- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയെ നയിക്കാൻ സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം; ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ; ചുമതലയേറ്റത് പത്ത് അംഗ മന്ത്രിസഭ; കണ്ഠീരവ സ്റ്റേഡിയത്തിൽ ചടങ്ങിന് സാക്ഷ്യം വഹിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാരും കോൺഗ്രസ് ദേശീയ നേതാക്കളും പ്രതിപക്ഷ നിരയിലെ പ്രമുഖരും
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഇവർക്കു പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ദലിത് നേതാവ് കെ.എച്ച് മുനിയപ്പയും അധികാരമേറ്റു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കർണാടകയിൽ ഇന്ന് അധികാരമേറ്റത്.
Senior Congress leader Siddaramaiah takes oath as the Chief Minister of Karnataka in Bengaluru. pic.twitter.com/9VUBNNsuv2
- ANI (@ANI) May 20, 2023
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, തുടങ്ങിയവർ സത്യപ്രതിജ്ഞയ്‌ക്കെത്തി. നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസന്റെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്കയും രാഹുലും വേദിയിലുണ്ടായിരുന്നു.
മുഖ്യമന്ത്രിപദത്തിൽ സിദ്ധരാമയ്യക്ക് രണ്ടാമൂഴമാണിത്. ബിജെപിയെ 66 സീറ്റുകളിലൊതുക്കി 136 സീറ്റുമായാണ് ഇക്കുറി കോൺഗ്രസ് കർണാടകയിൽ അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കം നിലനിന്നിരുന്നു. ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യക്കു തന്നെ നൽകുകയായിരുന്നു. പാർട്ടി തീരുമാനം അംഗീകരിച്ച ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകാൻ തീരുമാനിക്കുകയായിരുന്നു.
എട്ടു പേർക്ക് മന്ത്രിസ്ഥാനം അനുവദിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉത്തരവിറക്കിയിരുന്നു. ജി. പരമേശ്വര. കെ.എച്ച്. മുനിയപ്പ, മലയാളിയായ കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, വടക്കൻ കർണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാർക്കിഹോളി, മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ് സമീർ അഹമ്മദ് ഖാൻ എന്നിവർക്കാണ് മന്ത്രിസ്ഥാനം നൽകിയതെന്ന് കോൺഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കോൺഗ്രസ് പ്രകടന പത്രികയിലെ 5 പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്.
മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താണ് മന്ത്രിമാരെ നിശ്ചയിച്ചത്. ആദ്യം 25 പേരെങ്കിലും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്ത വന്നിരുന്നെങ്കിലും പുലരുവോളം ചർച്ച നടത്തിയിട്ടും തീരുമാനത്തിൽ എത്താനായില്ല. ഇന്നു സത്യപ്രതിജ്ഞ നടക്കേണ്ടതിനാൽ ആദ്യ എട്ട് മന്ത്രിമാരുടെ പട്ടിക പുറത്തുവിടാൻ തീരുമാനിക്കുകയായിരുന്നു..
മറുനാടന് മലയാളി ബ്യൂറോ