- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5 വര്‍ഷത്തിലൊരിക്കലേ അധ്യാപകര്‍ക്കു സ്ഥാനക്കയറ്റം ഉള്ളൂ എന്നിരിക്കെ കാന്തനാഥന്റെ സ്ഥാനക്കയറ്റം 2 വര്‍ഷത്തേക്കു മരവിപ്പിച്ചത് ഫലത്തില്‍ ശിക്ഷയല്ല; പൂക്കോട്ടെ റാഗിംഗില്‍ നടന്നത് സര്‍വ്വത്ര അട്ടിമറി; സിദ്ധാര്ത്ഥന് ഇനിയും ആരും നീതി കൊടുക്കുന്നില്ല; ഇടതു രാഷ്ട്രീയം 'മുന്‍കാല്യ പ്രാബല്യ' ഉത്തരവിനെ അട്ടിമറിക്കുമ്പോള്‍
കല്‍പറ്റ: റാഗിങ്ങിനെത്തുടര്‍ന്ന് പൂക്കോട് വറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണസമിതി കുറ്റക്കാരെന്നു കണ്ടെത്തിയ ഡീന്‍ ഡോ. എം.കെ.നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്‍ എന്നിവരെ രക്ഷിച്ചെടുക്കാന്‍ വെറ്ററിനറി സര്‍വകലാശാലയിലെ ഇടത് അധ്യാപകസംഘടനാ പ്രതിനിധികള്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ഇതോടെ ഇടതു സംഘടനകള്‍ അട്ടമറിക്ക് കൂട്ടു നിന്നോ എന്ന സംശയമാണ് ഉയരുന്നത്.
അതിനിടെ സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഡീന്‍, അസി. വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ മുന്‍കാല പ്രാബല്യത്തോടെ വകുപ്പുതല നടപടികളെടുത്ത് വെറ്ററിനറി സര്‍വകലാശാല ഉത്തരവിറക്കി. എം.കെ.നാരായണനെ സസ്‌പെന്‍ഷനിലായതു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഡീന്‍ സ്ഥാനത്തുനിന്നു മാറ്റി പ്രഫസര്‍ തസ്തികയിലേക്കു തരംതാഴ്ത്താനാണ് ഉത്തരവ്. 3 വര്‍ഷത്തേക്ക് ഭരണപരമായ ചുമതലകളില്‍ നിയമിക്കില്ല. പൂക്കോടുനിന്നു സ്ഥലം മാറ്റുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അസി. വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്റെ സ്ഥാനക്കയറ്റം 2 വര്‍ഷത്തേക്കു വിലക്കാനും പൂക്കോടു നിന്നു തിരുവിഴാംകുന്നിലേക്കു സ്ഥലംമാറ്റാനും നിര്‍ദേശമുണ്ട്. ഇതിനിടെയാണ് നിര്‍ണ്ണായക രേഖകള്‍ പുറത്തു വരുന്നത്. കാന്തനാഥന്റെ സ്ഥാനക്കയറ്റം 3 വര്‍ഷത്തേക്കു വിലക്കാനായിരുന്നു ആദ്യ ശുപാര്‍ശ. ഏപ്രിലില്‍ത്തന്നെ ഡീന്‍ കാലാവധി കഴിഞ്ഞ ഡോ. എം.കെ. നാരായണന്‍ ഒന്നരവര്‍ഷത്തിനകം വിരമിക്കാനിരിക്കുകയുമാണ്. നാരായണനു സ്വന്തം ജില്ലയായ തൃശൂരിലെ മണ്ണുത്തി ക്യാംപസിലേക്കാണു സ്ഥലംമാറ്റം. ഉത്തരവ് ഇറങ്ങിയ സാഹചര്യത്തില്‍ ഇരുവരുടെയും സസ്‌പെന്‍ഷനും പിന്‍വലിച്ചു.
എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്നാണു നിര്‍ദേശം. ഇതെല്ലാം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ഡോ. എം.കെ.നാരായണനെ ഡീന്‍ സ്ഥാനത്തുനിന്നു മാറ്റാനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍.കാന്തനാഥന്റെ സ്ഥാനക്കയറ്റം രണ്ടുവര്‍ഷത്തേക്കു തടഞ്ഞുവയ്ക്കാനുമാണു ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനമെടുത്തത്. എന്നാല്‍, എം.കെ.നാരായണനെ 3 വര്‍ഷത്തേക്കു ഡീന്‍ ആയി നിയമിച്ചതിന്റെ കാലാവധി ഏപ്രില്‍ 22നു തീര്‍ന്നതാണ്. എന്നിട്ടും ഡീന്‍ സ്ഥാനത്തു നിന്നുള്ള മാറ്റം വലിയ ശിക്ഷാ നടപടിയായി അവതരിപ്പിക്കുകയായിരുന്നു. 5 വര്‍ഷത്തിലൊരിക്കലേ അധ്യാപകര്‍ക്കു സ്ഥാനക്കയറ്റം ഉള്ളൂ എന്നിരിക്കെ കാന്തനാഥന്റെ സ്ഥാനക്കയറ്റം 2 വര്‍ഷത്തേക്കു മരവിപ്പിച്ചതും ഫലത്തില്‍ ശിക്ഷയല്ലാതായി.
