കോഴിക്കോട്: പോലീസ് നടപടികള്‍ക്കെതിരെ പി വി അന്‍വര്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ ഏറ്റുപിടിച്ചു കാന്തപുരം സുന്നി വിഭാഗം. പോലീസിലെ ആര്‍എസ്എസ് ബന്ധമെന്ന ആരോപണമാണ് കാന്തപുരം വിഭാഗം ഏറ്റുപിടിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ് രംഗത്തെത്തി.

ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്ന് സിറാജ് മുഖപത്രം വിമര്‍ശിക്കുന്നു. കേരള പൊലീസില്‍ ആര്‍ എസ് എസ് വത്ക്കരണം ഊര്‍ജിതമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ല. ന്യൂനപക്ഷ സമുദായ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സിറാജ് വിമര്‍ശിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജിന്റെ വിമര്‍ശനം.

കേരള പൊലീസിന്റെ പല നടപടികളിലും ആര്‍എസ്എസ് വിധേയത്വം പ്രകടമാണ്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണ്. നിയമനടപടി സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കും. അതേസമയം, സംഘപരിവാര്‍ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷ സംഘടനാപ്രവര്‍ത്തകര്‍ക്കുമെതിരെ നിലപാട് കടുപ്പിക്കുമെന്നും സിറാജ് ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന കെ പി ശശികലയ്ക്കെതിരെ നടപടി സ്വീകരിച്ചില്ല. ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അവരെ പ്രതിരോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ലെന്ന് അന്നൊരു പൊലീസ് ഉദ്യോഗസ്ഥന്‍ തുറന്നെഴുതിയെന്നും സിറാജ് ചൂണ്ടിക്കാണിച്ചു.

സാധാരണഗതിയില്‍ പൊലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതികളാണ് ഉയരുന്നത്. എന്നാല്‍ കേരള പൊലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആര്‍ എസ് എസിന്റെ ഉപകരണമായി മാറുകയാണെന്നും സിറാജ് കുറ്റപ്പെടുത്തി.