തിരുവനന്തപുരം: സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.

അതിനിടെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. പദ്ധതി പിൻവലിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് തുറന്നു പറയാത്തതെന്നും അദ്ദേഹം പരിഹസിച്ചു. അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച സിൽവർലൈനിൽ സംസ്ഥാന സർക്കാരിന്റെ യുടേൺ ആണിത്. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്.

സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവിലുണ്ട്. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ തത്കാലം പിൻവാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ പ്രത്യക്ഷത്തിൽ അങ്ങനെ പറയുന്നുമില്ല. രണ്ട് മാസം മുമ്പ് കാലാവധി നീട്ടി കൊടുത്തതിന് പിന്നാലെയാണ് ഇത്രയും ഉദ്യോഗസ്ഥരെ മടക്കി വിളിച്ചത് എന്നതാണ് ശ്രദ്ധേയം.

നേരത്തെ സാമൂഹികാഘാത പഠനത്തിന് വേണ്ടി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ റവന്യു വകുപ്പ് മടക്കി വിളിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പഠനവുമായി മുന്നോട്ടു പോകാനാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. ഈ തീരുമാനം വന്ന ആഴ്ചക്കുള്ളിലാണ് സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ മരവിപ്പിക്കുന്നത്. സിൽവർ ലൈനിൽ നിന്നും ഒരു കാരണവശാലും പുറകോട്ടില്ലെന്നാണ് നേരത്തേ സർക്കാർ പറഞ്ഞിരുന്നത്. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ സംഭവങ്ങൾ.

സിൽവർ ലൈനിൽ ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥർക്ക് ഒരു വർഷത്തെ ശമ്പളത്തിനായി മാത്രം ചെലവിട്ടത് 13.49 കോടി രൂപയാണ്. ജോലിയൊന്നുമില്ലെന്നുകണ്ട് ഭൂമിയേറ്റെടുക്കൽ സെല്ലുകളിൽ നിയോഗിച്ച 205 റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും മറ്റ് ജോലികൾക്ക് നിയോഗിക്കാനും നിശ്ചയിക്കുമ്പോൾ ഇതെല്ലാം പാഴ് ചെലവാകുകയാണ്. 2022 ജനുവരി ഒന്നിന് ഈ തുക റവന്യൂ വകുപ്പിന് കെ-റെയിൽ നൽകിയിട്ടുണ്ട്. ഇത് ഒരുവർഷത്തെ മാത്രം കണക്കാണ്.

കേന്ദ്രാനുമതിയില്ലാതെ ഭൂമിയേറ്റെടുക്കാനാവില്ലെന്ന് വ്യക്തമായിട്ടും സാമൂഹികാഘാത പഠനം പോലും എങ്ങുമെത്താത്ത പദ്ധതിക്കായി സെല്ലുകൾ രൂപവത്കരിച്ചതാണ് തിരിച്ചടിയായത്. പാഴ്‌ച്ചെലവുകൾ ഇവിടെയും തീരുന്നില്ല. ഡി.പി.ആർ തയാറാക്കാൻ കൺസൾട്ടൻസിക്ക് നൽകിയത് 27.96 കോടിയെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ആദ്യം നൽകിയ മറുപടി. പിന്നീടിത് 29 കോടിയായെന്ന് മറ്റൊരു വിവരാവകാശ രേഖ. ഇത്രയധികം ചെലവഴിച്ച ഡി.പി.ആർ അപൂർണമെന്ന് റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയതോടെ 51 ലക്ഷം ചെലവഴിച്ച് അനുബന്ധ പഠനം.

മഞ്ഞക്കുറ്റികൾ വാങ്ങിയ ഇനത്തിലെ ചെലവ് 1.33 കോടിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കല്ലിടലിനുള്ള ചെലവടക്കം 2.44 കോടിവരും. പ്രതിഷേധം കനത്തതോടെ കല്ലിടലിനു പകരം ജിയോ ടാഗിങ് മതിയെന്ന് വെച്ചതോടെ ഈ തുകയും വെറുതെയായി. മൂന്നുമാസമെടുത്ത് ആദ്യം നടത്തിയ അതിവേഗ പാരിസ്ഥിതികാഘാത പഠനത്തിന് ചെലവിട്ടത് 40.12 ലക്ഷം രൂപ. കോടതിയിലടക്കം ഇത് ചോദ്യംചെയ്യുമെന്ന് കണ്ടതോടെ വിശദവും സമഗ്രവുമായ പഠനത്തിനായി വിനിയോഗിച്ചത് 85 ലക്ഷം.

കെ-റെയിൽ ജീവനക്കാർക്കുള്ള ശമ്പളം രണ്ടു കോടിയോളം വരും. ഓഫിസുകൾ സ്ഥാപിക്കൽ, അനുബന്ധപഠനങ്ങൾക്കും കൺസൾട്ടൻസികൾക്കുമായി ചെലവഴിച്ചവ, സമൂഹമാധ്യമ പ്രചാരണം, പരസ്യങ്ങൾ, ജനസമക്ഷം എന്ന പേരിൽ ജില്ലകളിൽ നടത്തിയ സംശയനിവാരണ പരിപാടികൾ എന്നിവയടക്കം പുറത്തുവരാത്ത മറ്റ് കണക്കുകൾ ഇതിനു പുറമെയാണ്