തിരുവനന്തപുരം: കെൽട്രോണിന്റെ പ്രവർത്തന ചെലവിനും മറ്റുമായിട്ടാണ് സേഫ് കേരളാ പദ്ധതിയുടെ തുക 151 കോടിയിൽ നിന്ന് 232 ആയി വർദ്ധിപ്പിച്ചതെന്ന കെൽട്രോൺ സി എംഡിയുടെ വദം ഖണ്ഡിക്കുന്ന സർക്കാർ ഉത്തരവ് പുറത്ത്. രമേശ് ചെന്നിത്തലയാണ് രേഖ പുറത്തു വിട്ടത്. പരസ്പര വിരുദ്ധമായി സംസാരിച്ച് കെൽട്രോൺ ഉരുണ്ടു കളിക്കുന്നത് തന്നെ സേഫ് കേരളാ പദ്ധതിയിൽ കള്ളക്കളിയും അഴിമതിയും നടന്നു എന്നതിന് വ്യക്തമായ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

27.4.20 ഗവൺമെന്റ് ഉത്തരവ് പ്രകാരം 5 വർഷത്തെക്ക് ക്യാമറ ഉൾപ്പടെ ഉള്ള സാധനങ്ങളുടെ ഫെസിലിറ്റി മാനേജ്മെന്റ് ഉൾപ്പെടെ ടെണ്ടർ വിളിക്കാനാണു സർക്കാർ ഉത്തരവിന്റെ രണ്ടാം പാരഗ്രാഫിൽ പറയുന്നത്. എന്നാൽ കമ്പനിയുമായി എഗ്രിമെന്റ് വെച്ചപ്പോൾ ഇക്കര്യം ബോധപൂർവ്വം ഒഴിവാക്കുകയും 151 കോടി രൂപ ക്വാട്ട് ചെയ്ത് കമ്പനിക്ക് ടെണ്ടർ നൽകിയ ശേഷം പിന്നീട് 5 വർഷത്തെ ഫെസിലിറ്റി മാനേജ്മെന്റിനു തുക വകയിരുത്തുകയും ചെയ്തത് സർക്കാരിന്റെ ഉത്തരവിനു വിരുദ്ധമായിട്ടാണ്. ഇത് അഴിമതിക്ക് വേണ്ടിയാണ്.

സ്വകാര്യകമ്പനിയെ സഹായിക്കാനാണ് ഇത്. വ്യക്തമാണ്. ഇത് വഴി സ്വകാര്യ കമ്പനിക്ക് ഒറ്റയടിക്ക് 81 കോടി രൂപയാണ് ലഭിച്ചത്. പദ്ധതി തുക 151 കോടി രൂപ എന്നത് 232 കോടിയാക്കി ഉയർത്തിക്കൊടുത്തത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ് ? ഇക്കാര്യത്തിൽ ടെൻഡർ നടപടികളുടെ രേഖകൾ പുറത്ത് വിടാൻ കെൽട്രോൺ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇത് തങ്ങളുടെ മാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നൽകിയിട്ടില്ലെന്നുമാണ് കെൽട്രോൺ ആദ്യം പത്രക്കുറിപ്പിൽ പറഞ്ഞത്. എന്നാൽ കെൽട്രോൺ സി.എം.ഡി എൻ. നാരായണമൂർത്തി ഇന്നലെ പറഞ്ഞത് എസ്‌ഐ.ആർ.ടി  എന്ന കമ്പനിക്ക് കരാർ നൽകിട്ടുണ്ടെന്നാണ്. മാത്രമല്ല, സ്രിട്ട് മറ്റാർക്കെങ്കിലും ഉപകരാറുകൾ നൽകിയതിൽ കെൽട്രോണിന് ഒരു ബാദ്ധ്യതയുമില്ലെന്നും സി.എം.ഡി പറയുന്നു. സി.എം.ഡി എന്തിനാണ് ഇങ്ങനെ മലക്കം മറിച്ചിൽ നടത്തിയത്? ആദ്യം പറഞ്ഞു സ്വന്തം പദ്ധതിയാണെന്നും ഉപകരാറൊന്നും ഇല്ലെന്നും. ഉപകാരറുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ താൻ തെളിവ് പുറത്തു വിട്ടപ്പോൾ സിർട്ടാണ് ഉപകരാർ നൽകിയതെന്ന് വിചിത്ര മറുപടിയാണ് സി.എം.ഡി നൽകുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇന്നലത്തെ സിഎംഡിയുടെ വിശദീകരണത്തോടെ താൻ ഉയർത്തിയ ആരോപണങ്ങൾ പൂർണ്ണമായും ശരിയാണെന്നു തെളിഞ്ഞിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിശദീകരണം തന്നെ ഒരു കുറ്റസമ്മതമാണ്. ആദ്യ ദിവസം കെൽട്രോൺ പറഞ്ഞത് ക്യാമറ നിർമ്മിക്കുന്നത് ഉൾപ്പടെ എല്ലാം കെൽട്രോണാണ് ചെയ്യുന്നതെന്നായിരുന്നു. എന്നാൽ എന്നലെ കെൽട്രോൺ സി.എം.ഡി അതും തള്ളിപ്പറഞ്ഞു. ക്യാമറകൾ വാങ്ങിയവയാണെന്നാണ് സി.എം.ഡി ഇപ്പോൾ പറയുന്നത്. ഈ പദ്ധതിക്ക് ആവശ്യമായ സോഫ്റ്റ് വെയർ രാജ്യത്തിനകത്തും പുറത്ത് നിന്നും ടെൻഡർ നടപടി പാലിച്ചാണ് വാങ്ങിയെന്നാണ്. അങ്ങനെയെങ്കിൽ സോഫ്റ്റ് വെയർ വാങ്ങിയതിന്റെ ടെണ്ടർ രേഖകൾ പുറത്ത് വിടാമോ? ക്യാമറ വാങ്ങിയ 74 കോടിക്ക് പുറമേ സോഫ്റ്റ് വെയറിന് എത്ര കോടി മുടക്കി?

