- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിവേഗം അപ്പീൽ നൽകാൻ രാജ്ഭവൻ നിർദ്ദേശം
തിരുവനന്തപുരം : പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ കണ്ടത്. ഇടപെടൽ നടത്താമെന്ന് ഗവർണ്ണർ ഉറപ്പ് നൽകിയെന്ന് അച്ഛനും അമ്മയും അറിയിച്ചു. പരാതി വി സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കി.
പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ വിശദീകരിക്കുന്നു. രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. അതിനിടെ പ്രതിപ്പട്ടികയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ സർവ്വകലാശാല അപ്പീൽ നൽകുമെന്നാണ് വൈസ് ചാൻസിലർ പറയുന്നത്. മതിയായ അറ്റന്റൻസ് ഇല്ലാത്തതും പ്രതികൾക്കെതിരായ ആന്റി റാംഗിഗ് കമ്മറ്റിയുടെ റിപ്പോർട്ടും ചൂണ്ടിക്കാട്ടിയാണ് നടപടി.
വിധിക്കെതിരെ സർവകലാശാല അപ്പീൽ നൽകുമെന്ന് സർവകലാശാലാ വി സി ഡോ. കെ എസ് അനിൽ വ്യക്തമാക്കി. അപ്പീലും റിവ്യൂ പെറ്റീഷനും നൽകാൻ വൈസ് ചാൻസിലർ സ്റ്റാൻഡിങ് കൗൺസിലിന് നിർദ്ദേശം നൽകി. മതിയായ അറ്റൻഡൻസ് ഇല്ലാത്തതും പ്രതികൾക്കെതിരായ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടുമടക്കം ചൂണ്ടിക്കാട്ടിയാണ് സർവകലാശാലാ നടപടി. അതേസമയം, കോടതിയുടെ അനുകൂല വിധിയുടെ പശ്ചാത്തലത്തിൽ ചില പ്രതികൾ കഴിഞ്ഞ ദിവസം നടന്ന ഒരു പരീക്ഷ എഴുതിയതായും സർവകലാശാലാ അധികൃതർ വ്യക്തമാക്കി.
പ്രതികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. ജാമ്യം ലഭിച്ച പ്രതികളായ 19 വിദ്യാർത്ഥികൾക്കാണ് പരീക്ഷയെഴുതാൻ അനുമതി ലഭിച്ചത്. ഇതിന് ആവശ്യമായ ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് പ്രതികളുടെ ഹർജി പരിഗണിച്ചത്. പരീക്ഷയെഴുതിയാലും ഇവരുടെ ഫലം പ്രസിദ്ധീകരിക്കില്ല. മൂന്ന് വർഷത്തെ പഠന വിലക്ക് നേരിടുന്നതിനാലാണ് ഫലം പ്രസിദ്ധീകരിക്കാതെ പിടിച്ചുവയ്ക്കുന്നത്. സിദ്ധാർത്ഥന് ക്രൂരമർദനവും റാഗിങും നേരിടേണ്ടി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് 19 വിദ്യാർത്ഥികളെ പ്രതി ചേർത്തത്. ഇവരെ കോളേജ് പുറത്താക്കുകയും ചെയ്തു.
ഇവരാണ് ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടിയത്. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും വിചാരണ പൂർത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും ഉപാധികളോടെയാണ് ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയത്. അതിനാൽ തൃശൂരിലെ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കും. ഈ സാഹചര്യത്തിലാണ് സിദ്ധാർത്ഥന്റെ കുടുംബവും പരാതിയുമായി എത്തുന്നത്.
ഫെബ്രുവരി 18-നാണ് കോളേജ് ഹോസ്റ്റലിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 16 -ാം തീയതി മുതൽ സഹപാഠികൾ അടക്കമുള്ളവർ ക്രൂരമായി മർദിച്ചതായി കണ്ടെത്തിയിരുന്നു.