കോഴിക്കോട്: ലോക്കൽ സ്റ്റേഷനിലെ എസ്‌ഐ തസ്തിക മാറ്റത്തിലുടെ ഹവിൽദാറായി വീണ്ടും പഴയ ലാവണത്തിലേക്ക്. എടച്ചേരി സ്റ്റേഷനിൽ എസ്‌ഐയായ വി.കെ. കിരൺ ആണ് തന്റെ പഴയ ലാവണമായ സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിലെ ഹവിൽദാർ തസ്തികയിലേക്ക് മടങ്ങുന്നത്. കേരള പൊലീസ് ചരിത്രത്തിൽ തന്നെ ഇത് അപൂർവമാണ്.

തിരുവനന്തപുരത്ത് സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ഹവിൽദാർ ആയിരിക്കേ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതി ലോക്കൽ പൊലീസിൽ കിരൺ എസ്ഐയായി. അവിടെ നിന്ന് തിരികെ മടങ്ങാൻ അപേക്ഷ നൽകുകയായിരുന്നു. ഇത് അംഗീകരിച്ചതോടെ എസ്‌ഐ കിരൺ വീണ്ടും പഴയ ഹവിൽദാറായി. കേരള സർവീസ് ചട്ടത്തിലെ റൂൾ എട്ട് രണ്ട് പാർട്ട് പ്രകാരമാണ് തസ്തിക മാറ്റം.

എസ്ഐ ജോലിയിൽ നിന്ന് ഇന്ന് കിരണിന് വിടുതൽ നൽകി. തിരുവനന്തപുരത്ത് സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റിന് മുൻപാകെ റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. ലോക്കൽ പൊലീസിലെ ജോലിഭാരം കാരണമാണ് കിരണിന്റെ മടക്കം എന്നാണ് പറയുന്നത്.

സമ്മർദം താങ്ങാനാകാതെ പല ഉദ്യോഗസ്ഥരും സ്വയം വിരമിക്കുകയോ രാജി സമർപ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഇവിടെ എസ്ഐ ഹെഡ്കോൺസ്റ്റബിളായി മാറുന്നത് അപൂർവമാണ്.