തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി ചെറുതാക്കി കാണിക്കരുതെന്ന് ടൂറിസം വകുപ്പ് പറയുമ്പോഴും, ഏറെ കൊട്ടിഘോഷിച്ചുതുടങ്ങിയ കേരളത്തിലെ കാരവന്‍ ടൂറിസം പദ്ധതി പച്ച തൊട്ടില്ല. അതിനുപിന്നാലെ മറ്റൊരു പദ്ധതി കൂടി പ്രതിസന്ധിയിലാണ്. ടൂറിസം വകുപ്പ് തുടങ്ങിയ ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ ഒന്നൊഴികെ എല്ലാം അടച്ചുപൂട്ടി. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

സംസ്ഥാനത്ത് എത്ര ജില്ലകളിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചതെന്നും അവ എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നതെന്നും വ്യക്തമാക്കാമോ എന്നതായിരുന്നു ഒരു ചോദ്യം. കോഴിക്കോട്-ബേപ്പൂര്‍, കണ്ണൂര്‍-മുഴുപ്പിലങ്ങാട്, മലപ്പുറം-താനൂര്‍, കാസര്‍കോഡ്-ബേക്കല്‍, തിരുവനന്തപുരം-വര്‍ക്കല, തൃശൂര്‍-ചാവക്കാട്, എറണാകുളം-കുഴുപ്പിള്ളി എന്നിവിടങ്ങളിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ ആരംഭിച്ചത്. നിലവില്‍ പ്രവര്‍ത്തിക്കുന്നത് എറണാകുളം കുഴുപ്പിള്ളിയില്‍ മാത്രമാണ്. അതായത് മറ്റ് ആറുഫ്‌ലോട്ടിങ് ബ്രിഡ്ജുകളും അടച്ചുപൂട്ടി എന്നാണ് വിവരാകാശ മറുപടിയില്‍ വ്യക്തമാകുന്നത്.

ഇവയോരോന്നിനും എത്ര രൂപയാണ് ചെലവഴിച്ചതെന്നായിരുന്നു മറ്റൊരു ചോദ്യം. ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ടൂറിസം വകുപ്പിന്റെ പരിഗണനയില്‍ വരുന്നതല്ലെന്നും, അതാത് ജില്ലയിലെ ഡിടിപിസി/ബിആര്‍ഡിസി മുഖേനയാണെന്നുമാണ് മറുപടി. ഓരോ ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ നിന്നും സര്‍ക്കാരിന് ലഭിച്ച വരുമാന കണക്കും ടൂറിസം വകുപ്പിന്റെ കയ്യിലില്ല. അതെല്ലാം ഡിടിപിസിയുടെയോ, ബിആര്‍ഡിസിയുടെയോ പക്കലാണുള്ളത്. ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ ടിക്കറ്റ് നിരക്കുകളുടെ കാര്യത്തിലും ഇതുതന്നെയാണ് മറുപടി.




സംസ്ഥാനത്തെ കടല്‍ തീരമുള്ള 9 ജില്ലകളില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതി 7 ജില്ലകളിലാണ് നടപ്പാക്കിയത്. ഓരോ ഫ്‌ലോട്ടിങ് ബ്രിഡ്ജിനും ഒരു കോടിയിലേറെ രൂപ ചെലവഴിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. 15 പേര്‍ കടലില്‍ വീഴുകയും പദ്ധതി സുരക്ഷിതമല്ലെന്ന് തെളിയുകയും ചെയ്തു.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെയും സര്‍ക്കാരിന്റെയും വേണ്ടപ്പെട്ടവര്‍ക്കാണ് പദ്ധതികളുടെ കരാര്‍ നല്‍കിയതെന്നും, കൃത്യമായ ചെലവ് ആര്‍ക്കും അറിയാത്തതിനാല്‍ വലിയ അഴിമതിക്ക് സാധ്യതയുണ്ടെന്നും ആരോപണമുണ്ട്. ഏഴിടത്ത് ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ തുടങ്ങിയിട്ട് ഒരെണ്ണം ഒഴികെ എല്ലാം പ്രവര്‍ത്തനരഹിതമെന്ന് ടൂറിസം വകുപ്പ് തന്നെ വ്യക്തമാക്കുമ്പോള്‍ പദ്ധതി നടത്തിപ്പിലെ ഗുരുതര വീഴ്ചയും ആസൂത്രണത്തിലെ പിഴവുമാണ് വ്യക്തമാകുന്നത്. വലിയ തിരമാലകളുള്ള സ്ഥലങ്ങളില്‍ ഇത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. ഇതുവഴി കോടിക്കണക്കിന് രൂപ ഖജനാവിന് നഷ്ടമായിരിക്കുന്നത്. തായ്ലന്‍ഡ് പോലെ അധികം തിരകളില്ലാത്ത രാജ്യങ്ങളിലെ ബീച്ചുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് വേണ്ടത്ര പഠനം നടത്താതെ മഴക്കാലത്തു പ്രക്ഷുബ്ധമാകുന്ന കേരളത്തിലെ ബീച്ചുകളില്‍ നടപ്പിലാക്കി ഇപ്പോള്‍ ഉപേക്ഷിക്കേണ്ടി വന്നത് .

കണ്ണാടിപ്പാലങ്ങളുടെ കാര്യത്തിലും ഈ അനാസ്ഥ കാണാം. തിരുവനന്തപുരം ആക്കുളത്തെ കണ്ണാടി പാലം പണിപൂര്‍ത്തിയാക്കിയെങ്കിലും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ഒരുവര്‍ഷത്തിലേറെ വേണ്ടി വന്നു. ഏകദേശം 1.25 കോടി രൂപ മുടക്കി പണിത ഈ പാലം പണി പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ തൂണുകളുടെ സുരക്ഷയില്ലായ്മയും ഗ്ലാസിന് വിള്ളല്‍ വീണതും ഉള്‍പ്പെടെയുള്ള തകരാറുകള്‍ കണ്ടെത്തിയിരുന്നു. എന്‍.ഐ.ടി. കോഴിക്കോട് പാലം പരിശോധിക്കുകയും ഇത് പൊതുജനങ്ങള്‍ക്ക് 'ഒട്ടും സുരക്ഷിതമല്ല' എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഗ്ലാസ് പാളികള്‍ മാറ്റാനും തുരുമ്പിച്ച തൂണുകള്‍ ബലപ്പെടുത്താനും നിര്‍ദ്ദേശിച്ചു.നിര്‍മ്മാണ പരിചയമില്ലാത്ത, സി.പി.എം. ബന്ധമുള്ള വൈബ് (യൂത്ത് ബ്രിഗേഡ് ഓഫ് ഓന്റര്‍പ്രണര്‍ഷിപ്പ് കോപ്പറേറ്റീവ് സൊസൈറ്റി) എന്ന സ്ഥാപനമാണ് പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണം പരാജയപ്പെട്ടിട്ടും, ഇതേ സ്ഥാപനത്തിനുതന്നെയാണ് പാലം പുതുക്കി പണിയാനുള്ള കരാറും മെയിന്റനന്‍സും നല്‍കിയിരിക്കുന്നത്. ആക്കുളം കണ്ണാടിപ്പാലം തുറന്നുകൊടുത്തെങ്കിലും ഒരാള്‍ക്ക് 200 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് അധികമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.