തിരുവനന്തപുരം; കേരളത്തിലും വോട്ടര്‍പ്പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്ഐആര്‍) ആരംഭിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ 20ന് രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചു. നടപടി ഉടന്‍ ആരംഭിക്കും. ബിഹാറിലെ എസ്ഐആറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്‌പോഴാണ് കേരളത്തിലും നടപടി തുടങ്ങുന്നത്.

തീവ്ര പുനഃപരിശോധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുതാര്യവും ലളിതവുമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. അനര്‍ഹര്‍ പട്ടികയില്‍നിന്ന് പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. സമയക്രമം തയ്യാറായാല്‍ ഉടന്‍ 2002ലെ വോട്ടര്‍പ്പട്ടിക അടിസ്ഥാനമാക്കി നടപടി തുടങ്ങും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലത്തില്‍ 15ന് ഡിജിറ്റലായി 2002, 2025 വോട്ടര്‍പ്പട്ടികകള്‍ താരതമ്യം ചെയ്യും. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വെള്ളിയാഴ്ചയ്ക്ക് മുമ്പ് അവരവരുടെ ബൂത്തുകളില്‍ താരതമ്യം നടത്തും. കേന്ദ്രത്തില്‍നിന്ന് ഷെഡ്യൂള്‍ കിട്ടിയാലുടന്‍ 2002ലെ വോട്ടര്‍പ്പട്ടികയിലുള്ളവര്‍ക്ക് എന്റോള്‍മെന്റ് ഉറപ്പാക്കാന്‍ ഫോം അയക്കും. ഇതിനായി രേഖകള്‍ നല്‍കേണ്ടതില്ല.

2002ന് ശേഷം വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടവരും പുതുതായി പേര് ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും ആധാറടക്കം 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണം. പ്രവാസി വോട്ടര്‍മാര്‍ക്ക് നടപടികള്‍ ഓണ്‍ലൈനായി ചെയ്യാം. മൂന്നുമാസത്തിനകം തീര്‍ക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. വീടുകള്‍ കയറി പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കുമെന്ന് ഖെല്‍ക്കര്‍ പറഞ്ഞു. എല്ലാ അര്‍ഹരെയും ഉല്‍പ്പെടുത്താനാണ് എസ് ഐ ആര്‍. നിലവിലുള്ള വോട്ടര്‍പട്ടികയുടെ പരിഷ്‌കരണമാണ് എസ്എസ്ആര്‍. വീട് വീടാന്തരം കയറി തന്നെ വോട്ടര്‍പട്ടിക തയ്യാറാക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

'പാലക്കാട് 2 ബിഎല്‍ഒമാര്‍ പഠനം നടത്തി. 2002 ല്‍ ഉണ്ടായിരുന്ന 80% പേരും 2025 ലെ ലിസ്റ്റില്‍ ഉണ്ട് എന്ന് കണ്ടെത്താനായി. കേരളത്തില്‍ എസ് ഐ ആര്‍ നല്ല രീതിയില്‍ നടപ്പിലാക്കാനാവും. പ്രവാസി വോട്ടര്‍മാര്‍ക്കും ആശങ്ക വേണ്ട. ബിഎല്‍ഒമാര്‍ക്ക് ബോധ്യപ്പെട്ടാല്‍ പ്രശ്നമില്ല. എല്ലാ നടപടികളും ഓണ്‍ലൈനില്‍ ചെയ്യാവുന്നതാണ്. മുഴുവന്‍ പ്രക്രിയയയും പൂര്‍ത്തിയാവാന്‍ മൂന്ന് മാസം വേണ്ടി വന്നേക്കും. 2002 ല്‍ ലിസ്റ്റില്‍ ഉള്ളവരും എനുമറേഷന്‍ ഫോം ഒപ്പിടണം,' മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. യോഗ്യതയുള്ള എല്ലാ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും അല്ലാത്തവരെ ഒഴിവാക്കാനുമാണ് എസ്ഐആര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തി രേഖകള്‍ പരിശോധിച്ച് പുതിയ വോട്ടര്‍ പട്ടികയ്ക്കു രൂപം നല്‍കുകയാണ് എസ്ഐആറില്‍ ചെയ്യുന്നത്. ഇതോടെ ഇരട്ടവോട്ട് ഇല്ലാതാക്കല്‍, പേര് ഒഴിവാക്കല്‍ എന്നിവ സുഗമമാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. നടപടികള്‍ സുതാര്യവും ലളിതവുമായിരിക്കുമെന്നും യാതൊരു ആശങ്കയുടെയും കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2002ല്‍ അവസാനമായി നടത്തിയ എസ്ഐആര്‍ പട്ടിക അടിസ്ഥാനപ്പെടുത്തിയായിരിക്കും നടപടികള്‍. അന്നത്തെ പട്ടികയും 2025ലെ പട്ടികയും തമ്മില്‍ താരതമ്യപ്പെടുത്തിയാകും കേരളത്തിലെ നടപടികള്‍.