- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർക്കാപ്പുറത്ത് ചവിട്ടേറ്റ പിഞ്ചു ബാലൻ എന്തു ചെയ്യണമെന്നറിയാതെ ഭയന്ന് വിറച്ചു നിന്നു; താനെന്തു ചെയ്തു എന്നുള്ള ദൈന്യത നിറഞ്ഞ നോട്ടം മനസ്സാക്ഷിയുള്ളവരുടെ കണ്ണു നനയിക്കുന്നത്; കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ ദുഃഖിതരാണെന്ന് മാതാപിതാക്കൾ; സൈബറിടങ്ങളിലും രോഷം അണപൊട്ടുന്നു; പൊലീസ് വീഴ്‌ച്ചകളുടെ ആവർത്തനമെന്ന് വിമർശനം; ആ ചവിട്ടു കൊണ്ടത് മലയാളികളുടെ മുഖത്ത്
കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരിനിന്ന നാടോടി കുട്ടിയെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ സൈബർ ലോകത്ത് രോഷം ഇരമ്പുന്നു. കേരള മനസാക്ഷിക്കേറ്റ ചവിട്ടാണ് ആ പിഞ്ചു കുഞ്ഞിന് നേർക്കുണ്ടായതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സൈബറിടത്തിൽ അടക്കം നിരവധി പ്രമുഖർ ഈ അഭിപ്രായവുമായി രംഗത്തുവന്നു. ഒന്നുമറിയാതെ നിന്ന നിഷ്‌കളങ്ക ബാലനെ ചവിട്ടിയ സംഭവം ശരിക്കും മനസ്സാക്ഷിയുള്ളവരുടെ കണ്ണു നനയിക്കുന്നതാണ്. അപ്രതീക്ഷിതമായി ചവിട്ടു കൊണ്ട ശേഷം താനെന്തു ചെയ്തു എന്ന ഭാവത്തിൽ ദൈന്യതയോടെ നോക്കുന്നതും പുറത്തുവന്ന സി സി ടിവി ദൃശ്യങ്ങളിൽ കാണാം.
അതേസമയം തങ്ങളുടെ കുട്ടിയെ ചവിട്ടിതെറിപ്പിച്ച സംഭവത്തിൽ ആകെ ഭയപ്പാടിലാണ് കുട്ടിയുടെ മാതാപിതാക്കൾ. സംഭവത്തിൽ ദുഃഖിതരാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോലും അവർക്ക് വ്യക്തമായിട്ടില്ല. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ക്രൂരമായി ചവിട്ടിയത്. നടുവിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ദുഃഖിതരാണെന്നും ഭയന്നു പോയെന്നും അച്ഛൻ മുതുലാലും അമ്മ മതറയും പ്രതികരിച്ചു. പൊലീസ് ആവശ്യമായ സഹായം നൽകിയതായും ഇവർ വ്യക്തമാക്കി.
രാജസ്ഥാൻ സ്വദേശിയായ ഗണേശ് എന്ന കുട്ടിക്കാണ് മർദനമേറ്റത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തലശ്ശേരി എഎസ്‌പി നിഥിൻ രാജിന്റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നിൽക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറിൽ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
അതേസമയം സംസ്ഥാാനത്ത് പൊലീസ് നടപടികളിൽ തുടർച്ചയായ വീഴ്ചകളുണ്ടാകുന്നെന്ന വിമർശനങ്ങൾ നിലനിൽക്കെ തലശ്ശേരിയിൽ ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിലും പൊലീസ് വലിയ വീഴ്ച വരുത്തിയതായി ആരോപണം. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ക്രൂരകൃത്യം ചെയ്ത ഇയാളെ രാത്രി പൊലീസ് വിളിച്ചുവരുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. തുടർന്ന് സംഭവത്തിന്റെ ദൃശ്യം ഇന്ന് മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ഇയാളെ കസ്റ്റഡയിലെടുക്കാനും കേസെടുക്കാനും പൊലീസ് തയ്യാറായത്.
തലശ്ശേരി മണവാട്ടി ജങ്ഷനിൽ നോ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് കുട്ടി ചാരിനിന്നത്. ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങിവന്ന ശിഹ്ഷാദ് കുട്ടിയെ കാലുയർത്തി ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റ് കുട്ടി പകച്ചുനിൽക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച സിസിടിവി വീഡിയോയിൽ കാണാം. കുട്ടിക്ക് എതിരായ ക്രൂരത കണ്ട നാട്ടുകാർ ബഹളം വെക്കുന്നതും യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ചിലർ പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
രാത്രി പതിനൊന്നു മണിയോടെ പൊലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കാർ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വീട്ടിൽ പോകാൻ അനുവദിക്കുകയും ചെയ്തു. രാവിലെ മാധ്യമങ്ങളിൽ വാർത്തയായതോടെ ബാലവകാശ കമ്മീഷനും മറ്റും ഇടപെടുകയും പൊലീസിന് നിർദേശങ്ങൾ നൽകുകയും ചെയ്തതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടോപോയത്.
അതേസമയം, പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശ്ശേരി എ.എസ്‌പി പറഞ്ഞു.'വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയും വാഹന ഉടമയെ തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തി. രാത്രി തന്നെ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. രാവിലെ ആളെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. പൊലീസ് കൃത്യമായി ഇടപെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്', തലശ്ശേരി എഎസ്‌പി പറഞ്ഞു.
