മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ഡയറക്ടറായിരുന്ന സിമോണ്‍ ടാറ്റ വിട പറഞ്ഞത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ മകന്റെ പേരില്‍ എഴുതിവെച്ച ശേഷം. ടാറ്റ ട്രസ്റ്റ് ചെയര്‍മാനായ നോയല്‍ ടാറ്റക്കാണ് ഓഹരികള്‍ നല്‍കിയത്. മരണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്വത്തുക്കള്‍ നോയലിന് കൈമാറുന്നതായി വില്‍പത്രത്തില്‍ എഴുതിവെച്ചിരുന്നു. അമ്മയുടെ ഓഹരികള്‍കൂടി സ്വന്തമായതോടെ ഏറ്റവും അധികം ഓഹരിയുള്ള ടാറ്റ കുടുംബാംഗമായി നോയല്‍ മാറിയിട്ടുണ്ട്.

ഓഹരികള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്‍ഡിലെയും മുംബൈയിലെയും എസ്റ്റേറ്റുകളും സിമോണ്‍ മകന് നല്‍കിയിട്ടുണ്ട്. ടാറ്റ മോട്ടോര്‍സും ടി.സി.എസും ടാറ്റ സ്റ്റീലും അടക്കം വന്‍കിട കമ്പനികളുടെ ഉടമയായ ടാറ്റ സണ്‍സില്‍ നോയലിന്റെ ഓഹരി പങ്കാളിത്തം ഒരു ശതമാനമാണ്. നേരത്തെ 2,055 ഓഹരികളാണ് നോയലിനുണ്ടായിരുന്നത്. അമ്മയുടെ ഓഹരികള്‍കൂടി ലഭിച്ചതോടെ 4,058 ഓഹരികളുടെ ഉടമയായി അദ്ദേഹം.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിമോണ്‍ ടാറ്റ അന്തരിച്ചത്. അതേസമയം, മൊത്തം 2011 ഓഹരികളുണ്ടായിരുന്നതില്‍ 2003 എണ്ണം മാത്രമാണ് നോയലിന്റെ പേരിലേക്ക് സിമോണ്‍ മാറ്റിയത്. ബാക്കിയുള്ള ഓഹരികള്‍ ആര്‍ക്ക് നല്‍കിയെന്നത് ദുരൂഹമായി തുടരുകയാണ്. നോയലിന്റെ മക്കള്‍ക്ക് സമ്മാനമായി നല്‍കിയോ എന്ന കാര്യവും വ്യക്തമല്ല.

180 ബില്ല്യന്‍ ഡോളര്‍ അതായത് 16.2 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ് ടാറ്റ സണ്‍സ്. അന്തരിച്ച മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റക്ക് 3,368 ഓഹരികളുണ്ടായിരുന്നു. 0.83 ശതമാനമാണിത്. അദ്ദേഹത്തിന്റെ വില്‍പത്ര പ്രകാരം ഈ ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും അവകാശപ്പെട്ടതാണ്.

മറ്റൊരു അര്‍ധ സഹോദരനായ ജിമ്മി ടാറ്റക്കും ടാറ്റ സണ്‍സില്‍ 3,262 (0.81ശതമാനം) ഓഹരികളുണ്ട്. ഈ ഓഹരികള്‍ ഏകദേശം 1,684 കോടിയിലേറെ രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ സണ്‍സ് ഓഹരികള്‍ വിപണിയില്‍ വ്യാപാരം ചെയ്യാത്തതിനാല്‍ വില സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലഭ്യമല്ല.

സിമോണ്‍, രത്തന്‍, നോയല്‍, ജിമ്മി എന്നിവര്‍ക്കെല്ലാം വ്യവസായിയായിരുന്ന നേവല്‍ ടാറ്റയില്‍നിന്ന് പാരമ്പര്യ സ്വത്തായി ലഭിച്ചതാണ് ഓഹരികള്‍. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്ന സൂനൂ കമിസാരിയാത്താണ് രത്തനും ജിമ്മിക്കും ജന്മം നല്‍കിയത്. നേവലിന്റെ രണ്ടാം ഭാര്യയായ സിമോണിന്റെ മൂന്നാമത്തെ മകനാണ് നോയല്‍. എന്നാല്‍, ഫ്രെഡി മേത്ത, ഹോമി സേത്‌ന, ദര്‍ബാരി സേത് തുടങ്ങിയ സേവന കാലാവധി കഴിഞ്ഞ ഡയറക്ടര്‍മാരില്‍നിന്ന് വാങ്ങിക്കൂട്ടിയാണ് രത്തന്‍ ടാറ്റ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ലാക്‌മെ എന്ന ബ്രാന്‍ഡിനെ ലോകോത്തര കോസ്‌മെറ്റിക് ബ്രാന്‍ഡായി വളര്‍ത്തുന്നതില്‍ നിര്‍ണായക ശക്തിയായത് വിട പറഞ്ഞ സമോണ്‍ ടാറ്റയാണ്. ജനീവയില്‍ ജനിച്ചു വളര്‍ന്ന സിമോണ്‍ 1953ല്‍ വിനോദസഞ്ചാരിയായാണ് ഇന്ത്യയിലെത്തുന്നത്. അന്നാണ് അവര്‍ നേവല്‍ ടാറ്റയെ കാണുന്നത്. 1955ല്‍ ഇവരുടെ വിവാഹം നടന്നു. പിന്നാലെ സിമോണ്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. 1961ല്‍ ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലാക്‌മെയില്‍ മാനേജിങ് ഡയറക്ടറായി എത്തിയതോടെയാണ് ടാറ്റ ഗ്രൂപ്പുമായുള്ള സിമോണ്‍ ടാറ്റയുടെ പ്രൊഫഷനല്‍ ജീവിതം തുടങ്ങിയത്.

ബിസിനസ് മേഖലയിലെ പരിചയക്കുറവുണ്ടായിട്ടും ലാക്‌മെയെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലുള്ള സിമോണ്‍ ടാറ്റയുടെ വൈദഗ്ധ്യം നിര്‍ണായക പങ്ക് വഹിച്ചു. 1987 ല്‍ ടാറ്റ ഇന്‍ഡ്‌സ്ട്രീസ് ബോര്‍ഡിലെത്തിയ സിമോണ്‍ 1982 ല്‍ ലാക്‌മെ ചെയര്‍പഴ്‌സനായി. 20 വര്‍ഷം ഈ കമ്പനിയില്‍ അവര്‍ സേവനമനുഷ്ഠിച്ചു.

1996ല്‍, ലാക്‌മെ ഹിന്ദുസ്ഥാന്‍ യുണിലിവറിന് വിറ്റു. പിന്നാലെ ഈ ഫണ്ട് ഉപയോഗിച്ചാണ് ട്രെന്‍ഡ് സ്ഥാപിക്കുന്നത്. ട്രെന്‍ഡിന് കീഴിലാണ് ടാറ്റയുടെ ജനകീയ ബ്രാന്‍ഡുകളായ വെസ്റ്റ് സൈഡ്, സൂഡിയോ, സ്റ്റാര്‍ ബസാര്‍ തുടങ്ങിയവ. ഇതിലും സിമോണ്‍ ടാറ്റയുടെ പങ്ക് നിര്‍ണാകമാണ്. 2006 വരെ ട്രെന്‍ഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സനായി സേവനമനുഷ്ഠിച്ചു. ബിസിനസില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സിമോണ്‍ ടാറ്റ.