- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സി യിൽ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ നടപ്പാക്കാൻ ധാരണ; ആദ്യം പാറശാല ഡിപ്പോയിൽ പരീക്ഷണാടിസ്ഥാനത്തിൽ; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടി ഡി എഫ്; ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ ശക്തമായി നേരിടുമെന്ന് മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിയിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ തന്നെ നടപ്പിലാക്കാൻ ധാരണ. തൊഴിലാളി നേതാക്കളുമായി മാനേജ്‌മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു.
തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. എന്നാൽ ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.
8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.
ടിഡിഎഫ് സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി
കെഎസ്ആർടിസി ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉ?ദാഹരണമാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം ഈ സ്ഥാപനത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായത്.മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്.
അന്ന് യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച് ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോൻ ബാധകമാക്കും. ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്‌മെന്റിന്റ് തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി.
മോട്ടോർ ആക്ട് വർക്കേഴ്‌സ് 1961 നും അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒന്നാം തീയതി മുതൽ തന്നെ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായം ബഹുഭൂരിപക്ഷം ജീവനക്കാരും പിൻതുണ നൽകുമ്പോൾ ഒരു ന്യൂന പക്ഷം ജീവനക്കാർ കാണിക്കുന്ന പഴയ സമര മുറ നഷ്ടത്തിൽ ഓടുന്ന ഈ സ്ഥാപനത്തിന് ഇനിയും താങ്ങാൻ കഴിയില്ലെന്ന് മനസിലാക്കണം. കെഎസ്ആർടിസിയെ നിലനിർത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചാൽ അവർ പൊറുക്കില്ലെന്നും മനസിലാക്കണം.
കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധമുട്ട് ഉണ്ടാക്കുകയോ, സർവ്വീസിന്റെ പ്രവർത്തനങ്ങളോ, ജീവനക്കാർക്കുള്ള ജോലി തടസമാകുന്ന തരത്തിൽ സമരമുറയുമായി മുന്നോട്ട് പോയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനമായ ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കാനും യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഷെഡ്യൂളുകൾ മുടങ്ങാതിക്കാനുള്ള താൽക്കാലിക നടപടികൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