ഒരു കുട്ടിക്കെതിരെ ഇത്തരമൊരു ആക്രമണം നടത്തിയിട്ടും തെളിവുകൾ ലഭിച്ചിട്ടും എന്തുകൊണ്ട് പ്രതിയെ രാത്രിതന്നെ വിട്ടയച്ചുവെന്ന ചോദ്യത്തിന് എഎസ്‌പിയുടെ മറുപടി കൗതുകകരമായിരുന്നു. 'നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് വേണ്ട എല്ലാ ക്ഷേമ പ്രവർത്തനങ്ങളും തലശ്ശേരി പൊലീസ് കൃത്യമായി ചെയ്തിട്ടുണ്ട്', എ.എസ്‌പി പറഞ്ഞു. 308,323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സൈബറിടത്തിലും വിമർശനങ്ങൾ സജീവമാണ്.
മൃദുലാദേവി എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ്:
കാറിൽ ചാരി നിന്ന രാജസ്ഥാൻ ബാലന്റെ നെഞ്ചിൽ ചവിട്ടുവാൻ ശിഹ്ഷാദിനെ പ്രേരിപ്പിച്ചത് ഒരു വിഭാഗം ജനങ്ങളോടുള്ള അറപ്പാണ്. കുഞ്ഞിന്റെ നെഞ്ചിൽ ചവിട്ടിയ വിഷയമായല്ല ആ ചവിട്ട് ആ കുഞ്ഞിന് ഏൽക്കേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നു കൂടി അന്വേഷിക്കുമ്പോഴാണ് അന്വേഷണം അർത്ഥവത്താവുകയുള്ളൂ.കുട്ടിയുടെ ലുക്ക് ആണ് ചവിട്ടിയ ആളുടെ പ്രശ്‌നം. ചില പ്രത്യേക തരം മനുഷ്യക്കുഞ്ഞുങ്ങൾക്കു മാത്രമാണ് ഇത്തരം ചവിട്ടുകൾ റിസർവ് ചെയ്യപ്പെട്ടിരിക്കുന്നത്. ആ കുഞ്ഞുങ്ങൾ പൊതുവിദ്യാഭ്യാസപ്രക്രിയയിൽ ഉണ്ടാവില്ല.
ഇന്ത്യൻ ദേശീയത പുറംതള്ളിയ ഇത്തരം മനുഷ്യരെ കേരളത്തിൽ കോളനിവാണങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ആ കുട്ടി ബലൂൺ വിറ്റു അവശ്യസാധനങ്ങൾ വാങ്ങിയ കുഞ്ഞു തുട്ടുകൾ കൂടി ചേർത്താണ് ഇന്ത്യൻ ആധുനികത കെട്ടിപ്പൊക്കിയത്. ആധുനികത ഉയർന്നു കഴിയുമ്പോൾ ചവിട്ടിപ്പുറത്താക്കേണ്ടത് ആരെയെന്ന് പൊലീസിനും അറിയാം. അതുകൊണ്ടാണ് അറസ്റ്റ് വൈകിയത്.അലഞ്ഞു തിരിഞ്ഞുനടക്കുന്ന ഒരു നാടോടിക്കുഞ്ഞിന് എന്ത് ദേശീയത അവർ ജന്മനാ ക്രിമിനലുകൾ ആണെന്നാണല്ലോ നിയമപാലകരും പഠിച്ചു വച്ചിരിക്കുന്നത്. ഇതേ കേരളത്തിൽ ആണ് മന്ത്രിപുത്രന്റെ കുഞ്ഞിന് ബേബി ഫുഡ് നൽകി സ്വാഭാവികനീതി ഉറപ്പാക്കിയത്.
സ്വന്തം അന്നത്തിനു സർക്കാർ സഹായങ്ങൾ ലഭിക്കാതെ നാടുകൾ കടന്നു വേല ചെയ്യുന്ന കുഞ്ഞിന് ഈ സ്വാഭാവിക നീതിക്ക് അർഹതയില്ലേ. പുറന്തള്ളപ്പെടേണ്ടവർ, പടിവാതുക്കൽ നിന്നും ആട്ടിപ്പായിക്കേണ്ടവർ, ചവിട്ടിപ്പുറത്താക്കപ്പെടേണ്ട കുഞ്ഞുങ്ങൾ ആയി സമൂഹം കരുതുന്നവർക്കൊക്കെ ഒരേ രാഷ്ട്രീയ വേദനകളാണുള്ളത്. അവർ സ്വന്തം രാജ്യത്തിൽ അന്യവത്കരണം അനുഭവിച്ചു ജീവിക്കേണ്ടി വരുന്നവരാണ്. ശിഹ്ഷാദ് നിങ്ങൾ ആ കുഞ്ഞിന്റെ നെഞ്ചിൽ മാത്രമല്ല ചവിട്ടിയത് ഇന്ത്യൻ മുഖ്യധാരയിൽ നിന്നുകൂടിയാണ് ആ പൗരനെ ചവിട്ടിയകറ്റിയത്.
കുട്ടിക്ക് സ്വാഭാവികനീതി ഉറപ്പാക്കുക.
മറുനാടന്‍ മലയാളി ബ്യൂറോ