- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎന്‍ സ്മാരകത്തില്‍ എത്തി ബിനോയ് വിശ്വത്തിനും ജി ആര്‍ അനിലിനും ഒപ്പം തോളില്‍ കൈയ്യിട്ട ചിത്രം വരെ എടുത്തു; എന്നിട്ടും പുറത്തിറങ്ങിയ തന്നെ സഹമന്ത്രി അപമാനിച്ചു; വര്‍ഗ്ഗീയ വാദിയാക്കാന്‍ അതിരു കടന്ന പ്രതിഷേധവുമായി കോലം കത്തിച്ചു; വീട്ടിലും പ്രതിഷേധം; മന്ത്രി അനിലിനെ കടന്നാക്രമിച്ച് മന്ത്രി ശിവന്‍കുട്ടി; മന്ത്രിസഭയുടെ 'കൂട്ടുത്തരവാദിത്തം' വീണ്ടും ചര്‍ച്ചകളില്‍
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സിപിഐ ആസ്ഥാനത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോള്‍ മന്ത്രി ജി.ആര്‍.അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന മാധ്യമങ്ങളില്‍ നടത്തിയെന്ന് ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പോലും സിപിഐയുടെ ജി ആര്‍ അനില്‍ ചോദ്യം ചെയ്തുവെന്ന തരത്തില്‍ പെരുമാറിയെന്നാണ് ശിവന്‍ കുട്ടി പറയുന്നത്. എന്നാല്‍ അന്ന് ഇത്തരം എതിര്‍പ്പുകളൊന്നും പ്രകടിപ്പിച്ചില്ല. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റേയും ജി ആര്‍ അനിലിന്റേയും തോളില്‍ കൈയ്യിട്ട് ചിത്രം അടക്കം അന്ന് ശിവന്‍കുട്ടി ഫെയ്‌സ് ബുക്കില്‍ ഇട്ടിരുന്നു. നല്ല വാക്കുകളാണ് അന്ന് സിപിഐയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ചയാകുമ്പോള്‍ പുച്ഛം തിരിച്ചറിയുകയാണ് ശിവന്‍കുട്ടി.
ഓഫിസില്‍ വന്നാല്‍ സംസാരിക്കാതെ പറ്റുമോ എന്നാണ് അനില്‍ പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തന്‍ ഓഫിസില്‍ വന്നതുപോലെ പുച്ഛത്തോടെയാണ് മന്ത്രി ജി.ആര്‍.അനില്‍ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും ശരിയല്ലെന്നും അവ വേദനിപ്പിച്ചെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ശിവന്‍കുട്ടി വന്ന് പോയ ശേഷം സിപിഐ പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ചു. മന്ത്രിമാരെ അടക്കം പിന്‍വലിക്കുമെന്ന സന്ദേശം നല്‍കി. ഒടുവില്‍ സിപിഎം ദേശീയ നേതൃത്വം ഇടപെട്ട് പിഎം ശ്രീയില്‍ തിരുത്തലും കൊണ്ടു വന്നു. ഇതിന് ശേഷമാണ് അനിലിനെ അഠക്കം വിമര്‍ശിച്ച് ശിവന്‍കുട്ടി രംഗത്തു വരുന്നത്.
ഒരിക്കലും ആര്‍ക്കും വേദന ഉണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വാക്കുകള്‍ ശ്രദ്ധിച്ചു പ്രയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. വേദന തോന്നുന്ന പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 'പിഎം ശ്രീയില്‍ ഒപ്പുവച്ചതില്‍ ശിവന്‍കുട്ടി സഖാവിനെ എബിവിപി അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ സഖാവും വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തില്‍ തെറ്റായ പാതയിലാണെന്ന്' എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. പിഎം ശ്രീയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ഇന്നലെ അവസാനിച്ചെന്നു മന്ത്രി പറഞ്ഞു. മുന്നണിയില്‍ തര്‍ക്കം ഉണ്ടാകുന്നതു സ്വാഭാവികമാണ്. നേതാക്കള്‍ ചര്‍ച്ച നടത്തി ദൃഢമായ പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിച്ചു. കേന്ദ്രവുമായി ഒപ്പിട്ട കരാറുകള്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഒരു നിഗമനത്തില്‍ എത്തിയത്. ബാക്കി കാര്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ശിവന്‍ കുട്ടിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മന്ത്രി ജി ആര്‍ അനിലും രംഗത്തു വന്നു. ശിവന്‍ കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് ജിആര്‍ അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആയിരുന്ന കാലം മുതല്‍ അടുപ്പമുണ്ട്. സംഘടനകളുടെ നേതാക്കളായിരുന്ന കാലം മുതല്‍ പരിചയമുണ്ട്. താന്‍ ഒരിക്കലും മോശപ്പെടുത്തുന്ന വാക്കു പറയുന്ന ആളല്ല. അദ്ദേഹവും തന്നെപ്പറ്റി അങ്ങനെ പറയില്ലെന്നും ജിആര്‍ അനില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിയതിന് ശേഷമാണ് ശിവന്‍കുട്ടി സിപിഐ നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്. ഇത് സിപിഐ ഗൗരവത്തില്‍ എടുക്കും. സിപിഎം നേതൃത്വത്തെ പരാതിയും അറയിക്കും. എംഎന്‍ സ്മാരകത്തില്‍ വച്ച് അപമാനിക്കുന്ന പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശിവന്‍കുട്ടി തന്നെപ്പറ്റി മോശം പറയുമെന്ന് കരുതുന്നുമില്ലെന്നും ജിആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
ജിആര്‍ അനില്‍ സിപിഐ ഓഫീസിനു മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണില്‍ വിളിച്ച ശേഷമാണ് ഓഫീസില്‍ പോയതെന്നും ശിവന്‍ കുട്ടി പറഞ്ഞിരുന്നു. ബിനോയ് വിശ്വത്തെ കണ്ട് എന്തു കൊണ്ട് ഒപ്പിട്ടു എന്ന് വിശദീകരിക്കാനായിരുന്നു വിളിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം താന്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ അനില്‍ മാധ്യമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയില്‍ പറഞ്ഞു. ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്‌കാരമാണെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്.
പ്രകാശ് ബാബു, എംഎ ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായന്‍ എന്ന് പറഞ്ഞത്. ബേബിയോട് സഹതാപം എന്ന് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകള്‍ അതിരുകടന്ന് പ്രതിഷേധിച്ചു. എന്റെ കോലം എന്തിനു കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാന്‍ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞു. തന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമിച്ചു ഇവര്‍. ഇവര്‍ക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.




