കാസർകോട്: 'പൊലീസിനെ വട്ടം കറക്കിയ കള്ളന്റെ കഥ പറഞ്ഞ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയിലെ പൊലീസ് വേഷം അടക്കം ഒട്ടേറെ സിനികളിലെ മിന്നും പ്രകടനങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനും കാസർകോട് വിജിലൻസ് ഇൻസ്പെക്ടറുമായ സിബി തോമസിന് സ്ഥാനക്കയറ്റം. വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി ആയാണ് നിയമനം.

ചലച്ചിത്ര താരമായ സിബി തോമസ് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. 2014 ,2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്.

വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയായ സിബിതോമസ് കർഷകനായ എഎം തോമസ് - ലീലാ തോമസ് ദമ്പതികളുടെ ഇളയമകനാണ്. രസതന്ത്രത്തിൽ ബിരുദധാരിയാണ്. പൂണെ ഫിലിം ഇസ്റ്റിറ്റിയൂട്ടിൽ മോഷൻ പിചർ ഫോടോഗ്രാഫി കോഴ്സ് പഠിക്കാനാനുള്ള അഖിലേൻഡ്യ എൻട്രൻസിൽ എട്ടാം റാങ്ക് നേടി ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഫൈനൽ ഇന്റർവ്യൂവിന് പരാജയപ്പെട്ടു. പിന്നീട് നാട്ടിൽ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തിൽ കെമിസ്റ്റ് ആയും മെഡികൽ റെപ്രസെന്ററ്റീവ് ആയും ജോലി ചെയ്തു. ഇതിനിടെ എസ് ഐ ടെസ്റ്റ് എഴുതി നിയമനം നേടിയത്.

കോളജ് കാലഘട്ടത്തിൽ. നാടകങ്ങളിൽ സജീവമായൊരുന്ന സിബി, സർവകലാശാല എ സോൺ കലോത്സവങ്ങളിൽ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തൻ സിബിയെ കണ്ടെത്തിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. കുറ്റാന്വേഷണ രംഗത്തും അദ്ദേഹത്തിന് മികവ് പുലർത്താനായി. പാലാരിവട്ടം, ചൊക്ലി, ആദൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിരുന്നു.

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തതിന് പിന്നാലെ തമിഴ് സിനിമയിലും സിബി തോമസ് അരങ്ങേറ്റംകുറിച്ചിരുന്നു. സൂര്യ നായകനായെത്തിയ ജയ് ഭീമിലൂടെയായിരുന്നു സിബിയുടെ തമിഴ് അരങ്ങേറ്റം.

യഥാർത്ഥ ജീവിതത്തിൽ പൊലീസ് ഉദോഗ്യസ്ഥനായ സിബി തോമസ് ചിത്രത്തിലും പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദീലിഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലുലൂടെയാണ് സിബി അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധനേടിയിരുന്നു. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ഹാപ്പി സർദാർ, ട്രാൻസ് ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിരുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്റെ കുപ്പായവും അണിഞ്ഞിരുന്നു. എസ്ഐ ആയിരിക്കെ സിബി അന്വേഷിച്ച കേസും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നെടുത്ത കഥയായതുകൊണ്ട് തിരക്കഥാറോളിലും സിബിയെത്തുകയായിരുന്നു.