ചണ്ഡിഗഡ്: ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ പഞ്ചാബിലെ ജയിലിൽ കൊല്ലപ്പെടുമ്പോൾ ഉയരുന്നത് ആശങ്ക. ഗുണ്ടാത്തലവൻ മന്മോഹൻ സിങ് മോഹന, മന്ദീപ് സിങ് തൂഫാൻ എന്നിവരാണു കൊല്ലപ്പെട്ടത്. തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിലാണു കൊല്ലപ്പെട്ടത്. ഒരു തടവുകാരനു പരുക്കേറ്റു. ഇതിന് പിന്നിൽ ഖാലിസ്ഥാൻ ശക്തി പ്രാപിക്കുന്നതിന്റെ വിലയിരുത്തലുകളുമുണ്ട്.

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊലപാതകക്കേസിലെ രണ്ട് പ്രതികൾ കൊല്ലപ്പെട്ടു. ദൂരൻ മൻദീപ് സിങ് തൂഫാൻ, മന്മോഹൻ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. തൻതാരൻ ജില്ലയിലെ ഗോവിന്ദ്വാൽ സാഹിബ് ജയിലിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റായിരുന്നു മരണം. രണ്ട് ഗ്യാങ്ങുകളിൽപ്പെട്ടവർ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചത് എന്നാണ് പൊലീസ് അറിയിക്കുന്നത്. ഇത് സത്യമാണോ എന്ന് ആർക്കും ഉറപ്പില്ല. കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ വാദികൾ പഞ്ചാബിലെ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചിരുന്നു.

ഖാലിസ്ഥാൻ വാദം ശക്തമാകുന്നുവെന്ന സൂചനകളും എത്തി. ഇതിന് പിന്നാലെയാണ് ജയിലിലെ ആക്രമവും കൊലകളും. സിദ്ദു കേസിലെ പ്രതികളെ കൊല്ലാനുള്ള ബോധപൂർവ്വമായ കലാപമാണ് നടന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസാവാല മെയ്‌ 29ന് പഞ്ചാബിലെ മൻസയിലാണു വെടിയേറ്റു മരിച്ചത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവൻ ഗോൾഡി ബ്രാർ (സതീന്ദർജിത് സിങ്) ഫേസ്‌ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ലോറൻസ് ബിഷ്ണോയി വഴിയാണു കൊലപാതകം ആസൂത്രണം ചെയ്തത്.

കഴിഞ്ഞ വർഷം അകാലി നേതാവ് വിക്കി മിദ്ദുഃഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ദുവിന്റെ കൊലപാതകമെന്നും വ്യക്തമാക്കി. ഗോൾഡി ബ്രാറിനെ കലിഫോർണിയയിൽ വച്ച് യുഎസ് അധികൃതർ പിടികൂടിയിരുന്നു. അതേസമയം കൊലപാതകത്തിൽ പങ്കുള്ളവർ എന്ന് സംശയിക്കുന്ന രണ്ട് പ്രതികൾ കഴിഞ്ഞ വർഷം ജൂലൈയിൽ അമൃത്സറിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അമൃത്സറിൽ നിന്ന് 20 കിലോമീറ്റർ ദൂരെ ഭക്‌ന ഗ്രാമത്തിൽ വച്ച് പഞ്ചാബ് പൊലീസിന്റെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡുമായുണ്ടായ ഏറ്റുമുട്ടലിൽ ജഗ്രൂപ് സിങ് രൂപ, മൻപ്രീത് സിങ് എന്നിവരാണ് വെടിയേറ്റു മരിച്ചത്.

ഒളിച്ചിരുന്ന പ്രതികൾ പൊലീസിന് നേരെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചുവെടിവച്ചതോടെ ഇരുവരും വെടിയേറ്റു വീണു. ഇവർക്കൊപ്പമുണ്ടായിരുന്ന എട്ടു പേരെ അറസ്റ്റ് ചെയ്ത പൊലീസ് എ. കെ 47 തോക്കുകൾ പിടിച്ചെടുത്തു. ഇതെല്ലാം പഞ്ചാബിൽ വീണ്ടും തീവ്രവാദം വളരാനുള്ള സാധ്യതയാണ്. ഇതിനെ ഗൗരവത്തോടെയാണ് പഞ്ചാബ് പൊലീസും കാണുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് അമൃത്പാൽ സിങ് എന്ന നേതാവിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ തോക്കും, വാളുമായി എത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ അനുയായികളെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അജ്നാല പൊലീസ് സ്റ്റേഷനിലേക്കാണ് ഇവർ ഇരച്ചുകയറിയത്. മൂന്ന് പൊലീസുകാർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഖലിസ്ഥാൻ അനുകൂല സംഘടന നേതാവായ അമൃത്പാൽ സിംഗാണ് ഈ പ്രതിഷേധത്തെ നയിച്ചത്. മണിക്കൂറുകളോളമാണ് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ യുടെ നിലവിലെ തലവനാണ് അമൃത്പാൽ സിങ്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് ഈ സംഘടന സ്ഥാപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിൽ ദീപ് സിദ്ധു ഒരു റോഡപകടത്തിൽ മരിക്കുകയും ചെയ്തു.

ഖാലിസ്ഥാൻ ഭീകരനായ ഭിന്ദ്രൻവാലയായി മാറാൻ ശ്രമിക്കുന്ന നേതാവാണ് അമൃത്പാൽ സിങ് എന്നാണ് പരക്കെ പറയപ്പെടുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരനാണ് ഭിന്ദ്രൻവാല. 1984 ജൂൺ ആറിന് ഇന്ത്യൻ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഭിന്ദ്രൻവാല കൊല്ലപ്പെടുന്നത്. ഭിന്ദ്രൻവാലയെ ഓർമ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാൽ സിങ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ഫൗജാൻ എന്നറിയപ്പെടുന്ന തന്റെ അനുയായി സംഘവുമായി അമൃത്പാൽ സിങ് സുവർണ്ണക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു. കൂടാതെ ജനങ്ങളിൽ സിഖ് മതം പ്രചരിപ്പിക്കുന്നതിനായി പാന്തിക് വഹീർ എന്നൊരു ജാഥയും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് അമൃത്പാൽ സിങ് പഞ്ചാബിലെത്തുന്നത്. ശേഷം സംസ്ഥാനത്തെ എല്ലാവീടും കയറിയിറങ്ങി തന്റെ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ഇദ്ദേഹം. ഇതെല്ലാം പഞ്ചാബിൽ സജീവ ചർച്ചയാകുമ്പോഴാണ് ജയിൽ ആക്രമവും ഉണ്ടാകുന്നത്.