തിരുവനന്തപുരം: ജനകീയ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികളും സാമൂഹിക ആഘാത പഠനവും നിലച്ചതോടെ നിശ്ചലമായ സിൽവർലൈൻ പദ്ധതിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ സർക്കാർ തീരുമാനം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി നിയോഗിക്കപ്പെട്ട റവന്യൂ ജീവനക്കാരെ തിരിച്ചു വിളിച്ച് വകുപ്പിലെ മറ്റ് പദ്ധതികൾക്കായി ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് തീരുമാനം.

കേന്ദ്ര സർക്കാരിന്റെ അനുമതിയടക്കം ഒട്ടേറെ കടമ്പകൾ പിന്നിടേണ്ട സാഹചര്യത്തിൽ ആറു മാസമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ നിശ്ചലമായ അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ താൽക്കാലികമായി തിരിച്ചു വിളിക്കുന്നത്. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സിൽവർലൈൻ പദ്ധതിക്കായി നിയോഗിച്ചത്. പ്രതിഷേധങ്ങളെ തുടർന്ന് സാമൂഹികാഘാത പഠനം തുടങ്ങാനായിട്ടില്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപായി സിൽവർലൈനായി കല്ലിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. പദ്ധതിയിൽ നിന്നും തിരിച്ചുവിളിക്കുന്ന ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലെ മറ്റു പദ്ധതികൾക്കായി സേവനം പ്രയോജനപ്പെടുത്താനാണ് നിലവിലെ തീരുമാനം. സിൽവർലൈനിൽ കേന്ദ്ര സർക്കാർ നിലപാട് വന്നതിനുശേഷം ജീവനക്കാരെ പദ്ധതിക്കായി നിയോഗിക്കാമെന്നാണ് ധാരണ.

എന്നാൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുകയാണെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ റെയിൽ അധികൃതർ പറയുന്നു. ഇതു സംബന്ധിച്ച് സർക്കാരിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. കെറെയിൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫിസും വ്യക്തമാക്കിയിട്ടുണ്ട്.

സിൽവർലൈൻ പദ്ധതിയിൽ അനിശ്ചിതത്വം ഉണ്ടായതോടെ വായ്പ എടുക്കൽ പദ്ധതികളിൽനിന്ന് സിൽവർലൈൻ തൽക്കാലത്തേക്കു പിന്മാറിയിരുന്നു. ഹഡ്‌കോ വാഗ്ദാനം ചെയ്ത 3000 കോടി വായ്പയുടെ അംഗീകാരപത്രം പുതുക്കിയില്ല. റെയിൽവേ ഫിനാൻസ് കോർപറേഷൻ നൽകാമെന്നേറ്റ വായ്പയും സ്വീകരിച്ചില്ല.

ജൈക്ക പദ്ധതി ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളിൽനിന്ന് സിൽവർലൈനെ കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ ഒഴിവാക്കിയിരുന്നു. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര റെയിൽ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അനുമതി ലഭിച്ചതിനെ തുടർന്നാണ് പ്രാഥമിക ഭൂമി ഏറ്റെടുക്കാൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോയത്.

ഇടതു സർക്കാരിന്റെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിച്ച സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന രീതിയിൽ വാർത്ത വന്നതിൽ ഇടതു മുന്നണി നേതൃത്വം അസ്വസ്ഥരാണ്. വാർത്ത നിഷേധിച്ച് സിപിഎം, സിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു.

ഒരു കാരണവശാലും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിന്റെ അടുത്ത 50 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.

സിൽവർ ലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ തത്കാലത്തേ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ എന്നാണ് ഇന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്ന് ധാരണയായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

സിൽവർവൈൻ പദ്ധതിയിൽ കേന്ദ്രാനുമതി ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കേ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന വിഷയങ്ങളിൽ നടന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പ്രധാന ചർച്ചാ വിഷയമാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ചർച്ചയിൽ മലപ്പുറം-മൈസൂരു ദേശീയപാതയ്ക്ക് ധാരണയായെങ്കിലും സിൽവർലൈൻ ചർച്ച ചെയ്തില്ല. കേരളം പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി കൈമാറിയിട്ടില്ലാത്തതിനാലാണ് ഇക്കാര്യം ചർച്ച ചെയ്യാത്തത് എന്നായിരുന്നു വിശദീകരണം.