- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മഞ്ഞക്കല്ല് വൻ പാരയാകും! സിൽവർലൈൻ പദ്ധതിയിൽ നിന്നും താൽക്കാലികമായി പിൻവലിഞ്ഞെങ്കിലും ഭൂമിയിലെ നിയന്ത്രണം മാറില്ല; പൊതുമേഖലാ ബാങ്കുകൾ വായ്പ്പക്ക് ഈടായി ഭൂമി സ്വീകരിക്കാൻ മടിക്കും; ഭൂമി വിറ്റ് ഒഴിവാക്കലും സാധ്യമാകില്ല; ഭൂവുടമകളുടെ നെഞ്ചിൽ തറച്ചത് 6737 കല്ലുകൾ
തിരുവനന്തപുരം: സിൽവർലൈനിൽ കേന്ദ്രാനുമതി ലഭിക്കുംവരെ കാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും ഭൂമിയിലെ കുരുക്കുകൾ ഒഴിയുന്നില്ല. മഞ്ഞക്കുറ്റി പതിച്ച ഭൂമിയാണ് ഉടമകൾക്ക് മുമ്പ് മുന്നിൽ വൻ വെല്ലുവിളിയാകുക. 1221 ഹെക്ടർ ഭൂമി നിർദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന് കാണിച്ച് സർവേ നമ്പറുകളും ഉൾപ്പെടെ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിച്ചിട്ടില്ല. 2021 ഓഗസ്റ്റ് 18-നായിരുന്നു ആദ്യവിജ്ഞാപനം വന്നത്. ഇതിൽ 955.13 ഹെക്ടറായിരുന്നു കാണിച്ചിരുന്നതെങ്കിൽ ഒക്ടോബറിൽ 1221 ഹെക്ടറായി വർധിച്ച് പുതുക്കി വിജ്ഞാപനം വന്നു.
നിർദിഷ്ട പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകൾ വായ്പയ്ക്ക് ഈടായി സ്വീകരിക്കാൻ മടിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത് പദ്ധതിയെ സംബന്ധിച്ച ചർച്ച നീണ്ടുപോകുന്ന കാലത്തോളം തുടരുമെന്നതാണ് പ്രതിസന്ധി. സ്ഥലം വിറ്റ് ഒഴിവാക്കാം എന്നു വച്ചാൽപോലും കെ റെയിൽ മഞ്ഞക്കുറ്റിയുള്ള ഭൂമി ആര് വാങ്ങാൻ തയ്യാറാകുമെന്നതാണ് പ്രതിസന്ധി.
സഹകരണമേഖലയിലും സമാനപ്രശ്‌നം ഉണ്ടായിരുന്നെങ്കിലും രജിസ്ട്രാറുടെ നിർദ്ദേശം ഒക്ടോബറിൽ വന്നതോടെ അവിടെ തടസ്സം ഒഴിവായി. പൊതുമേഖലാ ബാങ്കുകൾ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. ബാങ്കേഴ്‌സ് സമിതിയോ റിസർവ് ബാങ്കോ വേണം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാൻ. പക്ഷേ, അത്തരം കീഴ്‌വഴക്കം ഇല്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഈടായി സ്വീകരിക്കാൻ പാടില്ലെന്ന് ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നാണ് അവരുടെ വാദം.
അതേസമയം, മാനേജർമാർ ഭൂമി പരിശോധിച്ച് നിയമവശം പരിശോധിച്ച് തീരുമാനം എടുക്കണമെന്നുള്ള വ്യവസ്ഥ പലപ്പോഴും പ്രശ്‌നമാകുന്നുണ്ടെന്ന് പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തുന്ന എം ടി. തോമസ് മുളക്കുളം പറയുന്നു. സമാനമായ നിലപാടുകൾ വില്ലേജ് അധികാരികളും സ്വീകരിക്കുന്നുണ്ട്. ഭൂസംബന്ധമായ അന്വേഷണങ്ങളിൽ അവിടെ പദ്ധതിക്ക് ഉദ്ദേശിക്കുന്നതാണ് എന്ന് വില്ലേജ് ഓഫീസർ സൂചിപ്പിച്ചാൽ അതുമായി ബന്ധമുള്ള എല്ലാ ഇടപാടുകളും നിയന്ത്രണവിധേയമാകും. ഏറ്റെടുക്കൽ ആശങ്ക നിലനിൽക്കുന്നതിനാൽ ഇത്തരം ഭൂമികളുടെ വിൽപ്പനയും ഏതാണ്ട് നിലച്ചിട്ടുണ്ട്.
അതേസമയം സിൽവർലൈൻ പദ്ധതിക്ക് 3 വർഷം കൊണ്ട് പല ഇനത്തിൽ ചെലവു വന്നത് 31 കോടി രൂപയിലേറെ രൂപയാണ്. 2019 ജൂൺ മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കാണ് കെ റെയിൽ വെളിപ്പെടുത്തിയത്. പദ്ധതിക്കായി ഇതു വരെ 6737 കല്ലുകളാണ് 11 ജില്ലകളിൽ സ്ഥാപിച്ചത്. മഞ്ഞക്കുറ്റി വാങ്ങാൻ ചെലവായത് 1.48 കോടി രൂപയാണ്. ഇതിൽ പലതും പിഴുതെറിഞ്ഞ അവസ്ഥയിലാണ്. പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ സർക്കാർ കേസെടുക്കുകയും ചെയ്തിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