ലണ്ടൻ: സിംഗപ്പൂർ എയർലൈൻസിന്റെ ബോയിങ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ചു. 20 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ബോയിങ് 777 വിമാനം ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോഴാണ് ആകാശച്ചുഴിയിൽ പെട്ടത്. ബാങ്കോക്കിലേക്ക് തിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച വൈകുന്നേരം സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന എസ്‌ക്യു 321 ഫ്‌ളൈറ്റ് കടുത്ത ആകാശച്ചുഴിയിൽ പെട്ടതായി സിംഗപ്പൂർ എയർലൈൻ സ്ഥിരീകരിച്ചു. വിമാനത്തിൽ 211 യാത്രക്കാരും, 18 വിമാന ജീവനക്കാരും ഉണ്ടായിരുന്നു. യാത്രക്കാരന്റെ അപ്രതീക്ഷിത വേർപാടിൽ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി സിംഗപ്പൂർ എയർലൈൻ പറഞ്ഞു. വിമാനത്തിലെ എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ സഹായം നൽകുന്നതിനാണ് പ്രാഥമിക പരിഗണന. തായ്‌ലൻഡിലെ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ വൈദ്യ സഹായം നൽകുന്നുണ്ട്. കൂടാതെ ബാങ്കോക്കിലേക്ക് ഒരു സംഘത്തെ അയയ്ക്കുന്നുണ്ടെന്നും എയർലൈൻസിന്റെ പ്രസ്താവനയിൽ അറിയിച്ചു.

മെയ് 21 ന് 10.38 നാണ് വിമാനം പറന്നുയർന്നത്. മ്യാന്മാറിന്റെയോ, തായ്‌ലൻഡിന്റെയോ വ്യോമമേഖലയ്ക്ക് അടുത്തുവച്ചാണ് വിമാനം ആകാശച്ചുഴിയിൽ പെട്ടത്. ഇത്തരം സന്ദർഭങ്ങളിൽ കുറച്ചുനേരത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം സാധ്യമായില്ലെന്ന് വരാം. ഏതായാലും വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിടാൻ പൈലറ്റിന് സാധിച്ചു. സുവർണഭൂമി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമ്പോഴേക്കും ആംബുലൻസുകളും, വൈദ്യസംഘത്തെയും എത്തിച്ചിരുന്നു.

വിമാനം പറക്കുന്നതിനിടെ, സീറ്റ് ബെൽറ്റ് ധരിക്കുന്നതാണ് ഉചിതമെന്ന് യാത്രക്കാരെ ഉപദേശിക്കുന്നതിന് കാരണവും ആകാശച്ചുഴിയാണ്. ഏതുസമയത്ത് വേണമെങ്കിലും വിമാനം ആകാശച്ചുഴിയിൽ പെടാം. രണ്ടുവർഷം മുമ്പ് സ്‌പൈസ് ജെറ്റിന്റെ മുംബൈ -ദുർഗാപ്പുർ വിമാനം ആകാശച്ചുഴിയിൽ പെട്ട് 14 യാത്രക്കാർക്കും, മൂന്നു ജീവനക്കാർക്കും പരിക്കേറ്റിരുന്നു. രണ്ടുമാസത്തിന് ശേഷം ഗുരുതര പരിക്കേറ്റ യാത്രക്കാരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.