സിസ്റ്റർ ലിനിയെ കേരളക്കര ഒരിക്കലും മറക്കില്ല. നിപയ്‌ക്കെതിരേയുള്ള പോരാട്ടത്തിനിടെ സിസ്റ്റര്‍ ലിനി നമ്മെ വിട്ട് പിരിഞ്ഞു പോയത്. ഇപ്പോഴിതാ, യൂട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ ലഭിച്ച സന്തോഷം പങ്കിട്ട് നിപ രോഗത്തെ തുടർന്ന് അകാലത്തിൽ വിടപറഞ്ഞ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും കുടുംബവും.

ഒരുപാട് വിമർശനങ്ങൾ കേട്ടുവെന്നും സിസ്റ്റർ ലിനിയുടെ ഐഡൻ്റിറ്റി വിറ്റ് പണമാക്കുന്നു എന്ന് വരെ പറഞ്ഞവരും ഉണ്ടെന്നും സജീഷിൻ്റെ ജീവിതപങ്കാളി പ്രതിഭ പറയുന്നു. പ്രതിഭയാണ് ചാനലിന് മേൽനോട്ടം വഹിക്കുന്നത്.

'സന്തോഷമുള്ള ദിവസമാണ്. എല്ലാവരോടും നന്ദിയുണ്ട്. യൂട്യൂബ് തുടങ്ങുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇത് എന്റെയും സജീഷേട്ടന്റെയും മക്കളുടെയും മാത്രം പരിശ്രമം കൊണ്ടുമാത്രമല്ല. ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുടെ പിന്തുണ കൊണ്ട് ലഭിച്ചതാണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ലിനി സിസ്റ്ററുടെ അച്ഛനും അമ്മയും ഞങ്ങളുടെ കൂടെയുണ്ട്.

ഒരുപാട് വിമര്‍ശനങ്ങള്‍ ജീവിതത്തിലും യൂട്യൂബിലും നേരിട്ടു. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒരുപാട് പേരുടെ പിന്തുണയുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ പ്രശ്‌നമല്ല. തുടക്കത്തില്‍ കേട്ട വിമര്‍ശനങ്ങൾ കേട്ട് എന്നേ നിര്‍ത്തി പോവേണ്ടതായിരുന്നു. ഐഡന്റിറ്റി വിറ്റ് പൈസയാക്കുന്നു എന്ന് പറഞ്ഞവരുണ്ട്.

അവര്‍ക്കുള്ള ഉത്തരം കൂടിയാണിത്. തളര്‍ത്താന്‍ നോക്കിയവര്‍ക്കുള്ള മറുപടിയാണ്. ഒരുപാട് സന്തോഷമുണ്ട്', പ്രതിഭ പറയുന്നു. സിസ്റ്റർ ലിനിയുടെ മരണശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സർക്കാർ ആരോഗ്യവകുപ്പിൽ ജോലിനൽകിയിരുന്നു. പിന്നീട് 2022-ലാണ് സജീഷ് പ്രതിഭയെ വിവാഹം ചെയ്തത്.