തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയാലേ സിൽവർലൈൻ പദ്ധതി നടപ്പാക്കാനാവൂ എന്നും സംസ്ഥാനത്തിന് സ്വന്തമായി ചെയ്യാനാവില്ലെന്നുമുള്ള മുൻ നിലപാട് വിഴുങ്ങിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ സർവേ പുനരാരംഭിക്കാൻ അനുമതി നൽകിയത്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സർവേ നടത്തുന്നതിനെതിരേ ഹൈക്കോടതി അതിശക്തമായ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.

കല്ലിടീൽ ഒഴിവാക്കി ജിയോ ടാഗിങ് വഴിയാണ് സർവേ എന്നാണ് സർക്കാർ വാദമെങ്കിലും സർവേയ്ക്കായി കെട്ടിടങ്ങളിലും മരങ്ങളിലും അതിര് രേഖപ്പെടുത്തണമെന്ന് കെ-റെയിൽ കോർപറേഷൻ വിശദീകരിക്കുന്നു. ഏറ്റെടുക്കേണ്ട ഭൂമിയിൽ മാർക്കിങ് നടത്താതെ പറ്റില്ലെന്നാണ് അവരുടെ നിലപാട്. സിൽവർലൈനിന്റെ സാമൂഹികാഘാത പഠനത്തിനായി അലൈന്മെന്റിന്റെ രണ്ട് അതിരുകളിലും ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് മാത്രമാണ് സർക്കാർ വിലക്കിയിട്ടുള്ളത്. കല്ലിടുന്നതിന് പകരം ഏറ്റെടുക്കേണ്ട ഭൂമിയിലോ സമീപത്തോ ഉള്ള കെട്ടിടങ്ങളിലും മരങ്ങളിലും മാർക്കിങ് നടത്തുമെന്നാണ് വിശദീകരണം. കെട്ടിടങ്ങളിലും മരങ്ങളിലും മാർക്കിങ് നടത്താൻ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കയറേണ്ടി വരും. ഇതോടെ വീണ്ടും സർവേ സംഘർഷത്തിൽ മുങ്ങാനാണ് സാദ്ധ്യത. ജിയോ ടാഗിങ് വഴിയുള്ള സർവേയും തടയുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ഉപഗ്രഹങ്ങളിലെ വിവരങ്ങളുപയോഗിച്ച് അലൈന്മെന്റിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ അതീവ കൃത്യതയോടെ അടയാളപ്പെടുത്തുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡി.ജി.പി.എസ്) ഉപയോഗിച്ചായിരിക്കും ഇത്തരത്തിൽ മാർക്കിങ് നടത്തുകയെന്ന് കെ-റെയിൽ കോർപറേഷൻ വ്യക്തമാക്കി. മാർക്കിങ് നടത്തിയില്ലെങ്കിൽ അലൈന്മെന്റ് സാമൂഹ്യാഘാത പഠന സംഘത്തിന് കൃത്യമായി മനസിലാക്കാനാവില്ലെന്ന് കെ-റെയിൽ വ്യക്തമാക്കി. റവന്യൂ, സർവേ, പൊലീസ്, സാമൂഹ്യാഘാത പഠന ഏജൻസി, കെ-റെയിൽ എന്നിവരടങ്ങിയ സംഘമാവും മാർക്കിംഗിനെത്തുക.

സാമൂഹ്യാഘാത പഠനത്തിനുള്ള സർവേയ്ക്ക് മൂന്നു മാർഗ്ഗങ്ങളാണ് സർക്കാർ നിർദ്ദേശിച്ചത്. ഭൂവുമടകൾ അനുവദിക്കുന്നെങ്കിൽ ഏറ്റെടുക്കേണ്ട ഭൂമിയിൽ കല്ലിട്ട് അതിർത്തി തിരിക്കാം. അല്ലാത്തിടത്ത് ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അലൈന്മെന്റ് വേർതിരിക്കുകയോ പ്രദേശത്തെ കെട്ടിടങ്ങളിലോ മരങ്ങളിലോ മാർക്കിങ് നടത്തുകയോ ചെയ്യാം. അതിനാൽ അലൈന്മെന്റിൽ മാർക്കിങ് നടത്തിയശേഷം സർവേയുമായി മുന്നോട്ടു പോവാനാണ് കെ-റെയിലിന്റെ തീരുമാനം. സിൽവർലൈനിന്റെ 529.45കിലോമീറ്റർ നിർദ്ദിഷ്ട പാതയിലെ അലൈന്മെന്റ് പൂർണമായി നേരത്തേ ജിയോടാഗിങ് നടത്തിയിട്ടുള്ളതിനാൽ, ഇനി മാർക്കിങ് നടത്തുക മാത്രമാണ് വേണ്ടത്. സർവേയ്‌സ് ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് മാർക്കിങ്. 955.13ഹെക്ടർ സ്വകാര്യ ഭൂമിയാണ് 10ജില്ലകളിൽ ഏറ്റെടുക്കേണ്ടത്.

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ റെയിൽവേ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനാവില്ല. കേന്ദ്രത്തിന്റെ അനുമതി വേണ്ടായിരുന്നെങ്കിൽ നേരത്തേ പദ്ധതി നടപ്പാക്കുമായിരുന്നെന്നും സിൽവർലൈനിന് ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന സർവേയ്ക്ക് റെയിൽവേയുടെ സമ്മതമോ അനുമതിയോ ഇല്ലെന്ന കേന്ദ്രസർക്കാർ നിലപാട് നിർഭാഗ്യകരമാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയൊരു പദ്ധതി നാടിന് ആവശ്യമാണെന്ന് മനസിലാക്കി അനുമതി ലഭ്യമാക്കണം. സാമൂഹ്യാഘാത പഠനത്തിനടക്കം തടസമാണ് കേന്ദ്രനിലപാടെന്നും മുഖ്യമന്ത്രി പറയുന്നു.

കേരളത്തിന്റെ വികസനത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്. വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇത്തരം പദ്ധതികൾക്ക് സാധാരണ തടസം ഉണ്ടാകാറില്ലാത്തതാണ്. ആ പ്രതീക്ഷ സർക്കാരിനും ഉണ്ടായിരുന്നു. അനുമതി ലഭിച്ചശേഷം നടപടി തുടങ്ങിയാൽ വൈകുമെന്നതിനാലാണ് അനുമതിക്ക് മുൻപ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചത്. തത്വത്തിലുള്ള അനുമതി പദ്ധതിക്ക് ലഭിച്ചതുമാണ്.

കേന്ദ്രസർക്കാരിനു വേണ്ടി സംസാരിക്കുന്ന പലരും സിൽവർലൈൻ കേരളത്തിൽ വരാൻ പാടില്ലാത്ത പദ്ധതിയാണെന്നാണ് പറയുന്നത്. നിർഭാഗ്യകരമായ വശമാണിത്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവർ കേന്ദ്രനിലപാട് തിരുത്തിക്കാൻ ഇടപെടണം. സിൽവർലൈൻ എൽ.ഡി.എഫിന്റെ പദ്ധതി എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. നാടിന്റെ നല്ല നാളേയ്ക്കുള്ള പദ്ധതിയാണിത്. സർക്കാർ മുൻകൈയെടുക്കുന്നു എന്നു മാത്രം. നാടിനാവശ്യമായ പദ്ധതി തകർക്കാൻ നോക്കുന്നത് നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.