കേരളത്തിലെ ഏറ്റവും ജനകീയരായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു മൂൻ ഡിജിപി സിബി മാത്യൂസ് ഐപിഎസിന്റെ സർവീസ് സ്റ്റോറി വർഷങ്ങൾക്കുശേഷം വീണ്ടും വിവാദത്തിൽ. സിബി മാത്യൂസിന്റെ 'നിർഭയം-ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് ഹൈക്കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസ് എടുത്തിരിക്കയാണ്. സൂര്യനെല്ലികേസിലെ മുൻ അന്വേഷണ ഉദ്യോസ്ഥൻ കൂടിയായ മുൻ എസ്‌പി കെ.കെ. ജോഷ്വ നൽകിയ പരാതിയിലാണ് കേസ്. പുസ്തകത്തിൽ അതിജീവിതയുടെ വ്യക്തി വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും, ഈ കാര്യങ്ങളിൽനിന്ന് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീൻ കേസെടുക്കാൻ ഉത്തരവിട്ടത്.

ഇക്കാര്യത്തിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് തള്ളിയ കോടതി, പ്രോസിക്യൂഷൻ നടപടിയിൽനിന്ന് മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്നു കോടതി കുറ്റപ്പെടുത്തി.ആദ്യം മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ 2017-ൽ പുറത്തിറങ്ങിയ പുസ്തകം വീണ്ടും വിവാദത്തിലായിക്കയാണ്.

പിന്നിൽ പൊലീസിലെ കുടിപ്പകയോ?

അതേസമയം പുസ്തകം കോടതി കയറാൻ ഇടയാക്കിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ, റിട്ടയർ ചെയ്തിട്ടും നിലനിൽക്കുന്ന കുടിപ്പകയാണെന്നും വിമർശനമുണ്ട്. ഒരുകാലത്ത് കേരളം ഏറ്റവും അധികം വിശ്വാസം അർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സിബി മാത്യൂസ്. കോളിളക്കമുണ്ടായ കേസുകളിലും കൊലപാതകങ്ങളിലുമെല്ലാം സർക്കാരുകൾ വിശ്വാസപൂർവം അന്വേഷണം ഏൽപ്പിച്ചത് അദ്ദേഹത്തെയായിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വന്തം ആളായാണ് സിബി മാത്യൂസ് അറിയപ്പെട്ടത്.

അതോടെ പ്രമാദമായ കേസുകളെല്ലാം സിബി മാത്യൂസ് അന്വേഷിക്കണം എന്ന് പൊതുസമൂഹവും ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി.തെളിവില്ലാത്ത കേസുകളിൽ പലതിനും തുമ്പുണ്ടാക്കി. ഇക്കാര്യം അദ്ദേഹം തന്റെ സർവീസ സ്റ്റോറിയിൽ പറയുന്നുണ്ട്. പുസ്തകത്തിൽ നല്ലൊരുഭാഗവും പൊലീസ് സേനയിലെ ഈഗോയും പാരവെയ്പും ക്രെഡിറ്റിന്റെ പേരിലുള്ള മത്സരവും ഒക്കെയാണ് ഉൾക്കൊള്ളുന്നത്.

ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്ന ത്രില്ലോടെ വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയിലാണ് സിബി മാത്യൂസ് നിർഭയം എഴുതിയിരിക്കുന്നത്. ഓരോ കേസും അതിനു പിന്നിലെ കളികളുമെല്ലാം അദ്ദേഹം കൃത്യമായി രേഖകൾ സഹിതം പറയുന്നുണ്ട്. കരിക്കിൻവില്ല കൊലപാതകം, ജോളി വധം, മാർക് ലിസ്റ്റ് കേസ്, പോളക്കുളം ടൂറിസ്റ്റ് ഹോം കൊലപാതകം, മാറാട് കലാപം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, കല്ലുവാതുക്കൽ മദ്യദുരന്തകേസ്, പ്രഫ. ജോസഫിന്റെ കൈവെട്ടുകേസ്, ലാവ്ലിൻ തുടങ്ങിയവയെല്ലാം കോളിളക്കം സൃഷ്ടിച്ച സംഭവങ്ങൾ തന്നെ. നമ്മുടെ പൊലീസും ഉദ്യോഗ്സഥരും ഭരണസംവിധാനവും എത്രമാത്രം കളങ്കത്തോടെയാണ് ഓരോ കാര്യത്തിലും പ്രവർത്തിക്കുന്നതെന്ന് ഈ പൊലീസ് ഉദ്യോഗസ്ഥൻ വായനക്കാരനെ അറിയിക്കുന്നു. സൂര്യനെല്ലി കേസിൽ പിജെ കുര്യൻ പ്രതിയല്ല എന്ന് സിബി മാത്യൂസ് എന്തുകൊണ്ട് പറഞ്ഞുവെക്കുന്നു, അതിനുള്ള ന്യായീകരണവും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്. പൊലീസ് സേനയും അതിൽ രാഷ്ട്രീയ ഇടപെടലും അവരെ ഉപയോഗിക്കുന്നതിലെ തെറ്റുമൊക്കെ അദ്ദേഹം സവിസ്തരം വിവരിക്കുന്നു.

കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു പറയുന്നിടത്ത് അദ്ദേഹം എഴുതുന്നു-" പി.ജയരാജനെ ആക്രമിച്ച കേസിൽ പോലും യഥാർഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇരുവിഭാഗങ്ങൾക്കും പൊലീസും കേസും ഭയമില്ലായിരുന്നു. ഇരുവിഭാഗത്തിലും ആക്ഷൻ സംഘങ്ങളുണ്ടായിരുന്നു. ആക്ഷൻ കഴിഞ്ഞാൽ പൊലീസ് തിരഞ്ഞുവരുമ്പോൾപാർട്ടി നേതൃത്വം ഒരു ലിസ്റ്റ് നൽകും. അതുതന്നെയായിരിക്കും പ്രതിപട്ടികയിലുണ്ടാകുക. അവർ ആക്ഷനിൽ പങ്കെടുത്തില്ല എന്ന് തെളിയിക്കാൻ എളുപ്പമാണല്ലോ. ആരും ശിക്ഷിക്കപ്പെടാൻ പോകുന്നില്ലെന്ന് ഇരുവിഭാഗത്തിനും അറിയാമായിരുന്നു. അതുകൊണ്ട് പരസ്പരം തീർക്കുക എന്ന കാടൻ രീതിയാണ് അവർ പിന്തുടരുന്നത്. കണ്ണൂർജില്ലാ പൊലീസിനാകട്ടെ ഒരുതരം നിസ്സംഗതയാണ്. സിപിഎം ഒരു ഗോളടിച്ചല്ലോ, ഇനി അടുത്തു തന്നെ ബിജെപി ഗോൾ മടക്കും എന്നൊക്കെയാണ് അവർ പരസ്പരം പറയുക. ചോരകൊണ്ട് ചുവന്ന കണ്ണുകൾ. ഇതാണ് അക്രമികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം. അതിൽ ഒരു പാർട്ടിയും വേറിട്ട വ്യക്തിത്വം പുലർത്തുന്നില്ല."- സിബി മാത്യൂസ് ചൂണ്ടിക്കാട്ടുന്നു.

ഏഴുവർഷം മുമ്പ് പുസ്തകം ഇറങ്ങിയപ്പോൾ തന്നെ അത് വിവാദമായിരുന്നു. ചാരക്കേസിലെ പരാമർശങ്ങളാണ് ഏറെ വിവാദമായത്. രാഷ്ട്രീയക്കാർ ആരെങ്കിലും കോടതിയിൽ പോവുമെന്നാണ് കരുതിയത്. പക്ഷേ അതിനുപകരം പൊലീസിലാണ് പുസ്തകം ഏറെ പ്രശ്നമായത്.