- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആകാശച്ചുഴിയിലെ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത്
ലണ്ടൻ: ഒരു ബ്രിട്ടീഷ് പൗരന്റെ മരണത്തിനിടയാക്കിയ, സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ വീണ സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ മറ്റൊരു ബ്രിട്ടീഷുകാരൻ പറയുന്നത് പഴയതുപോലൊരു ജീവിതം ഇനി സാധ്യമാകില്ല എന്നാണ്. ജീവിതം മാറ്റിമറിക്കുന്ന പരിക്കുകളുമായി ഇനി ഒരു എഞ്ചിനീയർ എന്ന നിലയിലുള്ള തൊഴിലുമായി മുൻപോട്ട് പോകാൻ കഴിയില്ലെന്ന് അയാൾ പറയുന്നു. കഴുത്തിലും നട്ടെല്ലിലുമായി ആറ് ഒടിവുകളാണ് 29 കാരനായ ബ്രാഡ്‌ലി റിച്ചാർഡ്‌സിന് സംഭവിച്ചത്. മാത്രമല്ല, ശരീരത്തിൽ ആന്തരികമായ രക്തസ്രാവവുമുണ്ട്
ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന എസ് ക്യു 321 എന്ന വിമാനമായിരുന്നു മ്യാന്മാറിന് മുകളിൽ വെച്ച് ആകാശച്ചുഴിയിൽ പെട്ടത്. ബ്രിസ്റ്റോളിനടുത്ത് തോൺബറിയിലുള്ള ഫെഫ് കിച്ചൻ എന്ന 73 കാരൻ, സംഭവത്തെ തുടർന്ന് ഹൃദയാഘാതം വന്ന് മരണമടഞ്ഞിരുന്നു. മറ്റു നിരവധിപേർക്കും പരിക്കേറ്റിരുന്നു. വിമാനത്തിന്റെ മേൽക്കൂരയിൽ തലയിടിച്ച ഉടനെ ബോധം നഷ്ടപ്പെട്ടു എന്ന് ബ്രാഡ്‌ലി പറയുന്നു. പിന്നീട് ബോധം വന്നപ്പോൾ തലയിൽ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.
തലയിണ ഉപയോഗിച്ച് രക്തസ്രാവം തടയാൻ ശ്രമിക്കുമ്പോഴാണ് നട്ടെല്ലിലെ വേദന അറിഞ്ഞത്. നിവർന്ന് നിൽക്കാൻ പോലും ആകാത്ത ബ്രാഡ്‌ലിയെ പിന്നീട് ബാങ്കൊക്കിൽ വിമാനമിറക്കിയപ്പോൾ വീൽ ചെയറിലായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടു പോയത്. എസ്സെക്സ്, ബെൻഫ്‌ളീറ്റ് സ്വദേശിയായ ഈ ടെലെകോം എഞ്ചിനീയർക്ക് ഇനി പുതിയ തൊഴിൽ മേഖല കണ്ടെത്തേണ്ടി വരും എന്ന ആശങ്കയാണുള്ളത്.
വിമാനം അമിത വേഗതയിൽ താഴേക്കും മുകളിലേക്കും ആടിയതാണ് ഇത്രയധികം പേർക്ക് പരിക്ക് പറ്റാൻ ഇടയാക്കിയതെന്ന് ട്രാൻസ്പോർട്ട് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നെരത്തെ കണ്ടെത്തിയിരുന്നു. വെറും നാല് സെക്കന്റുകൊണ്ട് വിമാനം 178 അടി (54 മീറ്റർ) താഴേക്ക് പതിച്ചു എന്നായിരുന്നു ടി എസ് ഐ ബിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.