സർക്കാർ ഇത് വരെ പണമൊന്നും മുടക്കിയിട്ടില്ലെന്നും സ്രിട്ടാണ് പണം മുടക്കിയതെന്നും സി.എം.ഡി സമ്മതിക്കുന്നു. അപ്പോൾ ഇത് ആരുടെ പദ്ധതിയാണെന്ന് കെൽട്രോൺ വിശദീകരിക്കണം. കെൽട്രോൺ വായ്പ എടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറയുന്നു. എത്ര കോടി എവിടെ നിന്ന് വായ്പ എടുത്തു എന്ന് വ്യക്തമക്കണം. സ്വകാര്യ കമ്പനികളാണ് തുക ചെലവാക്കുന്നതെങ്കിൽ കെൽട്രോൺ എന്തിന് വായ്പ എടുക്കണം. സർക്കാരിന് ഒരു രൂപ ചെലവില്ലെന്ന വിചിത്ര വാദമുയർത്തി സാധാരണക്കാരന്റെ തലയിൽ പെറ്റി കെട്ടിവെച്ച് സ്വകാര്യകമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനും അതുവഴി കമ്മീഷനടിക്കാനുമുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. വ്യക്തത വരുത്തിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തു വിടുമെന്ന് ചെന്നിത്തല പറഞ്ഞു.

എ.ഐ കാമറ സ്ഥാപിക്കാൻ ബംഗളൂരു ആസ്ഥാനമായ എസ്.ആർ.ഐ.ടി എന്ന കമ്പനിക്കാണ് കെൽട്രോൺ ഉപകരാർ നൽകിയത്. ഇതിനായി 151.22 കോടി രൂപ ഏൽപ്പിച്ചിട്ടുണ്ട്. ടെൻഡറിൽ വേറെ കമ്പനികൾ പങ്കെടുത്തോയെന്നും ടെൻഡർ മാനദണ്ഡം പാലിച്ചാണോ കരാർ നൽകിയതെന്നുമുള്ള ചോദ്യങ്ങൾക്ക് കെൽട്രോൺ ഉത്തരം നൽകണം.എസ്.ആർ.ഐ.ടി മറ്റ് രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകിയിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള റസാദിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനുമാണിത്.

ഇതിൽ ലൈറ്റ് മാസ്റ്റർ കരാറിൽനിന്ന് പിന്മാറി. ഇവർക്കൊന്നും മുൻപരിചയമില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. പദ്ധതികൾ സുതാര്യവും ജനത്തിന് ബോദ്ധ്യമുള്ളതുമാകണം.സേഫ് കേരള പ്രോജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ല. കമ്പനികളുമായുണ്ടാക്കിയ ഉപകരാർ രേഖകളുടെ പകർപ്പ് ചെന്നിത്തല പുറത്തുവിട്ടു. രണ്ടാമത് വർദ്ധിപ്പിച്ച തുകയ്ക്ക് കരാർ വരാനുള്ള കാരണം എന്താണ്. ആരാണ് ഇതിന് പിന്നിൽ. പാവപ്പെട്ടവനെ ഞെക്കിപ്പിഴിയുന്ന പണമാണ് 20 ഇൻസ്റ്റാൾമെന്റായി മുടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.