിഭാഗം ജീവനക്കാർ സഞ്ചരിച്ച വാഹനം കണിയാപുരത്തുവച്ച് ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. അപകടസ്ഥലത്തെത്തിയ ഹൈവേ പൊലീസിന്റെ പരിശോധനയിൽ കാർ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. ഇതോടെ വകുപ്പ് അനുസരിച്ചുള്ള നടപടികളാണ് ഉദ്യോഗസ്ഥൻ കൈക്കൊണ്ടത്. അഞ്ച് ആരോഗ്യ വിഭാഗം ജീവനക്കാർ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽ പെട്ടത്. കാറിനെയും ഡ്രൈവറെയും മംഗലപുരം സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു വിട്ടയച്ചു.

എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ഇടപെട്ട് വാഹനം വിട്ടയയ്ക്കാനും കേസെടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് വകവയ്ക്കാതെ എസ്‌ഐ നടപടിക്രമം പാലിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ സഖാക്കൾ ഉടക്കുകയും പ്രതികാരം തീർക്കാൻ രംഗത്തിറങ്ങുകയും ചെയ്തു. അതേസമയം എസ്‌ഐ അമർസിംഗിന് ഇതൊന്നും പുത്തരിയല്ലെന്നാണ് അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്.

മുമ്പും സിപിഎം സഖാക്കളുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. എട്ട് വർഷം മുമ്പാണ് സർവീസിൽ കയറിത്. പാറശ്ശാരയിലും വെഞ്ഞാറമൂടിലമൊക്കെ ജോലി നോക്കിയിരുന്നു. സർവീസിൽ ഇരുന്നിടത്തെല്ലാം സത്യസന്ധമായി ജോലി നോക്കുക എന്നതാണ് അമർസിംഗിന്റെ പരിപാടി. നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കാതെ നടപടി എടുക്കുന്ന പക്ഷക്കാരന് അദ്ദേഹം. അതുകൊണ്ട് തന്നെ പലപ്പോഴും രാഷ്ട്രീയക്കാർ ഉടക്കുമായി രംഗത്തുവരുന്നതും പതിവാണ്.