- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെഡ് സല്യൂട്ട് കോമ്രേഡ്! യെച്ചൂരി വിട നല്കി ഇന്ത്യ; അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; മൃതദേഹം എയിംസിന് കൈമാറി; ജ്യോതി ബസുവിന്റെയും ബിമന്‍ ബോസിന്റെ വഴിയില്‍ അന്ത്യയാത്ര!
വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ സിപിഎമ്മിന് പ്രസക്തി നല്‍കിയ കമ്മ്യൂണിസ്റ്റ് സീതാറാം യെച്ചൂരിക്ക് വിടനല്‍കി രാജ്യം. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ശരദ് പവാര്‍, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ശേഷം വിലാപയാത്രയോടെ മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറി.
എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.എം. ഓഫീസ് പ്രവര്‍ത്തിച്ച അശോക റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. മൃതദേഹം വൈദ്യ പഠനത്തിനായി എയിംസിന് കൈമാറുക എന്നത് യെച്ചൂരിയുടെ ആഗ്രഹമായിരുന്നു. അത് പ്രകാരമായിരുന്നു മൃതദേഹം കൈമാറിയതും.
സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളില്‍ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിരിക്കേയാണ് അന്ത്യം.
ബസുവിന്റെയും ബിമന്‍ ബോസിന്റെ വഴിയേ ലാബിലേക്ക്..!
മൃതദേഹം വൈദ്യപഠനത്തിലായി ലാബിലേക്ക് വിട്ടുനല്‍കിയവരുടെ കൂട്ടത്തിലാണ് സീതാറാം യെച്ചൂരിയും. ജ്യോതി ബസുവും സോമനാഥ് ചാറ്റര്‍ജിയും ബുദ്ധദേവ് ഭട്ടാചാര്യയുമെല്ലാം മരണശേഷം തങ്ങളുടെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാന്‍ മഹാമനസ്‌കത കാണിച്ചവരാണ്. ഇവരുടെ വഴിയാണ് യെച്ചൂരിയും തിരഞ്ഞെടുത്തത്.
ജ്യോതി ബസുവിന്റെ മസ്തിഷ്‌കം ഗവേഷണത്തിനായി വിട്ടുകിട്ടാന്‍ പ്രമുഖ ന്യൂറോ സയന്‍സ് ഗവേഷണകേന്ദ്രമായ നിംഹാന്‍സ് (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) മുന്നോട്ടു വന്നിരുന്നു. ബസുവിന്റെ മസ്തിഷ്‌ക ഘടനയില്‍നിന്നു വിലപ്പെട്ട വിവരങ്ങള്‍ കിട്ടും എന്നുള്ള പ്രതീക്ഷയായിരുന്നു ഇതിനുപിന്നില്‍. തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ഊര്‍ജസ്വലനായിരുന്ന ബസുവിന്റെ മസ്തിഷ്‌കം. അത്യപൂര്‍വ സജീവത പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു നിംഹാന്‍സിലെ വിദഗ്ധരുടെ വിലയിരുത്തല്‍. പക്ഷേ ബസുവിന്റെ ഭൗതികദേഹം വൈദ്യപഠനത്തിനു വിട്ടുകിട്ടിയത് കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിനായിരുന്നു.
ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ബിമന്‍ ബോസും മൃതശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഇടതുമുന്നണി മുന്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസിന്റെയും മുന്‍ മന്ത്രി ബിനോയ് ചൗധരിയുടെയും മൃതദേഹം പഠനത്തിനായി വിട്ടുനല്‍കിയിരുന്നു. മൃതദേഹത്തില്‍ അണുബാധയുണ്ടാകാതിരിക്കാന്‍ രാസ ദ്രാവകങ്ങല്‍ പുരട്ടി, പൂജ്യം ഡിഗ്രിയിലും താഴ്ന്ന താപനിലയില്‍ സൂക്ഷിക്കും. അത് പിന്നീട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കും. എംഡി, എംബിബിഎസ്, നഴ്‌സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി ശരീരം കീറിമുറിച്ചു നിരീക്ഷിക്കും. എല്ലുകളും അവയവങ്ങളും സൂക്ഷിക്കും.
തിരുവോണം പ്രമാണിച്ച് നാളെ ( 15.09.2024)ഓഫീസിന് അവധി ആയതിനാല്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല- എഡിറ്റര്‍.