ഇതിനൊപ്പമാണ് അട്ടിമറിക്കഥയും പുറത്താകുന്നത്. നടപടിക്രമങ്ങള്‍ പിന്തുടരാതെയാണ് ഡോ. സി.ലത അധ്യക്ഷയായ ആഭ്യന്തര അന്വേഷണസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ആരോപണവിധേയരെ വിളിച്ചുവരുത്തുക പോലും ചെയ്യാതെ തയാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നുമാണ് ബോര്‍ഡ് ഓഫ് മാനേജ്മന്റിലെ ഇടത് അംഗങ്ങളായ ഡോ. കെ.സി.ബിപിന്‍, ഡോ. എ.ആര്‍.ശ്രീരജ്ഞിനി എന്നിവര്‍ നിലപാടെടുത്തത്. ഇതു തെളിയിക്കുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തിന്റെ മിനിറ്റ്‌സാണ് പുറത്തു വന്നത്. ഡീനും അസി. വാര്‍ഡനും കുറ്റക്കാരാണെന്ന മുന്‍വിധിയോടെയാണ് ആഭ്യന്തര അന്വേഷണസമിതി പ്രവര്‍ത്തിച്ചത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഡീനിനും അസി. വാര്‍ഡനുമെതിരെ കര്‍ശന നടപടിയെടുത്താല്‍ അംഗീകരിക്കില്ല. സമൂഹത്തിനു സന്ദേശമെന്നോണം ആനുപാതിക ശിക്ഷ നല്‍കി അവസാനിപ്പിക്കുകയാണു വേണ്ടതെന്നും കെ.സി.ബിപിന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
നടപടി അംഗീകരിക്കാനാകില്ലെന്ന് ഡോ. എ.ആര്‍.ശ്രീരഞ്ജിനിയും വ്യക്തമാക്കി. അസി. വാര്‍ഡന്‍ ഡോ. ആര്‍.കാന്തനാഥന്റെ സ്ഥാനക്കയറ്റം 3 വര്‍ഷത്തേക്കു തടഞ്ഞുവയ്ക്കാനുള്ള ആദ്യതീരുമാനത്തെയും ഇടതുപ്രതിനിധികള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ്, രണ്ടാം യോഗത്തില്‍ ശിക്ഷാ കാലയളവ് 2 വര്‍ഷമാക്കി കുറയ്ക്കാനുള്ള തീരുമാനമുണ്ടായത്. വകുപ്പുതല നടപടിയില്‍ എം.കെ.നാരായണനും കാന്തനാഥനുമുള്ള പരാതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയ മൂന്നംഗ ഉപസമിതിയിലും ബിപിനും ശ്രീരജ്ഞിനിയും അംഗങ്ങളാണ്. ഇതെല്ലാം രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്ന സംശയവും ശക്തമാണ്. ആഭ്യന്തര അന്വേഷണ സമിതി നേരത്തെ തന്നെ ഇരുവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്കു ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍വീസില്‍ പുനഃപ്രവേശിപ്പിക്കാനായിരുന്നു ഇടത് ആധിപത്യമുള്ള ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ ആദ്യ തീരുമാനം. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തര റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന ന്യായീകരണവും നിരത്തി. ഗവര്‍ണര്‍ ഇടപെട്ട് ഈ തീരുമാനം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ ഡീനും അസിസ്റ്റന്റ് വാര്‍ഡനും സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
തുടര്‍ന്ന് നടത്തിയ പുനഃരന്വേഷണത്തിലും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തിലും നാരായണനും അസി. വാര്‍ഡനുമെതിരെ പരമാവധി കുറഞ്ഞ ശിക്ഷയാണു ശുപാര്‍ശ ചെയ്തത്. വകുപ്പു നടപടികള്‍ എടുത്തതില്‍ വെറ്ററിനറി സര്‍വകലാശാല ഹെക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഡീന്‍ ഡോ. എം.കെ. നാരായണന്‍, അസി. വാര്‍ഡന്‍ ഡോ. ആര്‍.കാന്തനാഥന്‍ എന്നിവര്‍ക്കെതിരായ വകുപ്പുതല നടപടികള്‍ 3 മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ജൂണ്‍ 25നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.