കോട്ടയം: റമദാൻ കാലത്ത് നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് വിവാദമായിരുന്നു. ഈ സംഭവം മറുനാടൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇതര മതസ്ഥരും സമാന ആവശ്യവുമായി സെക്രട്ടറിക്ക് കത്ത് നൽകി. പുത്തൂർ പള്ളി മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരം മാർച്ച് 23 മുതൽ ഏപ്രിൽ 21 വരെ റംസാൻ നോമ്പുതുറ സമയമായ വൈകിട്ട് 6.39ന് മുനിസിപ്പൽ സൈറൺ മുഴക്കണമെന്നാണ് ഉത്തരവിറക്കിയത്.

സംഭവം വിവാദമായതോടെ, ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാ ചടങ്ങുകളും സൈറൺ മുഴക്കി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകൻ നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ കൊടുത്തു. ക്ഷേത്രത്തിലെ രാവിലെ 4.45നുള്ള നടതുറപ്പ് വൈകിട്ട് 6.45നുള്ള ദീപാരാധന തുടങ്ങിയ ചടങ്ങുകൾ ഭക്തരെ അറിയിക്കാൻ സൈറൺ അടിക്കണമെന്നാണ് ആവശ്യം.

. സമാനരീതിയിൽ, സെന്റ് മേരീസ് കത്തീഡ്രലിലെ കുർബാന സമയക്രമം അനുസരിച്ച് സൈറൺ മുഴക്കണമെന്ന് ആവശ്യപ്പെട്ട് സ്വരൂപ് എന്നയാളും അപേക്ഷ നൽകി.

ദേ ഇതാണ് മതേതരത്വം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഈ വിഷയം ചർച്ചയാകുന്നും ഉണ്ട്.

നേരത്തെ, പുത്തൂർ പള്ളി മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരം, മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാരൻ ബിജുവിനെയും സൈറൺ കൃത്യമായി മുഴക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താൻ ഹെൽത്ത് സൂപ്പർവൈസർ സോൺ സുന്ദറിനെയും ചുമതലപ്പെടുത്തിയാണ് നഗരസഭ സെക്രട്ടറി എൽ.എസ്. സജി ഉത്തരവ് ഇറക്കിയത്. സൈറണിന് തകരാർ സംഭവിച്ചാൽ നഗരസഭ എൻജിനീയറിങ് വിഭാഗ വുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം നഗരസഭ കൗൺസിലിന്റെ അംഗീകാരമില്ലാതെ സെക്രട്ടറി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതതിൽ വിവാദവും പിന്നാലെ എത്തി. സംസ്ഥാന സർക്കാർ ഇങ്ങനെ പൊതുവായ ഉത്തരവ് ഇറക്കിയിട്ടില്ല. മുൻകാലങ്ങളിൽ നോമ്പുതുറ സമയത്ത് സൈറൺ മുഴക്കാറുണ്ടെന്നും മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരമാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്നും നഗരസഭ സെക്രട്ടറി വിശദീകരിച്ചിട്ടും വിവാദം തീർന്നിട്ടില്ല.

വിവാദം ചൂടു പിടിപ്പിച്ചു കൊണ്ട് രംഗത്തുവന്നത് ഹിന്ദു ഐക്യവേദിയും കാസയും അടക്കമുള്ളവരാണ്. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത ഒരു നടപടിയാണ് നഗരസഭ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും ഉത്തരവിനെതിരെ നടപടി സ്വീകരിക്കുമെന്നും ഹിന്ദു ഐക്യവേദി പ്രതികരിച്ചു. എന്നാൽ, ഒരുപടികൂടി കടന്നാണ് കാസ രംഗത്തുവന്നത്.

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ നോമ്പുതുറ സൈറൺ തടയണമെന്ന് ആവശ്യപ്പെട്ട് കാസ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കാസക്കുവേണ്ടി സി രാജേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കാസ സംസ്ഥാന അധ്യക്ഷൻ കെവിൻ പീറ്ററിന് വേണ്ടിയാണ് ഹർജി സമർപ്പിച്ചത്. നേരത്തെ ഫ്രാൻസിസ് നൊറോണയുടെ കഥയുടെ ആവിഷ്‌കാരമായ 'കക്കുകളി' നാടകത്തിന് എഥിരെയും കാസ രംഗത്തുവന്നിരുന്നു. അടുത്തിടെ അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. ക്രൈസ്തവ വിരുദ്ധമാണ് നാടകമെന്ന് പറഞ്ഞാണ് കാസ നാടകത്തിനെതിരെ നിലപാട് സ്വീകരിച്ചത്.