ബാങ്കോക്ക്: ആകാശ ചുഴിയിൽ പെട്ടതിനെ തുടർന്ന് അടിയന്തരമായി ബാങ്കോക്കിൽ ഇറക്കേണ്ടി വന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ 140 ലേറെ യാത്രക്കാരും ജീവനക്കാരും ബുധനാഴ്ച രാവിലെ സിംഗപ്പൂരിലെത്തി. പകരം ഏർപ്പെടുത്തിയ ദുരിതാശ്വാസ വിമാനത്തിലാണ് യാത്രക്കാരെ സിംഗപ്പൂരിൽ എത്തിച്ചത്. കുറച്ചുയാത്രക്കാർ ബാങ്കോക്കിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേയാണ് ബോയിങ് 777-300 ഇആർ വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. ഒരു യാത്രക്കാരൻ മരിക്കുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ പരസ്യമായി ക്ഷമാപണം നടത്തി. എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ് പറഞ്ഞു.

"സിംഗപ്പൂർ എയർലൈൻസിനു വേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നു. എസ്‌ക്യു 321 വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപ്പൂർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങൾ പൂർണമായും സഹകരിക്കും" ഗോ ചൂൻ ഫോങ് പറഞ്ഞു.

ദുരിതങ്ങൾ വിവരിച്ച് യാത്രക്കാർ

ആകാശച്ചുഴിയിൽ പെട്ടതോടെ ഒരുമുന്നറിയിപ്പും വരും മുമ്പേയാണ് വിമാനം പൊടുന്നനെ കുലുങ്ങുകയും താഴുകയും ചെയ്തതെന്ന് മലേഷ്യയിൽ വിദ്യാർത്ഥിയായ അസ്മിർ പറഞ്ഞു. സീറ്റ് ബൽറ്റ് ധരിക്കാത്ത യാത്രക്കാർ സീലിങ്ങിൽ പോയി ഇടിച്ചു. സീലിങ്ങിൽ തല ഇടിച്ചാണ് പലർക്കും പരിക്ക് പറ്റിയത്. ചിലരുടെ തല ബാഗേജ് ക്യാബിനുകളിലും ലൈറ്റുകളിലും മറ്റും പോയി ഇടിച്ചു.

'തലയിൽ മുറിവുപറ്റിയവരെയും, ചെവിയിൽ നിന്ന് ചോര ഒലിക്കുന്നവരെയും കണ്ടു. വിമാനം കുലുക്കത്തോടെ, താഴേക്ക് പതിച്ചപ്പോൾ കൂട്ടനിലവിളി ഉയർന്നു', ബ്രിട്ടീഷ് യാത്രക്കാരമായ ആൻഡ്രൂ ഡേവിസ് ബിബിയോട് വിവരിച്ചു. 'ഞാൻ ആകെ കോഫിയിൽ കുതിർന്നു. കടുത്ത കുലുക്കമാണ് അനുഭവപ്പെട്ടത്. തല സീലിങ്ങിൽ പോയി ഇടിച്ചതിനെ തുടർന്ന് വേദന കൊണ്ട് പുളയുകയായിരുന്ന യാത്രക്കാരിയെ താൻ സഹായിച്ചെന്നും ആൻഡ്രു പറഞ്ഞു.

വിമാനം പൊടുന്നനെ താഴോട്ട് കൂപ്പുകുത്തിയപ്പോൾ മുന്നറിയിപ്പ് ഒന്നും ഉണ്ടായില്ലെന്ന് മറ്റൊരു യാത്രക്കാരനായ ജെറി പറഞ്ഞു. ' ഞാനും ഭാര്യയും ആ കുഴമറിച്ചിലിൽ പെട്ട് സീലിങ്ങിൽ പോയി ഇടിച്ചു. വിമാനത്തിൽ നടക്കുകയായിരുന്ന ചിലർ പലവട്ടം കരണം മറിഞ്ഞ് വീണു, 68 കാരനായ ജെറി പറഞ്ഞു.

മ്യാന്മാറിന് മുകളിൽ വച്ച് 37,000 അടി ഉയരെ ഒരു മിനിറ്റിലേറെ നേരത്തേക്കാണ് വിമാനം ആടിയുലഞ്ഞതെന്ന് ഏവിയേഷൻ ട്രാക്കിങ് സർവീസായ ഫ്‌ളൈറ്റ് ഡാറ്റ 24 വിശകലനം ചെയ്തു. വിമാനയാത്രയ്ക്കിടെ ആകാശച്ചുഴി എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കുന്നതാണ ഉചിതം, അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി.