കോട്ടയം: എന്നും പതിവായി പാലത്തിലൂടെ നടന്നിരുന്ന ആറു വയസുകാരി. കണ്ണിൽ കരട് പോയതോടെ ശ്രദ്ധമാറി നിലംപതിച്ചത് 15 അടി താഴ്‌ച്ചയിലുള്ള ആറ്റിലേയ്ക്ക്. കൂറ്റൻ പാറകക്ഷണങ്ങൾക്ക് നടുവിൽ ഇത്തിരി വെള്ളം കുഞ്ഞിന്റെ ജീവന് രക്ഷയായി മാറി. ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കോട്ടയം ജില്ലയിൽ എരുമേലിക്ക് സമീപം ഓരുങ്കൽ കടവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഓരുങ്കൽ കടവിൽ പെട്ടിക്കട നടത്തുന്ന നൗഷാദ് -ഫസീല ദമ്പതികളുടെ മകൾ ആറു വയസുകാരി ഷഹാന അമ്മയ്ക്കൊപ്പം വീട്ടിൽ നിന്നും കടയിലേയ്ക്ക് നടന്നു വരികയായിരുന്നു.

പാലത്തിലൂടെ അമ്മയുടെ കൈ പിടിച്ച് നടന്നു വരുന്നതിനിടയിൽ കണ്ണിൽ കരട് പോയതോടെ കുട്ടി കണ്ണ് തിരുമ്മി നടന്നു. ഇവിടെ കൈവരികൾ ഇല്ലാത്തതിനാൽ ദിശ മാറിയത് അറിയാതെ കുട്ടി പാലത്തിൽ നിന്നും താഴെ വീഴുകയായിരുന്നു. കുട്ടിയുടെ കഴുത്തറ്റം വെള്ളമുണ്ടായിരുന്നു. മാതാവ് അൽപ്പ സമയത്തേയ്ക്ക് തരിച്ചു നിന്നു. കുട്ടി സ്ഥിരം കുളിക്കാനിറങ്ങുന്ന മണിമലയാർ അവൾക്ക് സുപരിചിതമായിരുന്നതിനാൽ കഴുത്തറ്റം വെള്ളത്തിലും മുങ്ങി താഴാതെ അവൾ കരയ്ക്ക് കയറി. പിന്നീട് മാതാവിന്റെ അമ്മയും സമീപത്തുണ്ടായിരുന്നവരും താഴെ ഓടിയെത്തി കുട്ടിയെ വാരിപുണർന്നു.

ദൈവത്തിന്റെ അദൃശ്യ കരങ്ങൾ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയും മാതാപിതാക്കളും ഇപ്പോഴും സംഭവത്തിന്റെ നടുക്കത്തിൽ നിന്നും മോചിതരായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ശക്തമായ വെള്ളപ്പാച്ചിലിനെ തുടർന്ന് മണിമലയാറിന് കുറുകെയുള്ള ഓരുങ്കൽ കോസ്വേയുടെ കൈവരികൾ ചിലത് നശിക്കുന്നത്. ബാക്കി വന്നവ കരാറുകാരൻ ഊരിമാറ്റി റബർ തോട്ടത്തിൽ വച്ചിരിക്കുകയാണ്. അന്ന് പൊലീസ് സ്ഥാപിച്ച സുരക്ഷ റിബണുകൾ നശിച്ചു പോയി. ഒന്നര മാസം പിന്നിട്ടിട്ടും കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനു ശേഷം ഉദ്യോഗസ്ഥരോ കരാറുകാരനോ സ്ഥലത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഇത്തരത്തിലൊരു അപകടം ഉണ്ടാകാൻ കാരണമായത്. വർഷം തോറും ശബരിമല തീർത്ഥാടനത്തിന്റെ പേരിൽ എരുമേലി ഓരുങ്കൽ കടവിലെത്തുന്ന തീർത്ഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷയ്ക്കായി സംവിധാനങ്ങൾ ഒരുക്കാറുണ്ട്. എന്നാൽ ഇവ പിന്നീട് നാട്ടുകാർക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആക്ഷേപമുയരുന്നു.

പ്രളയം ഉണ്ടായാൽ കൈവരികൾ നഷ്ടപ്പെടാതെയിരിക്കാനാണ് ഊരി മാറ്റിയത്. ഇത് അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പ്രളയത്തിൽ നശിച്ച കലുങ്കുകൾ ഇപ്പോഴും അപകടഭീഷണി ഉയർത്തി നിൽക്കുകയാണ്. പാലത്തിലൂടെ വാഹനങ്ങളും അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. ഉടൻ തന്നെ കൈവരികൾ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രളയത്തിൽ സംരക്ഷണഭിത്തികളും സ്റ്റെപ്പുകളും തകർന്ന് വ്യാപകമായി കല്ലുകൾ നിറഞ്ഞു കിടക്കുന്നു. നാട്ടുകാർക്ക് കുളിക്കാൻ പോലും ഇറങ്ങാൻ കഴിയാത്ത അവസഥയിലായി. ഇതും അപകടം ക്ഷണിച്ചു വരുത്തും. ഇത്തവണയുണ്ടായ അപകടത്തിൽ ഭാഗ്യം തുണച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് മാതാപിതാക്കളും നാട്ടുകാരും.