ലണ്ടൻ: കഴിഞ്ഞ ചൊവ്വാഴ്‌ച്ച ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം മ്യന്മാറിന് മുകളിൽ വെച്ച് ആകാശച്ചുഴിയിൽ പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വെറും 4.6 സെക്കന്റുകൊണ്ട് വിമാനം 178 അടി (54 മീറ്റർ) താഴേക്ക് പതിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഉടനടി വേഗതയിൽ ഉയരത്തിലേക്ക് പറക്കുകയും ചെയ്തു. ഒരു ബ്രിട്ടീഷ് യാത്രക്കാരൻ മരണമടഞ്ഞ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വിമാനത്തിലെ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ എന്നിവയിൽ നിന്നൊക്കെ അന്വേഷണോദ്യോഗസ്ഥർ വിവരം ശേഖരിച്ചിരുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ട് എന്ന് എയർലൈൻസ് അറിയിച്ചു. മാത്രമല്ല, പരിക്കേറ്റ യാത്രക്കാരുടെയും ജീവനക്കാരുടെയും ആശുപത്രി ചെലവുകൾ ഉൾപ്പടെ സംഭവത്തിൽ ഉൾപ്പെട്ടവർക്ക് എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ട് എന്നും എയർലൈൻസ് വക്താവ് അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് അമിതമായ വേഗതയിൽ വിമാനം ഉയരുകയും താഴുകയും ചെയ്തതാണ് ഇത്രയധികം പേർക്ക് പരിക്കേൽക്കാൻ കാരണമായതെന്ന് അന്വേഷണം നടത്തുന്ന ട്രാൻസ്പോർട്ട് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.

ഇതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നവർ സീറ്റുകളിൽ നിന്നും തെറിച്ച് താഴെ വീഴുകയായിരുന്നു. മ്യാന്മാറിന് മുകളിലൂടെ 37,000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി പെട്ടെന്ന് ഉയർന്ന് പൊങ്ങിയ വിമാനം അതേ വേഗതയിൽ താഴേക്ക് പതിക്കുകയും, ഉടൻ തന്നെ വീണ്ടും ഉയർന്ന് പൊങ്ങുകയുമായിരുന്നു. കൂടുതൽ ആളുകൾക്ക് പരിക്കേറ്റു എന്നറിഞ്ഞ പൈലറ്റ്, വിമാനം തായ്ലാൻഡ്, ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചു വിടുകയായിരുന്നു.

സംഭവം ഉണ്ടായി ഏതാണ്ട് 17 മിനിറ്റിന് ശേഷം 37000 അടി ഉയരത്തിൽ നിന്നും വിമാനം സുരക്ഷിതമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞു. ലാൻഡിംഗിന് കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. 211 യാത്രക്കാരും 18 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 73 കാരനായ ജെഫ് കിച്ചൻ ആണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. മറ്റ് 104 പേരെ ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേർക്ക് തലയോട്ടിയിലും മസ്തിഷ്‌ക്കത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞത്.